ദുബൈയിൽ 27 സ്കൂൾ പരിസരങ്ങളിൽ റോഡുകൾ നവീകരിച്ചു
text_fieldsറോഡ് നവീകരണം പൂർത്തിയാക്കിയ സ്കൂൾ മേഖലകളിലൊന്ന്
ദുബൈ: നഗരത്തിലെ 27 സ്കൂൾ പരിസരങ്ങളിൽ ഗതാഗത സംവിധാനങ്ങൾ നവീകരിച്ച് ദുബൈ റോഡ് ഗാതാഗത അതോറിറ്റി(ആർ.ടി.എ). വേനലവധിക്കാലത്താണ് 27 സ്കൂളുകൾ ഉൾകൊള്ളുന്ന 10സ്കൂൾ സോണുകളിൽ നവീകരണങ്ങൾ നടപ്പിലാക്കിയത്. തിങ്കളാഴ്ച മുതൽ പുതിയ അധ്യായന വർഷം ആരംഭിച്ചിരിക്കെ പദ്ധതി നടപ്പിലാക്കിയ മേഖലകളിൽ വിദ്യാർഥികളുടെ യാത്ര എളുപ്പവും സുഗമവുമായിട്ടുണ്ട്. വേനൽകാല അവധി ദിനങ്ങളിൽ നവീകരണം നടന്നതിനാൽ ദൈനംദിന ഗതാഗതത്തെ ബാധിച്ചിട്ടില്ല. അതോടൊപ്പം മികച്ച സുരക്ഷ ഉറപ്പുവരുത്താനും സാധിച്ചു.
അൽ വർഖ 1, 3, 4 അൽ സഫ 1, അൽ ബർഷ 1, അൽ ഗൾഹൂദ്, അൽ മിസ്ഹർ 1,4, അൽ ഖുസൈസ്, അൽ ബർഷ സൗത്ത് എന്നിവിടങ്ങളിലാണ് നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കിയത്. അൽ വർഖ സ്കൂൾ കോപ്ലക്സിലേക്കുള്ള റോഡ് വീതികൂട്ടൽ, അൽ മിസ്ഹറിലും അൽബർഷയിലും അധ്യാപകർക്കും രക്ഷിതാക്കൾക്കും ആവശ്യമായ പാർക്കിങ് സ്ഥലങ്ങൾ ഒരുക്കൽ, അൽ മിസ്ഹറിലും അൽ വർഖയിലും നിരവധി സ്കൂളുകളിലേക്ക് പുതിയ പ്രവേശന, പുറത്തുകടൽ പാതകൾ ഒരുക്കൽ, കാൽനട യാത്രക്കാർക്കുള്ള സിഗ്നലുകൾ നിർമിക്കൽ തുടങ്ങിയവ പദ്ധതിയിൽ ഉൾപ്പെടുത്തി നിർമിച്ചിട്ടുണ്ട്.
ദുബൈയുടെ അടിസ്ഥാന സൗകര്യങ്ങളുടെ ഗുണനിലവാരം സംരക്ഷിക്കുന്നതിനൊപ്പം റോഡ് ശൃംഖലയെ ശക്തിപ്പെടുത്തുന്നത് കൂടിയാണ് നടപ്പിലാക്കിയ പദ്ധതികൾ. സ്കൂൾ മേഖലയിലെ റോഡ് ഉപയോഗിക്കുന്ന അധ്യാപകർ, ബസ് ഡ്രൈവർമാർ, രക്ഷിതാക്കൾ എന്നിവർക്കെല്ലാം ഉപകാരപ്പെടുന്ന നവീകരണമാണ് പൂർത്തിയാക്കിയത്. നിരവധി സ്കൂളുകളിൽ പാർക്കിങ് സ്ഥലങ്ങൾ 90ശതമാനം വർധിച്ചിട്ടുണ്ട്. അതോടൊപ്പം സ്കൂൾ പരിസരങ്ങളിലെ ഗതാഗതം 25ശതമാനം മുതൽ 40ശതമാനം വരെ വർധിച്ചിട്ടുമുണ്ട്.അൽ ബർഷ, ഉമ്മുൽ ശൈഫ്, അൽ ബർഷ സൗത്ത്, അൽ വർഖ എന്നിവിടങ്ങളിലെ സ്കൂൾ സോണുകളിൽ നവീകരണ പ്രവർത്തനങ്ങൾ നടപ്പിലാക്കുന്നത് തുടരുമെന്നും ആർ.ടി.എ വയക്തമാക്കിയിട്ടുണ്ട്. സ്കൂളുകളിലേക്ക് കുട്ടികളെ കൊണ്ടുപോകുമ്പോൾ ഡ്രൈവർമാരും രക്ഷിതാക്കളും സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കണമെന്നും നിശ്ചിത പിക് അപ്, രേഡാപ് ഓഫ് സ്ഥലങ്ങൾ ഉപയോഗപ്പെടുത്തണമെന്നും ആർ.ടി.എ പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

