സായിദ് വര്‍ഷം: ഗിന്നസ് റെക്കോര്‍ഡ് റോഡ് റൈഡേഴ്സ് പ്രദര്‍ശനത്തിന് റാസല്‍ഖൈമ ഒരുങ്ങി
text_fieldsറാസല്‍ഖൈമ: ഗിന്നസ് റെക്കോര്‍ഡ് ലക്ഷ്യമിടുന്ന റാസല്‍ഖൈമയിലെ റോഡ് റൈഡേഴ്സ് പ്രദര്‍ശനത്തിന് ഒരുക്കങ്ങളായതായി റാക് ചേംബര്‍ ഓഫ് കൊമേഴ്സ് ആൻറ് ഇന്‍ഡസ്ട്രി ചെയര്മാന് ശൈഖ് മുഹമ്മദ് അലി മുസബ്ബഹ് അല്‍ നുഐമി പത്രസമ്മേളനത്തില്‍ അറിയിച്ചു. നാളെ മുതല്‍ 24 വരെ നടക്കുന്ന റൈഡിംഗും ഇതോടനുബന്ധിച്ച് റാക് എക്സ്പോ സെൻററില്‍ നടക്കുന്ന പ്രദര്‍ശനവും ജനങ്ങളില്‍ ആകാംക്ഷയുണര്ത്തുന്നതാകും. യു.എ.ഇയിലെ ഏറ്റവും വലിയ ബൈക്ക് റൈഡിംഗിനാണ് റാസല്‍ഖൈമ സാക്ഷ്യം വഹിക്കുകയെന്നും അധികൃതര്‍ വ്യക്തമാക്കി. ലോകോത്തര ബൈക്ക് റൈഡര്‍മാര്‍ അണിനിരക്കുന്ന റൈഡിംഗ് ആവേശം നിറഞ്ഞതാകും.
യു.എ.ഇയുടെ ഏറ്റവും ഉയരം കൂടിയ പര്‍വത നിരയായ ജൈസിലേക്കാകും 500ഓളം വരുന്ന ബൈക്ക് യാത്രികരുടെ സഞ്ചാരം. കുട്ടികള്‍ക്കും കുടുംബങ്ങള്‍ക്കുമായി പ്രത്യേക വിനോദ പരിപാടികള്‍ ഒരുക്കിയിട്ടുള്ളതായും ബന്ധപ്പെട്ടവര്‍ അറിയിച്ചു. യു.എ.ഇ സുപ്രീം കൗണ്‍സില്‍ അംഗവും റാസല്‍ഖൈമ ഭരണാധിപനുമായ ശൈഖ് സഊദ് ബിന്‍ സഖര്‍ ആല് ഖാസിമിയുടെ രക്ഷാകര്‍തൃത്വത്തില്‍ റാക് ചേംബര്‍ ഓഫ് കൊമേഴ്സ് ആൻറ് ഇന്‍ഡസ്ട്രി ഇവൻറ്സ് ലാബുമായി സഹകരിച്ചാണ് റാക് റോഡ് റൈഡേഴ്സ് ഒരുക്കുന്നത്. സ്റ്റണ്ട് മാസ്റ്റേഴ്സ് കപ്പ് സായിദ് വര്‍ഷാചരണത്തോടനുബന്ധിച്ച് നടക്കുന്ന ഉല്‍സവത്തിലെ പ്രത്യേക ആകര്‍ഷണമാകും.
റാക് എക്സ്പോ സെൻററില്‍ നടക്കുന്ന പ്രദര്‍ശനത്തില്‍ നവീന ഉപകരണങ്ങളും യന്ത്ര സാമഗ്രികളും സ്ഥാനം പിടിക്കും. ഹാര്‍ലി ഡേവിഡ്സണ് ഉള്‍പ്പെടെ ലോക ബ്രാന്‍ഡുകള്‍ ഉള്‍ക്കൊള്ളുന്ന 40ഓളം സ്റ്റാളുകള്‍ എക്സ്പോയില്‍ പ്രവര്‍ത്തിക്കും. പരിഷ്കരിച്ച മോട്ടോര്‍ ബൈക്കുകളും അന്താരാഷ്ട്ര മോഡലുകള്‍ക്ക് ബുക്കിംഗിനും സൗകര്യമുണ്ടാകും. മോട്ടോര്‍ ബൈക്കുകളുമായി ബന്ധപ്പെട്ട വിവിധ മല്‍സരങ്ങളും ശില്‍പ്പശാലകളും മൂന്ന് ദിവസങ്ങളിലായി റാക് എക്സ്പോ കേന്ദ്രീകരിച്ച് നടക്കുമെന്നും റാക് റോഡ് റൈഡേഴ്സ് 2018 പ്രോജക്ട് മാനേജര്‍ അഹമ്മദ് അല്‍ സബബ് വിശദീകരിച്ചു. ചേംബര്‍ ഓഫ് കൊമേഴ്സ് ആക്ടിംഗ് ഡയറക്ടര്‍ മുഹമ്മദ് ഹസന് അല്‍ സബബ്, ഇവൻറ്സ് ലാബ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
