റോഡ് സുരക്ഷ; കാല്‍നടയാത്രികരുടെയും ഡ്രൈവര്‍മാരുടെയും കൂട്ടുത്തരവാദിത്തം
text_fieldsപെഡസ്ട്രിയന്‍ ക്രോസിങ്ങിലൂടെ കടന്നുപോവുന്ന സൈക്കിള്‍ യാത്രികനെ കാര്‍ ഇടിച്ചിടുന്നു
അബൂദബി: അശ്രദ്ധമായ ഡ്രൈവിങ്ങിനെ തുടര്‍ന്ന് കാല്‍നടയാത്രികരെ ഇടിച്ചുതെറിപ്പിക്കുന്ന വാഹനങ്ങളുടെ ദൃശ്യങ്ങള്‍ പങ്കുെവച്ച് അബൂദബി പൊലീസ്. കാല്‍നടയാത്രികര്‍ക്ക് റോഡ് മുറിച്ചുകടക്കുന്നതിന് നിഷ്കര്‍ഷിച്ചിരിക്കുന്ന ഇടത്തുകൂടി നടക്കുന്നവരെയാണ് വാഹനങ്ങള്‍ ഇടിച്ചുതെറിപ്പിക്കുന്നത്.
പെഡസ്ട്രിയന്‍ ക്രോസിങ് ഉള്ള ഇടങ്ങളില്‍ ഡ്രൈവര്‍മാര്‍ വാഹനങ്ങളുടെ വേഗത കുറയ്ക്കുകയും കാല്‍നടയാത്രികര്‍ റോഡ് മുറിച്ചുകടക്കാന്‍ നില്ക്കുന്നുണ്ടോയെന്നു നോക്കുകയും വേണമെന്നും അധികൃതര്‍ നിര്‍ദേശിച്ചു. സുരക്ഷ ഉറപ്പുവരുത്തേണ്ടത് കാല്‍നടയാത്രികരുടെയും ഡ്രൈവര്‍മാരുടെയും കൂട്ടായ ഉത്തരവാദിത്തമാണെന്നും അധികൃതര്‍ കൂട്ടിച്ചേര്‍ത്തു.
കാല്‍നടയാത്രികര്‍ക്ക് സുരക്ഷ ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായ പ്രചാരണത്തോട് അനുബന്ധിച്ചാണ് അബൂദബി പൊലീസ് ഈ വിഡിയോകള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുെവച്ചത്. കാല്‍നടയാത്രികര്‍ക്ക് റോഡ് മുറിച്ചുകടക്കാന്‍ നിഷ്കര്‍ഷിച്ചിരിക്കുന്ന ഇടങ്ങളില്‍ അവര്‍ക്ക് മുന്‍ഗണന നല്‍കണമെന്ന് ട്രാഫിക് ആന്‍ഡ് പട്രോള്‍ഡ് ഡയറക്ടറേറ്റ് ഡ്രൈവര്‍മാരോട് ആവശ്യപ്പെട്ടു. കാല്‍നടയാത്രികര്‍ റോഡ് മുറിച്ചുകടക്കുന്നതില്‍ ശ്രദ്ധവേണമെന്നും അധികൃതര്‍ നിര്‍ദേശിച്ചു. നിര്‍ദിഷ്ട ഇടങ്ങളില്‍ കാല്‍നടയാത്രികര്‍ക്ക് മുന്‍ഗണന നല്‍കാത്ത ഡ്രൈവര്‍മാര്‍ക്ക് 500 ദിര്‍ഹം പിഴയും ലൈസന്‍സില്‍ ആറ് ബ്ലാക്ക് പോയന്റുമാണ് യു.എ.ഇ. ഫെഡറല്‍ നിയമം വ്യവസ്ഥ ചെയ്യുന്നത്.
അബൂദബി എമിറേറ്റില്‍ ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന മുസഫ മേഖലയില്‍ അശ്രദ്ധമായ ഡ്രൈവിങ്ങും വാഹനങ്ങള്‍ വരുന്നത് ഗൗനിക്കാതെ റോഡിലേക്ക് ഇറങ്ങുന്നതും പതിവായിട്ടുണ്ട്. ഇത്തരത്തില്‍ നിയമം ലംഘിക്കുന്നവര്‍ക്ക് പൊലീസ് പിഴയിടുകയും താക്കീത് നല്‍കുകയും ചെയ്യുന്നുണ്ട്. നിര്‍ദിഷ്ട പാതയിലൂടെയല്ലാതെ കാല്‍നടക്കാര്‍ റോഡുകള്‍ മുറിച്ചുകടക്കുന്ന അപകടസാധ്യത വര്‍ധിപ്പിക്കുന്നുണ്ട്.
യു.എ.ഇയില്‍ നടക്കുന്ന വാഹനാപകടങ്ങളുടെ കാരണം പരിശോധിക്കുമ്പോള്‍ 95 ശതമാനവും ഡ്രൈവിങ്ങിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചതുമൂലം സംഭവിച്ചതാണെന്ന് ആഭ്യന്തര മന്ത്രാലയം നേരത്തേ വ്യക്തമാക്കിയിരുന്നു. അശ്രദ്ധമായ ഡ്രൈവിങ്ങിന് 800 ദിര്‍ഹം പിഴയും ലൈസന്‍സില്‍ നാല് ബ്ലാക്ക് പോയന്റും ചുമത്തുമെന്നും അബൂദബി പൊലീസ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.