കവര്‍ച്ച, അക്രമം, മതനിന്ദ: മൂന്നുപേർക്ക് തടവുശിക്ഷ
text_fieldsRepresentational Image
റാസല്‍ഖൈമ: മതനിന്ദ, ശാരീരിക പീഡനം, മോഷണം തുടങ്ങിയ കുറ്റകൃത്യങ്ങള്‍ക്ക് പിടിക്കപ്പെട്ട മൂന്ന് അറബ് വംശജര്‍ക്ക് ജയില്‍ ശിക്ഷ വിധിച്ച് റാക് കോടതി. 42കാരനായ മുഖ്യ പ്രതിക്കൊപ്പം 28ഉം 35ഉം പ്രായമുള്ള കൂട്ടാളികളായ പ്രതികള്‍ക്കെതിരെയാണ് റാക് ക്രിമിനല്‍ കോടതിയുടെ വിധി. പ്രതികള്‍ക്ക് മേല്‍ ചുമത്തിയ കുറ്റകൃത്യങ്ങള്‍ സംശയാതീതമായി തെളിയിക്കപ്പെട്ടതായി കോടതി വ്യക്തമാക്കി. ശിക്ഷാ കാലാവധിക്കു ശേഷം മുഖ്യ പ്രതിയെ നാടുകടത്താനും കോടതി നിർദേശിച്ചു.
ഈജിപ്ഷ്യന്‍ സ്വദേശികളായ 42കാരനും കൂട്ടാളികളും മറ്റൊരു ഈജിപ്ഷ്യന്‍ പൗരനെ ആക്രമിച്ച് പരിക്കേല്പിച്ച് പണവും ചെക്കും മൊബൈല്‍ ഫോണും കവര്‍ച്ച നടത്തിയെന്നതായിരുന്നു കേസ്. റാക് അല്‍ ഖ്വാസിം കോര്ണീഷന് സമീപം പൊതുവഴിയില്‍ രാത്രിയിലായിരുന്നു സംഭവം. അക്രമികളില്‍നിന്ന് ഇരയെ രക്ഷിക്കാന്‍ ശ്രമിച്ച വഴിയാത്രക്കാരനെ അക്രമികള്‍ ഭീഷണിപ്പെടുത്തി പിന്തിരിപ്പിക്കുകയായിരുന്നു. റാക് പൊലീസ് സ്ഥലത്തെത്തിയാണ് ഇരക്കും സാക്ഷിക്കും പ്രാഥമിക ചികിത്സ നൽകിയത്. തുടർന്ന് നടന്ന തിരച്ചിലിനൊടുവില്‍ കുറ്റവാളികളെ കസ്റ്റഡിയിലെടുത്ത റാക് പൊലീസ് സംഘം പ്രോസിക്യൂഷന് കൈമാറി.
8,000 ദിര്‍ഹമിന്റെ ചെക്കും 3000 ദിര്‍ഹവും മൊബൈല്‍ ഫോണുമാണ് പ്രതികൾ കവർന്നത്. രക്ഷിക്കാൻ ശ്രമിച്ചയാളെ ഭീഷണിപ്പെടുത്തുകയും അയാളുടെ മതവിശ്വാസങ്ങളെ അവഹേളിക്കുകയും ചെയ്തതായി പ്രോസിക്യൂഷന് കണ്ടെത്തി. ദൈവനിന്ദ, മോഷണം, ആക്രമണം എന്നീ കുറ്റങ്ങള്‍ക്ക് മുഖ്യ പ്രതിക്ക് രണ്ടു മാസത്തെ തടവും നാടുകടത്തലുമാണ് ശിക്ഷ. കൂട്ടാളികളായ മറ്റു രണ്ട് പ്രതികള്‍ക്ക് മോഷണത്തിലും ആക്രമണത്തിലും പങ്കാളികളായതിന് ഒരു മാസത്തെ തടവുശിക്ഷ വിധിച്ച കോടതി എല്ലാ പ്രതികളും കോടതി ചെലവുകള്‍ നല്‍കണമെന്നും നിർദേശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

