റോഡ് സുരക്ഷ; ബസ് ഡ്രൈവർമാർക്ക് ദുബൈ പൊലീസ് പരിശീലനം
text_fieldsദുബൈ പൊലീസിന്‍റെ പരിശീലന ക്ലാസുകളിൽ പങ്കെടുക്കുന്ന സ്കൂൾ ബസ് ഡ്രൈവർമാർ
ദുബൈ: റോഡ് സുരക്ഷയുമായി ബന്ധപ്പെട്ട് എമിറേറ്റിലെ സ്കൂൾ ഡ്രൈവർമാർക്ക് ദുബൈ പൊലീസ് പരിശീലനം നൽകി. ഗാർഡിയൻ വൺ ഡ്രൈവിങ് സ്കൂളിൽ നടത്തിയ പ്രത്യേക റോഡ് സുരക്ഷ വർക്ക് ഷോപ്പുകളിൽ 90ലധികം ഡ്രൈവർമാർ പങ്കെടുത്തു. ദുബൈ പൊലീസിന്‍റെ ട്രാഫിക് ബോധവത്കരണ വിഭാഗമാണ് പരിപാടി സംഘടിപ്പിച്ചത്. സ്കൂൾ പരിസരങ്ങളിൽ വാഹനമോടിക്കുമ്പോൾ പാലിക്കേണ്ട മര്യാദകൾ, വിദ്യാർഥികൾ കയറുമ്പോഴും ഇറങ്ങുമ്പോഴും പാലിക്കേണ്ട ശരിയായ നടപടിക്രമങ്ങൾ, സ്കൂൾ മേഖലകളിലെ വേഗ പരിധി, വാഹനങ്ങൾ സ്ഥിരമായി പരിപാലിക്കേണ്ടതിന്‍റെ പ്രാധാന്യം തുടങ്ങിയവ ഉൾപ്പെടെയുള്ള പ്രധാന വിഷയങ്ങളിൽ ഊന്നിയായിരുന്നു വർക്ക്ഷോപ്പുകൾ.
അടിയന്തര ഘട്ടങ്ങളിൽ എങ്ങനെ പ്രതികരിക്കണമെന്നത് സംബന്ധിച്ചും അപകടങ്ങൾ എങ്ങനെ കൈകാര്യം ചെയ്യണമെന്നത് സംബന്ധിച്ചും ഡ്രൈവർമാർക്ക് പരിശീലനം നൽകിയിരുന്നു. ദൈനംദിന യാത്രവേളകളിൽ കുട്ടികളുടെ സുരക്ഷയിൽ നേരിട്ട് ബന്ധമുള്ള വിഭാഗങ്ങൾ എന്ന നിലയിൽ സ്കൂൾ ഡ്രൈവർമാർക്കിടയിൽ ട്രാഫിക് ബോധവത്കരണം ശക്തിപ്പെടുത്തുകയെന്നത് ഏറെ പ്രാധാന്യമുള്ളതാണെന്ന് ജനറൽ ഡിപ്പാർട്മെന്‍റ് ഓഫ് ട്രാഫിക് ഡയറക്ടർ ബ്രിഗേഡിയർ ജുമ സലീം ബിൻ സുവൈദാൻ പറഞ്ഞു.
വിദ്യാർഥികളുടെ യാത്രയുടെ എല്ലാ ഘട്ടത്തിലും ഡ്രൈവർമാർ സുരക്ഷ നടപടികൾ പിന്തുടരുന്നുണ്ടെന്ന് ഉറപ്പുവരുത്താനും സ്കൂൾ ഗതാഗത മേഖലകളിലുടനീളം സുരക്ഷിതമായ ഡ്രൈവിങ് സംസ്കാരം വ്യാപിപ്പിക്കാനും ലക്ഷ്യമിട്ടുള്ള ട്രാഫിക് ബോധവത്കരണ പരിപാടികളുടെ ഭാഗമായിരുന്നു വർക്ക്ഷോപ്പുകളെന്നും അദ്ദേഹം വിശദീകരിച്ചു. സുരക്ഷിതമായ ഡ്രൈവിങ് രീതികൾ മെച്ചപ്പെടുത്തുന്നതിൽ പരിശീലന കേന്ദ്രങ്ങൾ പ്രധാന പങ്കാളികളാണെന്നും സുരക്ഷാ മാനദണ്ഡങ്ങൾ ഉയർത്തുന്നതിന് ഈ സ്ഥാപനങ്ങളും ദുബൈ പൊലീസും തമ്മിലുള്ള സഹകരണം അനിവാര്യമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

