16.7 കി.മീറ്റർ റോഡ് അറ്റകുറ്റപ്പണികൾ പൂർത്തിയാക്കി ആർ.ടി.എ; സുരക്ഷയും സുസ്ഥിരതയും ലക്ഷ്യം
text_fieldsദുബൈ: ഈ വർഷം ആദ്യ ആറുമാസത്തിൽ 16.7 കി.മീറ്റർ റോഡ് അറ്റകുറ്റപ്പണികൾ പൂർത്തിയാക്കി റോഡ് ഗതാഗത അതോറിറ്റി (ആർ.ടി.എ).
റോഡുകളുടെ ഗുണനിലവാരം നിലനിർത്തുന്നതിനും യാത്ര സുഖകരമാക്കുന്നതിനും സുരക്ഷ ഉറപ്പാക്കുന്നതും ലക്ഷ്യമിട്ടാണ് അറ്റകുറ്റപ്പണികൾ പൂർത്തിയാക്കിയത്. ഇതുവഴി എമിറേറ്റിലെ മുഴുവൻ മേഖലകളിലും വളരെ എളുപ്പത്തിൽ യാത്ര സൗകര്യം ഒരുക്കാൻ സാധിച്ചതായും തടസ്സമില്ലാത്തതും സുസ്ഥിരവുമായ സഞ്ചാരസൗകര്യമെന്ന ലക്ഷ്യം കൈവരിക്കാനും കഴിഞ്ഞതായി പ്രസ്താവനയിൽ പറഞ്ഞു.
നഗരത്തിലെ പ്രധാനപ്പെട്ട റോഡുകളിലെ 28 ഇടങ്ങളിൽ കേടുപാടുകൾ സംഭവിക്കുന്നത് പ്രതിരോധിക്കുന്ന ലക്ഷ്യത്തോടെയാണ് അറ്റകുറ്റപ്പണി നടത്തിയത്. ശൈഖ് സായിദ് റോഡ്, അൽ റിബാത്ത് സ്ട്രീറ്റ്, ശൈഖ് സായിദ് ബിൻ ഹംദാൻ സ്ട്രീറ്റ്, അൽ ഖൈൽ റോഡ്, അൽ റശീദ് സ്ട്രീറ്റ് എന്നിവിടങ്ങളിൽ പ്രവൃത്തികൾ പൂർത്തിയായിട്ടുണ്ട്. ഹൈവേകളും ചെറുകിട റോഡുകളും ഉൾറോഡുകളും പ്രത്യേകമായി വർഗീകരിച്ചാണ് പ്രവൃത്തികൾ നടത്തിയത്.
റോഡുകളുടെ തറനിരപ്പിലെ പാളികൾ ശരിയാക്കുക, സ്വാഭാവിക ഉപയോഗം മൂലമുണ്ടാകുന്ന കേടുപാടുകൾ പരിഹരിക്കുക എന്നിവയാണ് പൂർത്തിയാക്കിയതെന്നും ആധുനിക ഉപകരണങ്ങളുടെ ഉപയോഗത്തിലൂടെ റോഡുകളുടെ ആയുസ്സും പ്രവർത്തനക്ഷമതയും മെച്ചപ്പെടുത്താൻ സാധിച്ചതായും ആർ.ടി.എ റോഡ് അറ്റകുറ്റപ്പണി വകുപ്പ് ഡയറക്ടർ നബീൽ മുഹമ്മദ് സാലിഹ് പറഞ്ഞു. പ്രവൃത്തികൾ നടക്കുമ്പോൾ ഗതാഗതത്തിന് ബദൽ സംവിധാനം ഒരുക്കുകയും സുരക്ഷ ഉറപ്പുവരുത്തുകയും ചെയ്തതായും അദ്ദേഹം കൂട്ടിച്ചേർത്തു.