അബൂദബിയിൽ റോബോടാക്സി കൂടുതൽ സ്ഥലങ്ങളിലേക്ക്
text_fieldsഅബൂദബി: റോബോടാക്സി സേവനങ്ങള്‍ അബൂദബി എമിറേറ്റിലെ കൂടുതല്‍ ഇടങ്ങളിലേക്ക് വ്യാപിപ്പിക്കുമെന്ന് സംയോജിത ഗതാഗത കേന്ദ്രം(ഐ.ടി.സി). ഖലീഫ സിറ്റി, മസ്ദര്‍ സിറ്റി, റബ്ദാന്‍ എന്നിവ അടക്കമുള്ള കൂടുതൽ ജനസാന്ദ്രതയുള്ള പ്രദേശങ്ങളിലേക്കാണ് റോബോടാക്സി സേവനം നീട്ടുന്നത്.
അബൂദബി കോര്‍ണിഷ്, ശൈഖ് സായിദ് ഗ്രാന്‍ഡ് മോസ്ക് എന്നിവിടങ്ങളെ ബന്ധിപ്പിച്ചായിരിക്കും റോബോടാക്സി റൂട്ട്. തവസ്സുല്‍ ട്രാന്‍സ്പോര്‍ട്ടുമായി സഹകരിച്ച് വീ റൈഡും യൂബറുമാണ് റോബോ ടാക്സി സേവനങ്ങള്‍ക്ക് അബൂദബിയില്‍ ചുക്കാന്‍ പിടിക്കുന്നത്. 2021ല്‍ യാസ്, സഅദിത്ത്, മറിയ ദ്വീപുകള്‍, സായിദ് അന്താരാഷ്ട്ര വിമാനത്താവളം എന്നിവിടങ്ങളില്‍ ആരംഭിച്ച സേവനം വന്‍ വിജയമായതോടെയാണ് അബൂദബിയിലെ മറ്റു കേന്ദ്രങ്ങളിലേക്കുകൂടി വ്യാപിപ്പിക്കുന്നത്. റോബോടാക്സി സേവനത്തിനു തുടക്കംകുറിച്ചതു മുതല്‍ വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. 2025ല്‍ റോബോടാക്സി ട്രിപ്പുകളുടെ എണ്ണത്തില്‍ 150 ശതമാനം വരെ വര്‍ധന രേഖപ്പെടുത്തിയതായി അധികൃതര്‍ അറിയിച്ചു. റോബോടാക്സികള്‍ 99.9 ശതമാനം സുരക്ഷിതത്വവും ഇക്കാലയളവില്‍ കാഴ്ചവെച്ചു.
വാഹനങ്ങളില്‍ ഉപയോഗിക്കുന്ന സാങ്കേതിക വിദ്യകളില്‍ ഉപയോക്താക്കളുടെ ആത്മവിശ്വാസം വര്‍ധിച്ചതും ഇക്കാലയളവില്‍ പ്രകടമായി. അതേസമയം, റോബോടാക്സി സേവനം കൂടുതല്‍ മേഖലകളിലേക്ക് വ്യാപിപ്പിക്കുന്നത് സന്ദര്‍ശകര്‍ക്കും താമസക്കാര്‍ക്കും മികച്ച യാത്രാനുഭവം സമ്മാനിക്കാന്‍ സഹായിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. സുരക്ഷിതവും കാര്യക്ഷമവുമായ നൂതനമായ ഗതാഗത സംവിധാനങ്ങൾ ഒരുക്കുക, കാർബൺ പുറന്തള്ളൽ കുറക്കുക, ജനങ്ങളുടെ ജീവിത നിലവാരം ഉയർത്തുക എന്നിവയാണ് പദ്ധതിയിലൂടെ ലക്ഷ്യംവെക്കുന്നത്. വർധിച്ച ആവശ്യകത കണക്കിലെടുത്ത് സ്വയംനിയന്ത്രിത വാഹനങ്ങളുടെ എണ്ണം അടുത്ത ഘട്ടത്തിൽ കൂട്ടുമെന്നും ഐ.ടി.സി വ്യക്തമാക്കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

