ബിസിനസ് ബേ മേഖലയിൽ റോഡ് വികസനം പൂർത്തിയായി
text_fieldsബിസിനസ് ബേ മേഖലയിൽ നവീകരണം പൂർത്തിയാക്കിയ റോഡ്
ദുബൈ: ബിസിനസ് ബേ മേഖലയിൽ മൂന്ന് പ്രധാന റോഡ് വികസന പദ്ധതികൾ പൂർത്തിയാക്കി റോഡ് ഗതാഗത അതോറിറ്റി (ആർ.ടി.എ). മേഖലയിലെ ശൈഖ് സായിദ് റോഡിനെയും അൽഖൈൽ റോഡിനെയും ബന്ധിപ്പിക്കുന്ന നിരവധി സ്ഥലങ്ങളിൽ റോഡ് വീതികൂട്ടുകയും നവീകരിക്കുകയുംചെയ്തിട്ടുണ്ട്. ഇത് പ്രദേശത്തെ വാഹന ഗതാഗതവും റോഡ് സുരക്ഷയും മെച്ചപ്പെടുത്തും. താമസക്കാർ, സന്ദർശകർ, ബിസിനസുകൾ എന്നിവക്ക് ഏറെ ഗുണകരമാകുന്നതാണ് പദ്ധതി.
പദ്ധതിയിൽ ശൈഖ് സായിദ് റോഡിന് സമാന്തരമായുള്ള റോഡ് ഇരട്ട റോഡ് വേയാക്കി മാറ്റിയിട്ടുണ്ട്. അതോടൊപ്പം സൈനേജുകളും റോഡ് മാർക്കിങ്ങുകളും നവീകരിച്ചിട്ടുണ്ട്. ഈ ക്രമീകരണം റോഡിന്റെ ശേഷി 100 ശതമാനം വർധിപ്പിക്കുകയും റോഡ് സുരക്ഷ ശക്തമാക്കുകയും റോഡ് ഉപയോക്താക്കൾക്ക് സുഗമമായ ചലനം ഉറപ്പാക്കുകയുംചെയ്യും. ഫസ്റ്റ് അൽ ഖൈൽ സ്ട്രീറ്റിലേക്കുള്ള വലത്തോട്ടുള്ള യാത്രയുടെ ശേഷി 50 ശതമാനം വരെ വർധിപ്പിക്കുന്നതിനായി അൽ മുസ്തഖ്ബൽ സ്ട്രീറ്റും അൽ ഖലീജ് അൽ തേജാരി 1 സ്ട്രീറ്റും തമ്മിലുള്ള കവലയിൽ 100 മീറ്റർ നീളമുള്ള ഒരു പാത കൂട്ടിച്ചേർത്തിട്ടുണ്ട്. ഈ നടപടി തിരക്കും കാത്തിരിപ്പ് സമയവും കുറക്കുകയും കവലയുടെ ശേഷിയും സേവന നിലവാരവും വർധിപ്പിക്കുകയുംചെയ്യും.
നഗരത്തിലെ പ്രധാനപ്പെട്ട മേഖലകളിലൊന്നായ ബിസിനസ് ബേയിലെ റോഡ് ശൃംഖലയുടെ കാര്യക്ഷമതയും അടിസ്ഥാന സൗകര്യവും മെച്ചപ്പെടുത്താനുള്ള സമഗ്രമായ പദ്ധതികളുടെ ഭാഗമായാണ് വികസനം പൂർത്തിയാക്കിയത്.
ദുബൈ എമിറേറ്റിലെ വർധിച്ചുവരുന്ന ജനസംഖ്യയുടെയും നഗരവത്കരണത്തിന്റെയും സാഹചര്യം പരിഗണിച്ച് ആർ.ടി.എ നിരവധി പദ്ധതികളാണ് നടപ്പാക്കുന്നത്. ഗതാഗതത്തിന്റെ ഒഴുക്ക് എളുപ്പമാക്കുകയും സുരക്ഷ ശക്തമാക്കുകയും യാത്രാസമയം കുറക്കുകയും ചെയ്യുന്നത് ലക്ഷ്യമിട്ടാണ് ഓരോ പദ്ധതിയും ആസൂത്രണംചെയ്യുന്നത്. ഇതിലൂടെ റോഡ് ഉപയോക്താക്കളുടെ മൊത്തത്തിലുള്ള അനുഭവം മെച്ചപ്പെടും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

