റോഡ് സുരക്ഷ: ബോധവത്കരണവുമായി ഷാർജ പൊലീസ്
text_fieldsഷാർജ: എമിറേറ്റിലെ റോഡ് ഗതാഗതനിലവാരം ഉയർത്തുക എന്ന ലക്ഷ്യത്തോടെ ഷാർജ പൊലീസ് ആരംഭിച്ച ‘നിങ്ങളുടെ വാഹനം പുതുക്കുക’ എന്ന ബോധവത്കരണ കാമ്പയിൻ തുടരുന്നു. റോഡുകൾ സുരക്ഷിതമാക്കാനുള്ള ആഭ്യന്തരമന്ത്രാലയത്തിന്റെ പദ്ധതിക്കനുസൃതമായാണ് ഷാർജ പൊലീസ് ‘റിന്യൂ യുവർ വെഹിക്കിൾ’ ബോധവത്കരണ കാമ്പയിന് തുടക്കംകുറിച്ചത്. വാഹനങ്ങളുടെ രജിസ്ട്രേഷൻ പുതുക്കേണ്ടതിന്റെ ആവശ്യകത ഉടമകളെ ബോധ്യപ്പെടുത്തുകയാണ് ലക്ഷ്യം.
ട്രാഫിക് നിയമങ്ങൾ പാലിച്ചുകൊണ്ട് എല്ലാ റോഡ് ഉപയോക്താക്കളും ഏറ്റവും ഉയർന്ന ട്രാഫിക് സുരക്ഷ കൈവരിക്കുക എന്നതാണ് കാമ്പയിനിന്റെ പ്രധാന ലക്ഷ്യമെന്ന് കേന്ദ്രം ഡയറക്ടർ കേണൽ മുഹമ്മദ് അബ്ദുല്ല അലൈ വിശദീകരിച്ചു. ഗതാഗത നിയമലംഘനങ്ങളിൽ വീഴാതിരിക്കാനും വാഹനങ്ങൾ ഓടിക്കുന്നവരെ സംരക്ഷിക്കാനും യാന്ത്രിക തകരാർ അല്ലെങ്കിൽ ടയർ കേടുപാടുകൾ മൂലമുണ്ടാകുന്ന അപകടങ്ങൾ തുടങ്ങിയ കാര്യങ്ങൾ വിശദീകരിക്കുന്ന കാമ്പയിനിന് മികച്ച പ്രതികരണമാണ് ലഭിച്ചുവരുന്നത്.
ജൂൺ 15ന് ആരംഭിച്ച കാമ്പയിനിൽ ജൂലൈ 25 വരെ ലൈസൻസ് പുതുക്കാത്ത 2650 വാഹനങ്ങൾ പിടിച്ചെടുത്തതായും കേണൽ അലൈ അറിയിച്ചു. ആഭ്യന്തര മന്ത്രാലയത്തിന്റെ സ്മാർട്ട് ആപ്ലിക്കേഷൻ ‘മോയ്’, എമിറേറ്റിലെ പൊലീസ് സ്റ്റേഷനുകളിലും സർവിസ് സെന്ററുകളിലും വിന്യസിച്ചിരിക്കുന്ന ‘സഹൽ’ എന്നിവയുൾപ്പെടെ വാഹനങ്ങൾ പുതുക്കുന്നതിന് ഷാർജ പൊലീസ് നിരവധി സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്.