ഡ്യൂട്ടിക്കിടെ റോഡപകടം; രണ്ട് പൊലീസ് ഉദ്യോഗസ്ഥർ മരിച്ചു
text_fieldsറോഡപകടത്തിൽ മരിച്ച പൊലീസ് ഉദ്യോഗസ്ഥർ
അബൂദബി: യു.എ.ഇയിൽ റോഡപകടത്തിൽ രണ്ട് പൊലീസ് ഉദ്യോഗസ്ഥർ മരണപ്പെട്ടു. അബൂദബിയിലെ ശൈഖ് സായിദ് തുരങ്കപാതയിൽ തകരാറിലായ വാഹനത്തെ കുറിച്ച് അന്വേഷിക്കുന്നതിനായി പോകുന്നതിനിടെയാണ് അപകടമെന്നാണ് റിപ്പോർട്ട്.
എന്നാണ് അപകടമുണ്ടായതെന്ന് വ്യക്തമല്ല. വെള്ളിയാഴ്ചയാണ് പൊലീസ് മരണവിവരം പുറത്തുവിട്ടത്. ലഫ്റ്റനന്റ് മുഹമ്മദ് ഉബൈദ് മുബാറക്, ലഫ്റ്റനന്റ് സൗദ് ഖാമിസ് അൽ ഹുസനി എന്നീ ഉദ്യോഗസ്ഥരാണ് മരിച്ചതെന്ന് അബൂദബി പൊലീസ് ജനറൽ കമാൻഡ് വാർത്തക്കുറിപ്പിൽ അറിയിച്ചു. പൊലീസുകാരൻ എന്ന പദവിയിൽ നിന്ന് മരണാനന്തരമാണ് ഇരുവരേയും ലഫ്റ്റനന്റ് പദവിയിലേക്ക് ഉയർത്തിയത്.
ഉപ പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ലഫ്റ്റനന്റ് ജനറൽ ശൈഖ് സെയ്ഫ് ബിൻ സായിദ് ആൽ നഹ്യാൻ മരിച്ച ഉദ്യോഗസ്ഥരുടെ ബന്ധുക്കൾക്ക് മെഡൽ ഓഫ് ഡ്യൂട്ടി സമ്മാനിച്ചു. ജനങ്ങളുടെ ജീവനും സ്വത്തും സംരക്ഷിക്കുന്നതിൽ ഇരുവരും കാണിച്ച ആത്മാർഥതയും ആത്മസമർപ്പണവും അഭിനന്ദനാർഹമാണെന്ന് അദ്ദേഹം പറഞ്ഞു.
വിശ്വസ്തതയും ആത്മാർഥതയും പ്രകടിപ്പിക്കുന്ന വിഷയത്തിൽ ഇമാറാത്തി ജനതക്ക് മികച്ച ജീവിത മാതൃകകളാണ് ഇരുവരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

