ദുബൈയിൽ റോബോ ടാക്സികൾ ഊബർ വഴി ബുക്ക് ചെയ്യാം
text_fieldsദുബൈ: പരീക്ഷണാടിസ്ഥാനത്തിൽ ഡ്രൈവറില്ലാ റോബോ ടാക്സി സർവിസ് വിജയകരമായി തുടരുന്ന സാഹചര്യത്തിൽ യാത്രക്കാർക്ക് ഊബർ ആപ്പ് വഴി സർവിസ് ബുക്ക് ചെയ്യാമെന്ന് ദുബൈ റോഡ് ഗതാഗത അതോറിറ്റി (ആർ.ടി.എ) അറിയിച്ചു. ദുബൈയിലെ ബീച്ചുകൾക്ക് സമീപമുള്ള പ്രധാന സ്ഥലങ്ങളായ ഉമ്മു സുഖൈം, ജുമൈറ ഭാഗങ്ങളിൽ റോബോ ടാക്സികൾ ലഭ്യമാണെന്നും ഊബർ ആപ്പ് വഴി സർവിസ് ബുക്ക് ചെയ്യാമെന്നും ആർ.ടി.എയുടെ പൊതുഗതാഗത ഏജൻസി സി.ഇ.ഒ അഹമ്മദ് ബഹ്റൂസിയാൻ പറഞ്ഞു.
ഊബർ ആപ്പിൽ ‘ഓട്ടോണമസ് സർവിസ്’ എന്ന ഓപ്ഷൻ തെരഞ്ഞെടുത്ത് സർവിസ് ബുക്ക് ചെയ്യാവുന്നതാണ്. റോബോ ടാക്സി സാങ്കേതികവിദ്യ രംഗത്തെ പ്രമുഖ കമ്പനിയായ വിറൈഡ്, ഓൺലൈൻ ടാക്സി സേവന ദാതാക്കളായ ഊബർ ടെക്നോളജീസ് എന്നിവരുമായി കൈകോർത്താണ് എമിറേറ്റിൽ പദ്ധതി നടപ്പിലാക്കുന്നത്. ദുബൈയുടെ സെൽഫ് ഡ്രൈവിങ് ട്രാൻസ്പോർട്ട് സ്ട്രാറ്റജിയുടെ ഭാഗമായുള്ളതാണ് റോബോ ടാക്സി പദ്ധതി.
വിവിധ പങ്കാളികളുമായി ചേർന്ന് 2025 ഏപ്രിലിൽ പ്രഖ്യാപിച്ച സംയുക്ത പദ്ധതിയുടെ ഭാഗമായാണ് പരീക്ഷണാടിസ്ഥാനത്തിലുള്ള സർവിസിന് കഴിഞ്ഞ ദിവസം ആർ.ടി.എ തുടക്കമിട്ടിരിക്കുന്നത്. ഡ്രൈവറില്ലാ ഗതാഗത മാർഗങ്ങളിലേക്കുള്ള സുഗമമായ മാറ്റം ഉറപ്പുവരുത്തുകയാണ് പരീക്ഷണ ഓട്ടത്തിന്‍റെ ലക്ഷ്യം. യാത്രക്കാർക്ക് സുരക്ഷയും വിശ്വസനീയമായ അനുഭവവും ഉറപ്പുവരുത്തുന്നതിനായി വിദഗ്ധ ഡ്രൈവറുടെ നിരീക്ഷണത്തിലായിരിക്കും കാർ ഓടിക്കുക. 2026ൽ പൂർണമായും ഡ്രൈവറില്ലാ രീതിയിലേക്ക് മാറുമെന്നും അദ്ദേഹം പറഞ്ഞു. 2030 ഓടെ എമിറേറ്റിലെ പൊതുഗതാഗത രംഗത്ത് 25 ശതമാനം ഡ്രൈവറില്ലാ വാഹനങ്ങൾ ആക്കുകയെന്നതാണ് ദുബൈയുടെ ലക്ഷ്യം. സ്മാർക്ക് ഗതാഗത രംഗത്ത് ദുബൈയുടെ വിശിഷ്ടമായ പങ്ക് ശക്തിപ്പെടുത്തുന്നതായിരിക്കും ഡ്രൈവറില്ലാ ടാക്സികളുടെ സർവിസ്. വരും വർഷങ്ങളിൽ മേഖലയിൽ ആയിരിക്കണക്കിന് ഡ്രൈവറില്ലാ വാഹനങ്ങൾ നിയോഗിക്കാനാണ് പദ്ധതി. മിഡിൽ ഈസ്റ്റിൽ 100 റോബോ ടാക്സികൾ ഉൾപ്പെടെ 150 ഡ്രൈവറില്ലാ ടാക്സികൾ നിലവിൽ ഊബർ പ്രവർത്തിപ്പിക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

