ആർ.ടി.എ 637 പരിസ്ഥിതി സൗഹൃദ ബസുകൾ വാങ്ങുന്നു
text_fieldsഗ്ലോബൽ പബ്ലിക് ട്രാൻസ്പോർട്ട് സമ്മിറ്റിൽ പങ്കെടുക്കുന്ന ആർ.ടി.എ സംഘം
ദുബൈ: എമിറേറ്റിലെ പരിസ്ഥിതി സൗഹൃദ പൊതു ഗതാഗത രംഗത്ത് വലിയ മുന്നേറ്റത്തിന് സഹായിക്കുന്ന കരാറിൽ ഒപ്പുവെച്ച് ദുബൈ റോഡ് ഗതാഗത അതോറിറ്റി(ആർ.ടി.എ). 637 പരിസ്ഥിതി സൗഹൃദ ബസുകൾ വാങ്ങുന്നതിന് 110 കോടി ദിർഹമിന്റെ കരാറിലാണ് ഒപ്പുവെച്ചത്. നഗരത്തിലെ പൊതുഗതാഗത സംവിധാനം ആധുനികവത്കരിക്കുന്നതിനും വിപുലീകരിക്കുന്നതിനും സഹായിക്കുന്നതാണ് പദ്ധതി. ബസുകൾ ‘യൂറോ 6’ മാനദണ്ഡം പാലിക്കുന്നതാണ്. കാർബൺ പുറന്തള്ളലുമായി ബന്ധപ്പെട്ട യൂറോപ്യൻ മാനദണ്ഡമാണിത്. കരാറിൽ 40 ഇലക്ട്രിക് ബസുകളും ഉൾപ്പെടും. ഈവർഷവും അടുത്ത വർഷവുമാണ് ബസുകൾ ആർ.ടി.എക്ക് ലഭിക്കുക.
2026ലെ ഗ്ലോബൽ പബ്ലിക് ട്രാൻസ്പോർട്ട് സമ്മിറ്റിന് ആതിഥ്യമരുളാനുള്ള ഔദ്യോഗിക പതാക ആർ.ടി.എ സ്വീകരിച്ചതായും പത്രക്കുറിപ്പിൽ അറിയിച്ചു. ജർമനിയിൽ നടക്കുന്ന സമ്മിറ്റിന്റെ ഈ വർഷത്തെ എഡിഷനിലാണ് പതാക സ്വീകരിച്ചത്. ഇന്റർനാഷനൽ അസോസിയേഷൻ ഓഫ് പബ്ലിക് ട്രാൻസ്പോർട്ട് സംഘടിപ്പിക്കുന്ന സമ്മിറ്റ് രണ്ടാം തവണയാണ് നഗരത്തിലെത്തുന്നത്. 2011ലാണ് മുമ്പ് സമ്മിറ്റ് ദുബൈയിൽ സംഘടിപ്പിച്ചത്. 637 പരിസ്ഥിതി സൗഹൃദ ബസുകൾ വാങ്ങുന്നത് സംബന്ധിച്ച പ്രഖ്യാപനവും ജർമനിയിലെ സമ്മിറ്റ് വേദിയിലാണ് നടന്നത്. ആർ.ടി.എ ഡയറക്ടർ ബോർഡ് ചെയർമാനും ഡയറക്ടർ ജനറലുമായ മതാർ അൽ തായറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് സമ്മിറ്റിൽ പങ്കെടുത്തത്. നൂറിലേറെ രാജ്യങ്ങളിൽ നിന്നായി 1,900 പേരാണ് ഉച്ചകോടിയിൽ പങ്കെടുത്തത്.
ഗതാഗത മേഖലയിലെ ഏറ്റവും പുതിയ ആശയങ്ങളും വികസന പദ്ധതികളും പങ്കുവെച്ച് 300ലേറെ പ്രഭാഷകർ പങ്കെടുത്ത 80 സംവാദങ്ങൾ പരിപാടിയിൽ അരങ്ങേറി.
പ്രധാന അന്താരാഷ്ട്ര പരിപാടികൾ സംഘടിപ്പിക്കുന്നതിൽ ദുബൈയുടെ ആഗോള സ്ഥാനമാണ് സമ്മിറ്റിന് ആതിഥ്യമരുളാനുള്ള തിരഞ്ഞെടുപ്പ് സ്ഥിരീകരിക്കുന്നതെന്നും നഗരത്തിന്റെ വിപുലമായ പൊതുഗതാഗത, ബഹുജന ഗതാഗത സംവിധാനങ്ങളുടെ കാര്യക്ഷമത എടുത്തുകാണിക്കുന്നുവെന്നും അൽ തായർ പറഞ്ഞു. ദുബൈയിലെ പൊതുഗതാഗത യാത്രകൾ 2006ൽ വെറും ആറ് ശതമാനം ആയിരുന്നത് 2024ൽ 21.6 ശതമാനമായി വർധിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

