അടച്ചിട്ട വീട്ടിൽ കവർച്ച; അഞ്ച് പ്രതികൾക്ക് തടവു ശിക്ഷ
text_fieldsദുബൈ: അടച്ചിട്ട വീട്ടിൽ വൻ കവർച്ച നടത്തിയ കേസിൽ അഞ്ച് പ്രതികൾക്ക് മൂന്നു വർഷം തടവ് ശിക്ഷ വിധിച്ച് ദുബൈ ക്രിമിനൽ കോടതി. മുഴുവൻ പ്രതികളും മധ്യേഷ്യൻ പൗരൻമാരാണ്. ശിക്ഷാ കാലാവധിക്കു ശേഷം പ്രതികളെ നാട് കടത്താനും കോടതി നിർദേശിച്ചു. ജബൽ അലി മേഖലയിൽ യൂറോപ്യൻ കുടുംബത്തിന്റെ വീട്ടിലാണ് കവർച്ച നടന്നത്. വിസിറ്റ് വിസയിൽ എത്തിയ പ്രതികൾ വീട്ടുടമയും കുടുംബവും നാട്ടിലേക്കു പോയ സമയത്ത് വീടിന്റെ മുൻഭാഗത്തെ വാതിൽ തകർത്ത് മോഷണം നടത്തുകയായിരുന്നു. വീട്ടുടമ തിരികെയെത്തിയപ്പോഴാണ് കവർച്ച നടന്ന വിവരം അറിയുന്നത്.
വിദേശ കറൻസികൾ അടങ്ങിയ സേഫ് ലോക്കർ, സ്വർണാഭരണങ്ങൾ, വിലകൂടിയ വാച്ചുകൾ, ഭർത്താവ് ശേഖരിച്ച 10 പഴയ മൊബൈൽ ഫോണുകൾ, മറ്റ് വ്യക്തിപരമായ രേഖകൾ എന്നിവയെല്ലാം നഷ്ടപ്പെട്ടു. വീട്ടുടമ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കേസെടുത്ത ദുബൈ പൊലീസ് സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ച് പ്രതികളെ തിരിച്ചറിയുകയായിരുന്നു. മോഷണത്തിനായി പ്രതികൾ ഉപയോഗിച്ച കാറിന്റെ ദൃശ്യങ്ങളും സി.സി.ടി.വിയിൽ പതിഞ്ഞിരുന്നു. പ്രതികളിൽ ഒരാൾ വാടകക്കെടുത്തതായിരുന്നു ഈ കാർ. തുടർന്ന് നടത്തിയ അന്വേഷണത്തിനൊടുവിൽ മറ്റൊരു എമിറേറ്റിൽ വാടകക്കെടുത്ത അപ്പാർട്മെന്റിൽ വെച്ച് മുഴുവൻ പ്രതികളെയും പൊലീസ് അറസ്റ്റ് ചെയ്തു. മോഷണ മുതലുകൾ പ്രതികളിൽനിന്ന് കണ്ടെടുക്കാനും പൊലീസിന് കഴിഞ്ഞു. പൊലീസ് ഹാജരാക്കിയ തെളിവുകൾ പരിശോധിച്ച കോടതി മുഴുവൻ പ്രതികളേയും മൂന്നു വർഷം തടവിന് ശിക്ഷിക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

