ശ്വാസകോശ അർബുദം തുടക്കത്തിൽ തന്നെ തിരിച്ചറിയാൻ അത്യാധുനിക റോബോട്ടിക് സാങ്കേതികവിദ്യയുമായി അബൂദബി
text_fieldsഅബൂദബി: ശ്വാസകോശ അര്‍ബുദം തുടക്കത്തിലും വളരെ വേഗത്തിലും കൃത്യതയോടെയും തിരിച്ചറിയാന്‍ സഹായിക്കുന്ന അത്യാധുനിക റോബോട്ടിക് സാങ്കേതികവിദ്യ അബൂദബിയില്‍ അവതരിപ്പിച്ചു. അബൂദബി ആരോഗ്യവകുപ്പിന്റെ (ഡി.ഒ.എച്ച്) സഹകരണത്തോടെ ‘ക്ലീവ്ലാന്റ് ക്ലിനിക് അബൂദബി’യിലാണ് ‘മോണാര്‍ക്’ എന്ന് പേരിട്ടിരിക്കുന്ന റോബോട്ട് അസിസ്റ്റഡ് ബ്രോങ്കോസ്‌കോപ്പി സംവിധാനം പ്രവര്‍ത്തനസജ്ജമാക്കിയത്.
മിഡില്‍ ഈസ്റ്റില്‍ ആദ്യമായാണ് ശസ്ത്രക്രിയ കൂടാതെ രോഗനിര്‍ണയം സാധ്യമാക്കുന്ന ഈ ഉയര്‍ന്ന സാങ്കേതികവിദ്യ ലഭ്യമാക്കുന്നത്. പരമ്പരാഗതമായി ചെയ്യുന്ന വലിയ ശസ്ത്രക്രിയകള്‍ ഒഴിവാക്കി, 30 മുതല്‍ 75 മിനിറ്റുവരെയുള്ള ചുരുങ്ങിയ സമയത്തിനുള്ളില്‍ ജനറല്‍ അനസ്‌തെഷ്യ നല്‍കിയാണ് പരിശോധന പൂര്‍ത്തിയാക്കുന്നത്. ശ്വാസകോശത്തിന്റെ ഉള്‍ഭാഗങ്ങളില്‍ സാധാരണ പരിശോധനകളില്‍ കണ്ടെത്താനാവാത്ത വിദൂരവും സൂക്ഷ്മവുമായ കോശഭാഗങ്ങളില്‍ പോലും ഈ ഫ്‌ളെക്‌സിബിള്‍ എന്‍ഡോസ്‌കോപ്പ് ഉപകരണം വഴി രോഗ നിര്‍ണയം നടത്താനാവും.
രോഗിയുടെ സി.ടി സ്‌കാന്‍ വിവരങ്ങള്‍ ഉപയോഗിച്ച് ശ്വാസകോശത്തിന്റെ കൃത്യമായ 3ഡി മാപ്പ് തയാറാക്കുകയും സാങ്കേതികവിദ്യയുടെ സഹായത്തോടെ ഡോക്ടര്‍മാര്‍ക്ക് കൃത്യമായ ഭാഗത്തുനിന്ന് ബയോപ്‌സി സാമ്പിളുകള്‍ എടുക്കാന്‍ വഴിയൊരുക്കുകയും ഇത് ചെയ്യുന്നു. ശ്വാസകോശ അര്‍ബുദം ഒന്നാം ഘട്ടത്തില്‍ തന്നെ കണ്ടെത്തിയാല്‍ അഞ്ചുവര്‍ഷത്തിലധികം ജീവന്‍ നിലനിര്‍ത്താനുള്ള സാധ്യത 70 ശതമാനത്തിലേറെയാണെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. അര്‍ബുദത്തിന് പുറമെ ശ്വാസകോശത്തിലേക്കു പടരുന്ന മറ്റ് അര്‍ബുദങ്ങള്‍, ക്ഷയം തുടങ്ങിയ രോഗബാധകള്‍, വീക്കം മൂലം ഉണ്ടാകുന്ന പ്രയാസങ്ങള്‍ എന്നിവ നിര്‍ണയിക്കാനും ഈ സാങ്കേതികവിദ്യ സഹായകരമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

