തെരുവു നായ്ക്കളുടെ അഭയകേന്ദ്രത്തിന് സഹായവുമായി രാജകുടുംബാംഗം
text_fieldsകേന്ദ്രം സമൂഹ മാധ്യമങ്ങളിലൂടെ സഹായമഭ്യർഥിക്കുകയായിരുന്നു
ഉമ്മുൽഖുവൈൻ: അടച്ചുപൂട്ടലിന്‍റെ വക്കിലെത്തിയ തെരുവുനായ്ക്കളുടെ അഭയകേന്ദ്രത്തിന് സഹായവുമായി യു.എ.ഇയിലെ രാജകുടുംബാംഗം. ഉമ്മുൽഖുവൈനിലെ പ്രശസ്തമായ സ്ട്രേ ഡോഗ് സെന്‍ററിനാണ് സഹായം ലഭിച്ചത്. ഒരു വർഷത്തിനകം കേന്ദ്രം ഒഴിപ്പിക്കണമെന്ന് നോട്ടീസ് ലഭിച്ചതായി അറിയിച്ചുകൊണ്ട് അടുത്തിടെ സംഘാടകർ ഇൻസ്റ്റഗ്രാമിൽ പോസ്റ്റിട്ടിരുന്നു. വളരെ പെട്ടെന്ന് ആയിരക്കണക്കിനുപേർ പങ്കുവെച്ച പോസ്റ്റ് പലരും ഭരണാധികാരികളെയും മറ്റും ടാഗ് ചെയ്തിരുന്നു. ഇത് ശ്രദ്ധയിൽപെട്ടാണ് രാജകുടുംബാംഗത്തിന്‍റെ ഇടപെടലുണ്ടായത്.
കേന്ദ്രം അടച്ചാൽ 872 ഷെൽട്ടർ നായ്ക്കളും നാല് കഴുതകളും 15 പൂച്ചകളും ഭവനരഹിതരാകുമെന്നായിരുന്നു കേന്ദ്രത്തിന്‍റെ പോസ്റ്റിൽ പറഞ്ഞിരുന്നത്. 24 മണിക്കൂറിനകം രാജകുടുംബാംഗത്തിന്റെ ഇടപെടലുണ്ടായതോടെ മറ്റൊരു പോസ്റ്റ് ഇവർ പങ്കുവെക്കുകയായിരുന്നു. മുനിസിപ്പാലിറ്റിയും അഭയകേന്ദ്രവും ധാരണയിലെത്തുകയും കുടിയൊഴിപ്പിക്കൽ നിർത്തിവെക്കുകയും ചെയ്തിട്ടുണ്ടെന്ന് ഈ പോസ്റ്റിൽ പറഞ്ഞു. കേന്ദ്രം സമൂഹത്തിൽ ചെയ്യുന്ന പ്രവർത്തനങ്ങൾ തിരിച്ചറിഞ്ഞതിനും അംഗീകരിച്ചതിനും മുനിസിപ്പാലിറ്റിക്കും രാജകുടുംബത്തിനും സംഘാടകർ നന്ദിയറിയിക്കുകയും ചെയ്തു.
2013ലാണ് അമീറ വില്യം എന്ന സ്ത്രീ കേന്ദ്രം ആരംഭിച്ചത്. ആദ്യഘട്ടത്തിൽ തെരുവിൽനിന്ന് കണ്ടെടുക്കപ്പെടുകയും ഉപേക്ഷിക്കപ്പെടുകയും ചെയ്യുന്ന നായ്ക്കൾക്കാണ് ഇവിടെ അഭയം നൽകിയത്. 150ലേറെ നായ്ക്കൾ ആയതോടെ 2014ൽ കേന്ദ്രം ഉമ്മുൽഖുവൈൻ ഭരണാധികാരി അനുവദിച്ച മറ്റൊരു സ്ഥലത്തേക്ക് മാറ്റിസ്ഥാപിച്ചിരുന്നു. ഇവിടെയും പരിധിയും കടന്ന് നായ്ക്കൾ എത്തിത്തുടങ്ങിയതോടെ വലിയ പ്രതിസന്ധിയിലായി. ഈ സമയങ്ങളിലെല്ലാം അഭ്യുദയകാംക്ഷികളുടെയും മറ്റും സഹായത്തിൽ ഷെൽട്ടറുകൾ സ്ഥാപിച്ചാണ് ഇത് പിടിച്ചുനിന്നത്. യു.എ.ഇയിലെ ഏറ്റവും വലിയ സ്വകാര്യ ഡോഗ് റെസ്ക്യൂ ഷെൽട്ടറാണിത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

