ബെർണബ്യൂവിൽ കണ്ണീർ റയൽ മഡ്രിഡിനെ വീഴ്ത്തി മാഞ്ചസ്റ്റർ സിറ്റി, 2-1 ആഴ്സനലിന് ജയം, പി.എസ്.ജിക്ക് സമനില
text_fieldsറയൽ മഡ്രിഡിനെതിരെ മാഞ്ചസ്റ്റർ സിറ്റി താരങ്ങളുടെ ഗോളാഘോഷം
മഡ്രിഡ്: കോച്ച് അലൻസോയുടെ ഭാവി കൂടുതൽ പരുങ്ങലിലാക്കി റയൽ മഡ്രിഡിന് വീണ്ടും വീഴ്ച. ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ ഒന്നിനെതിരെ രണ്ട് ഗോളിനാണ് മാഞ്ചസ്റ്റർ സിറ്റി മുൻ ചാമ്പ്യന്മാരെ പരാജയപ്പെടുത്തിയത്. പ്രിമിയർ ലീഗിൽ ഒന്നാമന്മാരായി കുതിപ്പ് തുടരുന്ന ആഴ്സനൽ കാൽഡസൻ ഗോളിന് ക്ലബ് ബ്രൂഗെയെ മടക്കിയപ്പോൾ ലാ ലിഗ ടീമായ അറ്റ്ലറ്റിക് ബിൽബാവോക്ക് മുന്നിൽ പി.എസ്.ജി ഗോൾരഹിത സമനില വഴങ്ങി.
റയലിന് തോൽവി; അലൻസോക്ക് ഞെട്ടൽ
തുടർ തോൽവികളുമായി കരപിടിക്കാനാവാതെ ഉഴറുന്നതിനിടെ റയൽ ആരാധകർക്കും ടീമിനും ഒരുപോലെ ഞെട്ടലായി സ്വന്തം തട്ടകത്തിൽ തോൽവി. 28ാം മിനിറ്റിൽ റോഡ്രിഗോയുടെ ഗോളിൽ ലീഡ് പിടിച്ചശേഷമായിരുന്നു രണ്ടെണ്ണം തിരിച്ചുവാങ്ങി തോറ്റുമടങ്ങിയത്. ആദ്യ പകുതിയിൽതന്നെ സിറ്റി രണ്ടുവട്ടം ഗോളടിച്ച് ജയമുറപ്പിച്ചു. നികൊ ഒറീലിയും എർലിങ് ഹാലൻഡുമായിരുന്നു സ്കോറർമാർ. ആക്രമണത്തിലും മധ്യനിരയിലും ഏറ്റവും മികച്ച താരപ്പട കൂട്ടുണ്ടായിട്ടും സമീപനാളുകളിൽ ടീം വഴങ്ങിയ തോൽവികൾക്കു സമാനമായിരുന്നു സാന്റിയായോ ബെർണബ്യൂവിലെയും വൻവീഴ്ച. ക്ലോസ് റേഞ്ചിൽ രണ്ടുവട്ടം ലഭിച്ച സുവർണാവസരങ്ങൾ വിനീഷ്യസ് ജൂനിയർ പുറത്തേക്കടിച്ച് തുലച്ചതും ഗോളിയെ മാത്രം മുന്നിൽ നിർത്തി ജൂഡ് ബെല്ലിങ്ഹാം ബാറിന് മുകളിലൂടെ ഗാലറിയിലെത്തിച്ചതുമടക്കം റയൽ അവസരങ്ങൾ പലത് നഷ്ടപ്പെടുത്തി.
കാൽഡസൻ ഗണ്ണേഴ്സ്
പ്രിമിയർ ലീഗിൽ അജയ്യ കുതിപ്പുമായി ആറ് പോയന്റ് ലീഡ് പിടിച്ച് ഒന്നാം സ്ഥാനത്തുള്ള ആഴ്സനൽ എതിരാളികളായ ബെൽജിയം ടീമിനെ പൂട്ടിയത് 3-0ന്. മധ്യനിരയിൽനിന്ന് ഓടിക്കയറി തൊടുത്ത ബുള്ളറ്റ് ഷോട്ട് ഗോളടക്കം രണ്ടുവട്ടം വല ചലിപ്പിച്ച നോനി മദുവേകയായിരുന്നു കളിയിലെ സൂപ്പർ താരം. അവശേഷിച്ച ഗോൾ ഗബ്രിയേൽ മദുവേക വകയായിരുന്നു. അറ്റ്ലറ്റിക് ബിൽബാവോക്കെതിരെ അവരുടെ തട്ടകത്തിൽ കളിച്ച പി.എസ്.ജി ഗോളടിക്കാൻ മറന്നാണ് മടങ്ങിയത്. ആറുകളികളിൽ ടീമിന് 13 പോയന്റായെന്നത് മാത്രമായിരുന്നു എടുത്തുപറയേണ്ടത്. പ്രിമിയർ ലീഗ് ടീമായ ന്യൂകാസിൽ ബുണ്ടസ് ലിഗ ടീമായ ബയേർ ലെവർകൂസനോട് 2-2ന് സമനില ചോദിച്ചുവാങ്ങി. ബൊറൂസിയ ഡോർട്മണ്ട് ഇതേ സ്കോറിന് ബോഡോയോടും തുല്യത വഴങ്ങി.
ഇറ്റാലിയൻ ചാമ്പ്യനായ നാപോള എതിരില്ലാത്ത രണ്ട് ഗോളിന് ബെൻഫിക്കക്ക് മുന്നിൽ കീഴടങ്ങിയപ്പോൾ യുവന്റസ് അതേ സ്കോറിന് പാഫോസിനോട് ജയിച്ചു. അയാക്സ് ആംസ്റ്റർഡാം 4-2ന് ഖരാബാഗിനെയും കോപൻ ഹേഗൻ 3-2ന് വിയ്യാ റയലിനെയും വീഴ്ത്തി.
മൂന്ന് റയൽ താരങ്ങൾക്ക് രണ്ടു കളികളിൽ വിലക്ക്
മഡ്രിഡ്: കഴിഞ്ഞ ദിവസം ലാ ലിഗ മത്സരത്തിൽ റഫറിയോട് കയർത്തതിന് റയൽ മഡ്രിഡ് താരങ്ങളായ ഡാനി കർവായൽ, അൽവാരോ കാരേറാസ്, എൻഡ്രിക് എന്നിവർക്ക് രണ്ട് കളികളിൽ വിലക്ക്. സെൽറ്റ വിഗോയോട് എതിരില്ലാത്ത രണ്ടു ഗോളിന് റയൽ തോറ്റ മത്സരത്തിലായിരുന്നു സംഭവം.
അലൻസോയുടെ വിധി എന്താകും?
മഡ്രിഡ്: കരുത്തരുടെ നേരങ്കം കണ്ട ബെർണബ്യൂ മൈതാനത്ത് ആതിഥേയ തോൽവി ശരിക്കും അപകടത്തിലാക്കിയത് കോച്ച് സാബി അലൻസോയുടെ ഭാവി. ബുധനാഴ്ച രാത്രി അവസാന വിസിൽ മുഴങ്ങിയതും ഗാലറി ഒരേ ശബ്ദത്തിൽ അലൻസോയെ കൂക്കി വിളിച്ചത് പുതിയ അനുഭവമായി. ഇതിനിടെയും ടീമും താരങ്ങളും ഉറച്ച പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ഞായറാഴ്ച ലാ ലിഗയിൽ അലാവെസിനെതിരെ കൂടി തോൽവി വഴങ്ങിയാൽ മാനേജ്മെന്റിനു മുന്നിൽ കൂടുതൽ സാധ്യതകളില്ലെന്നാകും.
ലോക്കർ റൂമിൽ കോച്ചിന് നിയന്ത്രണം നഷ്ടമായെന്ന ഗോസിപ്പുകൾ സമീപനാളുകളിൽ സജീവമാണ്. ഇതിന് ബലംനൽകുന്നതാണ് തുടർ തോൽവികൾ. അവസാന എട്ടുകളികളിൽ രണ്ടെണ്ണം മാത്രമാണ് ടീം ജയിച്ചത്. സെൽറ്റ വിഗോക്കെതിരെ കഴിഞ്ഞ ദിവസം തോൽവിക്ക് പിറകെ ഇതേ വിഷയം ചർച്ച ചെയ്യാൻ മാനേജ്മെന്റ് യോഗം ചേർന്നിരുന്നു. 14 കളികളിൽ 13ഉം ജയിച്ച് സീസൺ തുടങ്ങിയ ടീമാണിപ്പോൾ എല്ലാം പിഴച്ച് ദയനീയമായി നിൽക്കുന്നത്.
ചാമ്പ്യൻസ് ലീഗ് പോയന്റ് നിലയിൽ നിലവിൽ ഏഴാം സ്ഥാനത്താണ് റയൽ. ആദ്യ എട്ടു സ്ഥാനക്കാർക്കാണ് നേരിട്ട് നോക്കൗട്ട് യോഗ്യത. രണ്ട് വർഷം മുമ്പ് ചാമ്പ്യൻസ് ലീഗ് ട്രോഫി മാറോടു ചേർത്തവർ ഗ്രൂപ്പ് ഘട്ടത്തിൽ അഞ്ചു കളികൾ തോറ്റത് ആധി ഉയർത്തുന്നതാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

