പാസ്പോര്‍ട്ടും തിരിച്ചറിയല്‍ രേഖയും തൊഴിലുടമ പണയപ്പെടുത്തി മുങ്ങി
text_fieldsഅജ്മാന് : തൊഴിലാളിയുടെ പാസ്പോര്‍ട്ടും തിരിച്ചറിയല്‍ രേഖയും പണയം വെച്ച് തൊഴിലുടമ മുങ്ങിയതിനെ തുടര്‍ന്ന് യുവാവ് വഴിയാധാരമായി.
അജ്മാനിലെ ഒരു ടെക്നിക്കല്‍ സര്‍വീസ് കമ്പനിയില്‍ സൂപ്പര്‍ വൈസറായി ജോലി ചെയ്തിരുന്ന കൊല്ലം കുന്നത്തൂര്‍ സ്വദേശി അനിജിത് അനില്‍കുമാറാണ് തൊഴിലുടമ മുങ്ങിയതിലൂടെ കുടുങ്ങി പോയത്. ഒരു വർഷം മുന്‍പാണ് അനിജിത് ജോലി ചെയ്തിരുന്ന എറണാകുളം ഭൂതത്താന്പടി സ്വദേശിയുടെ ഉടമസ്ഥതയിലെ സ്ഥാപനം പൂട്ടുന്നത്.
ഒരുപാട് ചെക്ക് കേസുകളില്‍ തൊഴിലുടമ പ്രതിയായതാണ് സ്ഥാപനം പൂട്ടാന്‍ കാരണം. അതുവരെ പണിയെടുത്തതില്‍ കിട്ടാനുള്ള ശമ്പള കുടിശിക ആവശ്യപ്പെട്ടിട്ടും തൊഴിലുടമ നല്‍കിയില്ല. പിന്നീട് ഫോണിലും അദ്ദേഹത്തെ കിട്ടാതായി. അയാള്‍ നാട്ടിലേക്ക് മുങ്ങിയത് വൈകിയാണ് അറിയുന്നത്. സബ് കോൺട്രാക്ടര്‍ക്ക് പണിയെടുത്ത വകയില്‍ നല്‍കാനുള്ള ഭീമമായ തുകക്ക് പകരമായി അയാള്‍ വന്ന് ഓഫീസിലുണ്ടായിരുന്ന പാസ്പോര്ട്ടുകള് എടുത്ത് കൊണ്ട് പോയിരുന്നു. മറ്റൊരാവശ്യത്തിനു ഏഴായിരം ദിര്‍ഹം എടുക്കാന്‍ അനിജിത്തിന്റെ തിരിച്ചറിയല്‍ രേഖയാണ് തൊഴിലുടമ പണയം വെച്ചിരിക്കുന്നത്.
തൊഴിലുടമ മുങ്ങിയതോടെ ശമ്പള കുടിശിക ആവശ്യപ്പെട്ട് സ്പോൺസര്ക്കെതിരെ തൊഴില്‍ കോടതിയില്‍ പരാതി നല്കി. എന്നാല്‍ കേസ് പിന്‍വലിച്ചാല്‍ ഔട്ട് പാസ് എടുത്ത് തരാമെന്നു സ്പോൺസര് പറഞ്ഞു. ഇവിടെ കിടന്നു ബുദ്ധിമുട്ടുന്നതിലും നല്ലത് എങ്ങിനെയെങ്കിലും നാട്ടില്‍ പോകലാണ് എന്ന് കരുതി പരാതി പിന് വലിച്ചു.
എന്നാല്‍ ഔട്ട് പാസ് ശരിയാക്കാന്‍ എന്ന് പറഞ്ഞ് പാകിസ്താനിയായ പി.ആര്.ഒ നിരവധി തവണ പണം വാങ്ങിയതല്ലാതെ കാര്യം നടന്നില്ലെന്ന് യുവാവ് പറയുന്നു. ലഭിച്ചിരുന്ന താല്കാലിക പാസ്പോര്‍ട്ട് കാലാവധി തീര്‍ന്നു പോയി. ജബൽ അലിയില്‍ ജോലി ചെയ്യുന്ന പിതാവിെൻറ സഹായത്താലാണ് ഇതുവരെ കഴിഞ്ഞ് പോയത്.
ഇപ്പോള്‍ ആ കമ്പനിയിലെ താമസ സൗകര്യവും നഷ്ടപ്പെട്ടു. അജ്മാന് ഇന്ത്യന്‍ അസോസിയേഷനുമായി ബന്ധപ്പെട്ട് ഇപ്പോള്‍ പുതിയ താല്കാലിക പാസ്പോര്‍ട്ട് ലഭ്യമാക്കി. ഇനി എക്സിറ്റ് ആകാനുള്ള രേഖകള്‍ ലഭിക്കണം. ദുൈബയിലെ ഒരു പാര്‍ക്കിലാണ് അന്തിയുറക്കം. വിവാഹം പറഞ്ഞു വെച്ചിട്ട് കാത്തിരിക്കുന്ന പെണ്ണുണ്ട് നാട്ടില്‍.
ഈ ദുരിതങ്ങള്‍ ഒഴിഞ്ഞ് കിട്ടിയിട്ട് വേണം നാട്ടിലെത്തി പുതിയ ജീവിതം കരുപ്പിടിപ്പിക്കാന്‍. അതിനു വീട്ടുകാരോടൊപ്പം പുതു പെണ്ണിന്റെ വീട്ടുകാരും കാത്തിരിക്കാന്‍ തുടങ്ങിയിട്ട് കാലം ഒരുപാടായി. എല്ലാ ദുരിതങ്ങളും തീര്‍ന്ന് നാട്ടിലെത്താനുള്ള ഒരുക്കത്തിനായി കൊടും ചൂടിലും ഓടി നടക്കുകയാണ് അനിജിത് 054 5224154, 055 2349054.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
