ശൈഖ് മുഹമ്മദിന്‍റെ മജ്ലിസിൽ കൗതുകക്കാഴ്ചയായി റോബോട്ട്
text_fieldsയൂനിയൻ ഹൗസിലെ അൽ മുദൈഫ് മജ്ലിസിലെത്തിയ റോബോട്ടിനെ വീക്ഷിക്കുന്ന ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം
ദുബൈ: യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമിന്റെ പ്രമുഖരുമായുള്ള കൂടിക്കാഴ്ചക്കിടെ കൗതുക സാന്നിധ്യമായി റോബോട്ട്. യൂനിയൻ ഹൗസിലെ അൽ മുദൈഫ് മജ്ലിസിൽ പ്രമുഖർ പങ്കെടുത്ത സദസ്സിലാണ് റോബോട്ട് എത്തിയത്. ഭാവിയിൽ വരാനിരിക്കുന്ന അതിനൂതനമായ സാങ്കേതികവിദ്യയുടെ ഭാഗമായ റോബോട്ട് സദസ്സിലേക്ക് കടന്നുവരികയും ശൈഖ് മുഹമ്മദിനെയും മറ്റുള്ളവരെയും അഭിവാദ്യം ചെയ്യുകയും ചെയ്തു. റോബോട്ടിന്റെ വീഡിയോ ദൃശ്യങ്ങൾ ദുബൈ മീഡിയ ഓഫീസ് പുറത്തുവിട്ടിട്ടുണ്ട്.
യു.എ.ഇ പ്രസിഡന്‍റിന്‍റെ നയതന്ത്ര ഉപദേഷ്ടാവ് ഡോ. അൻവർ ഗർഗാഷ്, മന്ത്രിമാർ, ബിസിനസ് പ്രമുഖൾ അടക്കമുള്ളവർ മജ്ലിസിൽ പങ്കെടുത്തു. മനുഷ്യനെ പോലെ നടന്നുകൊണ്ട് സദസ്സിലെത്തിയ റോബോട്ട് കൈയുയർത്തിയാണ് അഭിവാദ്യം ചെയ്തത്. തുടർന്ന് വേഗതയിൽ ശൈഖ് മുഹമ്മദിന് സമീപത്തേക്ക് നടന്നടുക്കുകയും ചെയ്തു. കഴിഞ്ഞ ആഴ്ച ദുബൈയിലെ തെരുവിലൂടെ നടന്നുനീങ്ങുന്ന റോബോട്ടിന്‍റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. പിന്നീട് ദുബൈ ഫ്യൂചർ മ്യൂസിയത്തിൽ സന്ദർശകർക്കിടയിലും ഇതേ റോബോട്ട് പ്രത്യക്ഷപ്പെടുകയുണ്ടായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

