എയർപോർട്ട് ഫീസ് വർധന പിൻവലിക്കുക -ഓർമ
text_fieldsദുബൈ: ഗൾഫ് രാജ്യങ്ങളിലെ സ്കൂൾ അവധി കണക്കാക്കി നാട്ടിൽ പോകുന്ന പ്രവാസികളെ അങ്ങേയറ്റം ദ്രോഹിക്കുന്ന തരത്തിലാണ് വിമാനക്കമ്പനികൾ കൊള്ളയടിക്കുന്നത്. അമിത വിമാനക്കൂലി നൽകിയാൽ മാത്രമെ നാട്ടിലെത്തി ഉടയവരെയും ബന്ധുക്കളെയും കാണാൻ സാധിക്കൂ എന്ന സ്ഥിതിയാണ്. കൂനിന്മേൽ കുരു പോലെ അദാനിയുടെ ഉടമസ്ഥതയിലുള്ള തിരുവനന്തപുരം വിമാനത്താവളത്തിൽ യൂസേഴ്സ് ഫീ കുത്തനെ കൂട്ടിയത്. ഇത് വീണ്ടും വിമാനക്കൂലി വർധിക്കാൻ ഇടയാക്കും. തിരുവനന്തപുരം വിമാനത്താവളം ഏറ്റെടുക്കാൻ കേരള സർക്കാർ തയാറായിട്ട് കൂടി അതിന് നിൽക്കാതെ സ്വകാര്യ ലോബിക്ക് കൈമാറിയതിന്റെ അനന്തരഫലമാണ് ഇപ്പോൾ ജനങ്ങൾ അനുഭവിക്കേണ്ടി വരുന്നത്. പ്രവാസികളെ ദ്രോഹിക്കുന്ന ഈ നടപടി പിൻവലിക്കണമെന്നും ഫീസ് വർധന പിൻവലിക്കണമെന്നും ഓർമ പ്രസിഡന്റ് ഷിജു ബഷീർ ജനറൽ സെക്രട്ടറി പ്രദീപ് തോപ്പിൽ എന്നിവർ പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
സർക്കാറിന്റെ തലതിരിഞ്ഞ നയം തിരുത്തണം -ഇൻകാസ്
ദുബൈ: പൊതുമേഖലാ സ്ഥാപനങ്ങളെല്ലാം വിറ്റ് തുലക്കുന്ന മോദി സർക്കാറിന്റെ തലതിരിഞ്ഞ നയത്തിന്റെ വലിയ ഇരകളാവുകയാണ് പ്രവാസികളെന്ന് ഇൻകാസ് യു.എ.ഇ ജനറൽ സെക്രട്ടറി മുഹമ്മദ് ജാബിർ പറഞ്ഞു. ഭീമമായ വിമാനനിരക്കുകളും അതുപോലെതന്നെ ഇപ്പോൾ യൂസേഴ്സ് ഫീയും പ്രവാസികളുടെ തലയിൽ ഇടിത്തീ ഏൽപിച്ചിരിക്കുകയാണ്. നാഷനൽ കാരിയർ പോലും ഇല്ലാത്ത ഇന്ത്യ മഹാരാജ്യത്തിൽ ഇതും ഇതിലപ്പുറവും ഇനിയും പ്രതീക്ഷിക്കാം. ഇന്ത്യൻ സമ്പദ്ഘടന താങ്ങിനിർത്തുന്ന പ്രവാസികളെ കൂടുതൽ ദുരിതത്തിലാഴ്ത്താതെ ഈ തീരുമാനം എത്രയും പെട്ടെന്ന് പിൻവലിച്ച് പ്രവാസികളുടെ ദുഃഖത്തിന് അറുതി വരുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

