വെയിലേറ്റു വാടല്ലേ... ഡെലിവറി ജീവനക്കാർക്കായി ബസ്, മെട്രോ സ്റ്റേഷനുകളിൽ 23 താൽക്കാലിക വിശ്രമകേന്ദ്രങ്ങൾ അനുവദിച്ച് ആർ.ടി.എ
text_fieldsഡെലിവറി മോട്ടോർസൈക്കിൾ റൈഡർമാർക്കായി ആർ.ടി.എ ഒരുക്കിയ താൽക്കാലിക വിശ്രമകേന്ദ്രങ്ങളിലൊന്ന്
ദുബൈ: ഡെലിവറി മോട്ടോർസൈക്കിൾ റൈഡർമാർക്കായി ദുബൈയിലെ പ്രമുഖ ബസ്, മെട്രോ സ്റ്റേഷനുകളിലായി 23 താൽക്കാലിക വിശ്രമകേന്ദ്രങ്ങൾ അനുവദിച്ച് ദുബൈ റോഡ്സ് ആൻഡ് ട്രാൻസ്പോർട് അതോറിറ്റി (ആർ.ടി.എ). 2025നെ അപേക്ഷിച്ച് വിശ്രമകേന്ദ്രങ്ങളുടെ എണ്ണത്തിൽ 53 ശതമാനം വർധനവാണ് ഇത്തവണയുള്ളത്.
വേനൽക്കാലത്തെ കടുത്ത ചൂടിൽനിന്ന് തൊഴിലാളികൾക്ക് സംരക്ഷണം നൽകുന്ന ഉച്ചവിശ്രമ പദ്ധതിക്ക് പിന്തുണ പ്രഖ്യാപിച്ചാണ് ആർ.ടി.എയുടെ നടപടി. മാനവവിഭവശേഷി സ്വദേശിവൽക്കരണ മന്ത്രാലയത്തിന്‍റെ നിർദേശപ്രകാരം ജൂൺ 15 മുതൽ സെപ്റ്റംബർ 15 വരെയുള്ള കാലയളവിൽ ഉച്ചയ്ക്ക് 12.30 മുതൽ വൈകുന്നേരം 3.00 മണി വരെ നേരിട്ട് സൂര്യപ്രകാശമേൽക്കുന്ന തുറസ്സായ സ്ഥലങ്ങളിലെ ജോലി നിരോധിച്ചിട്ടുണ്ട്.
വിവിധ പങ്കാളികളുമായും ബന്ധപ്പെട്ട സ്ഥാപനങ്ങളുമായും സഹകരിച്ചാണ് ആർ.ടി.എ ഈ വിശ്രമകേന്ദ്രങ്ങൾ ഒരുക്കിയത്. എമിറേറ്റിലെ ഡെലിവറി മേഖലയിലുണ്ടായ വളർച്ച കണക്കിലെടുത്ത് കഴിഞ്ഞ വർഷത്തെ 15 കേന്ദ്രങ്ങളിൽനിന്ന് ഇത്തവണ എട്ട് പുതിയ സ്ഥലങ്ങൾ കൂടി ഉൾപ്പെടുത്തിയാണ് 23 ആക്കിയത്. റോഡ് സുരക്ഷ വർധിപ്പിക്കുക, അപകടസാധ്യത കുറക്കുക, പുതിയ ഓർഡറുകൾക്കായി കാത്തിരിക്കുന്ന റൈഡർമാരുടെ ശാരീരികക്ഷമതയും ജീവിതനിലവാരവും മെച്ചപ്പെടുത്തുക, അവരിൽ സന്തോഷം വളർത്തുക, ഒപ്പം ട്രാഫിക് നിയമങ്ങൾ പാലിക്കാൻ അവരെ പ്രോത്സാഹിപ്പിക്കുക എന്നിവയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.ഡെലിവറി ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കുന്ന സംരംഭങ്ങളിൽ പങ്കാളിയാകുന്നതിലൂടെ, ജീവിക്കാനും ജോലി ചെയ്യാനും ലോകത്തിലെ ഏറ്റവും മികച്ച നഗരമെന്ന ദുബൈയുടെ പദവിയെ പിന്തുണക്കുകയാണ് ആർ.ടി.എ ചെയ്യുന്നതെന്ന് അധികൃതർ ചൂണ്ടിക്കാട്ടുന്നു.
ഗോൾഡ് സൂഖ് ബസ് സ്റ്റേഷൻ, അൽ സത്വ ബസ് സ്റ്റേഷൻ, അൽ ജാഫിലിയ ബസ് സ്റ്റേഷൻ, അൽ ഖിസൈസ് ബസ് സ്റ്റേഷൻ, അൽ കരാമ ബസ് സ്റ്റേഷൻ, സെന്‍റർപോയന്‍റ് മെട്രോ സ്റ്റേഷൻ, അൽ ഫുർജാൻ മെട്രോ സ്റ്റേഷൻ, ഡി.എം.സി.സി മെട്രോ സ്റ്റേഷൻ, ബുർജുമാൻ മെട്രോ സ്റ്റേഷൻ, ഇബ്ൻ ബത്തൂത്ത മെട്രോ സ്റ്റേഷൻ, ഇ ആൻഡ് മെട്രോ സ്റ്റേഷൻ എന്നിവയുൾപ്പെടെ ദുബൈയിലെ പ്രധാന സ്ഥലങ്ങളിലാണ് വിശ്രമകേന്ദ്രങ്ങൾ.
റൈഡർമാർക്ക് പരമാവധി പ്രയോജനപ്പെടുന്ന രീതിയിലുള്ള സൗകര്യങ്ങൾ കേന്ദ്രങ്ങളിൽ ഒരുക്കിയിട്ടുണ്ട്. കൂടാതെ, ഡെലിവറി റൈഡർമാരുടെ ദൈനംദിന കഠിനാധ്വാനത്തോടുള്ള ആദരസൂചകമായി, യു.എ.ഇ ഫുഡ് ബാങ്ക് ‘ഡെലിവറൂ’മായി സഹകരിച്ച് ഈ താൽക്കാലിക വിശ്രമകേന്ദ്രങ്ങളിൽ ചൂടുള്ള ആഹാരവും വിതരണം ചെയ്യും. എമിറേറ്റിലെ സാമ്പത്തിക വളർച്ചക്ക് വലിയ പിന്തുണ നൽകുന്ന ദുബൈയിലെ ഡെലിവറി കമ്പനികളുടെ എണ്ണം കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 18 ശതമാനം വർധിച്ച് 2,948ൽ എത്തിയിരിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

