അൽ ഥനിയ സ്ട്രീറ്റിൽ റോഡ് നവീകരണം
text_fieldsഅൽ ഥനിയ സ്ട്രീറ്റ്
ദുബൈ: നഗരത്തിൽ ഗതാഗതം സുഗമമാക്കുന്നതിന്റെ ഭാഗമായി ശൈഖ് സായിദ് റോഡിനേയും അൽ വസൽ റോഡിനേയും ബന്ധിപ്പിക്കുന്ന അൽ ഥനിയ സ്ട്രീറ്റിൽ ആരംഭിച്ച റോഡ് നവീകരണം അതിവേഗം പുരോഗമിക്കുന്നതായി ദുബൈ റോഡ് ഗതാഗത അതോറിറ്റി (ആർ.ടി.എ). അൽ ഥനിയ സ്ട്രീറ്റിലേക്ക് നീളുന്ന ശൈഖ് സായിദ് റോഡിന്റെ സർവിസ് റോഡിൽ നിലവിലുള്ള റൗണ്ട് എബൗട്ടിന്റെ നവീകരണം, അൽ ഥനിയ സ്ട്രീറ്റിലും സ്ട്രീറ്റ് 10ലുമുള്ള ജങ്ഷനുകളിൽ സിഗ്നൽ നിർമാണം, കാൽനടക്കാരുടെ സുരക്ഷക്കായി നടപ്പാത വികസനം, ട്രാഫിക് സിഗ്നലുകൾ സ്ഥാപിക്കൽ എന്നീ പ്രവൃത്തികളാണ് പദ്ധതിയിൽ ഉൾപ്പെടുന്നത്. നഗരത്തിലെ പ്രധാന മേഖലകളിൽ സുഗമമായ ഗതാഗതം ഉറപ്പുവരുത്തുന്നതിനും റോഡ് ശൃംഖലകൾ ശക്തിപ്പെടുത്തുന്നതിനുമായുള്ള ആർ.ടി.എ പ്രഖ്യാപിച്ച നയങ്ങളുടെ ഭാഗമായുള്ള നവീകരണ പദ്ധതി സെപ്റ്റംബറിൽ പൂർത്തിയാവും.
ദുബൈയിലെ ജനംസഖ്യ വർധനവിനേയും നഗര വികസനത്തേയും പിന്തുണക്കുന്ന പദ്ധതി, അടിസ്ഥാന സൗകര്യങ്ങളിലും ഗതാഗത രംഗത്തും ആഗോള മുൻനിര നഗരമെന്ന എമിറേറ്റിന്റെ സ്ഥാനത്തെ ശക്തിപ്പെടുത്തുകയും ചെയ്യുമെന്ന് ആർ.ടി.എ പ്രസ്താവനയിൽ വ്യക്തമാക്കി. അൽ താനിയ സ്ട്രീറ്റിലേക്ക് നീളുന്ന ശൈഖ് സായിദ് റോഡിൽ നിന്നും വരുന്ന വാഹനങ്ങളുടെ ഗതാഗത നീക്കം സുഗമമാക്കാൻ പുതിയ നവീകരണങ്ങൾ സഹായകരമാവും.
സ്ട്രീറ്റ് 10ലേയും അൽ ഥനിയ സ്ട്രീറ്റിലേയും പുതിയ ജങ്ഷനുകൾ ഉമ്മുൽ ഷയ്ഫിനും അൽ മനാറക്കും ഇടയിൽ സഞ്ചരിക്കുന്ന പ്രദേശവാസികളുടെ യാത്ര കൂടുതൽ എളുപ്പമാക്കുകയും ചെയ്യും. ജങ്ഷൻ നവീകരണം ശൈഖ് സായിദ് റോഡ്, അൽ വസൽ റോഡ്, ചുറ്റുമുള്ള റസിഡൻഷ്യൽ, വാണിജ്യ മേഖലകൾ തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിനൊപ്പം സിഗ്നൽ സ്ഥാപിക്കുന്നതുവഴി സുരക്ഷാ നിലവാരം ഉയർത്തുകയും കാൽനടയാത്രക്കാർക്കും സൈക്കിൾ യാത്രക്കാർക്കും സുരക്ഷിതമായ വഴികൾ നൽകുകയും ചെയ്യും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

