ദുബൈയിലെ 18 താമസ മേഖലകളിൽ റോഡ് നിർമാണം പൂർത്തിയായി
text_fieldsദുബൈ: എമിറേറ്റിലെ പ്രധാനപ്പെട്ട 18 താമസ മേഖലകളിൽ റോഡുകൾ തമ്മിൽ ബന്ധിപ്പിക്കുന്ന പ്രവൃത്തി പൂർത്തിയാക്കി ദുബൈ റോഡ് ഗതാഗത അതോറിറ്റി (ആർ.ടി.എ). അൽ ഖവാനീജ്, അൽ ബർഷ സൗത്ത്, നാൽ ഷമ്മ, ജുമൈറ 1, സഅബീൽ 1, അൽ റാശിദിയ, മുഹൈസിന, അൽ ബർഷ, അൽ ഹുദൈബ, അൽ ഖുസ് 1, അൽഖൂസ് 3, അൽ സത്വ, അൽ തവാർ 1, മിർദിഫ്, ഉമ്മു റമൂല, ഉമ്മു സുഖൈം, അൽ മിഷർ 1, അൽ മിഷർ 2 എന്നിവിടങ്ങളിലായി 13 കിലോമീറ്റർ നീളത്തിലാണ് പദ്ധതി നടപ്പിലാക്കിയത്.
ഗതാഗതം മെച്ചപ്പെടുത്തൽ കൂടാതെ റോഡരികിൽ കൂടുതൽ പാർക്കിങ് സ്ഥലങ്ങൾ അനുവദിക്കൽ, നടപ്പാത വികസിപ്പിക്കൽ, സ്ട്രീറ്റ് ലൈറ്റ് സ്ഥാപിക്കൽ തുടങ്ങിയവയും പദ്ധതിയിൽ ഉൾപ്പെടും. ദുബൈയിലുടനീളമുള്ള റോഡ്, അടിസ്ഥാന സൗകര്യ വികസനത്തിലൂടെ നഗര വികസനത്തിന്‍റെയും ജനസംഖ്യ വർധനവിന്‍റെയും ഭാഗമായി ഉയരുന്ന ആവശ്യങ്ങൾ നിറവേറ്റുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമാണിതെന്ന് ആർ.ടി.എ പ്രസ്താവനയിൽ അറിയിച്ചു. എമിറേറ്റിലെ നഗര പ്രദേശങ്ങൾ വർധിപ്പിക്കുക, താമസക്കാരുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുക, ഉയർന്ന ഗതാഗത സുരക്ഷ നിലവാരം കൈവരിക്കുക, ദുബൈയിലെ റോഡുകൾ ഏറ്റവും കാര്യക്ഷവവും ഉയർന്ന നിലവാരവുമുള്ളതായി നിലനിർത്തുക തുടങ്ങിയവയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം.
പുതിയ കണക്ഷനുകൾ റോഡുകൾ തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുകയും ടാർ ചെയ്യാത്ത റോഡുകൾ ടാർ ചെയ്യുന്നതിലൂടെ താമസ മേഖലകളിലേക്കും തിരിച്ചുമുള്ള വാഹനങ്ങളുടെ പ്രവേശനം സുഗമമാക്കുകയും ചെയ്യുമെന്ന് ട്രാഫിക് ആൻഡ് റോഡ്സ് ഏജൻസിയുടെ റോഡ്സ് ഡയറക്ടർ ഹമദ് അൽ ഷഹി പറഞ്ഞു. റോഡ് ഉപഭോക്താക്കൾക്ക് സുഗമവും സുരക്ഷിതവുമായ ഡ്രൈവിങ് അനുഭവം സമ്മാനിക്കുന്നതിനൊപ്പം ഈ മേഖലകളിലൂടെയുള്ള യാത്ര സമയത്തിൽ 40 ശതമാനം വരെ സമയം കുറക്കാനും പദ്ധതി പ്രയോജനപ്പെടും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

