അപകടങ്ങൾക്ക് ബ്രേക്കിടാൻ അബൂദബിയിൽ റോഡ് സുരക്ഷ കാമ്പയിൻ
text_fieldsഅബൂദബി: റോഡ് സുരക്ഷ ഉറപ്പാക്കാനുള്ള പദ്ധതിയുടെ ഭാഗമായി അബൂദബി പൊലീസ് ‘റോഡ് സുരക്ഷിതമാക്കൂ’ എന്ന മുദ്രാവാക്യത്തിൽ ട്രാഫിക് ബോധവത്കരണ കാമ്പയിൻ ആരംഭിച്ചു. വാഹനമോടിക്കുന്നവരിൽ മാതൃകാപരമായ പെരുമാറ്റരീതി പരിശീലിപ്പിക്കുകയും നിഷേധാത്മകമായ രീതികൾ ഒഴിവാക്കാൻ മുന്നറിയിപ്പ് നൽകുകയുമാണ് ഈ കാമ്പയിനിലൂടെ ലക്ഷ്യമാക്കുന്നത്.
തലസ്ഥാന എമിറേറ്റിലുടനീളം ഡ്രൈവർമാരുടെ പെരുമാറ്റരീതി മെച്ചപ്പെടുത്തുന്നതിന് സമഗ്രമായ പദ്ധതി നടപ്പാക്കാനുള്ള അബൂദബി പൊലീസ് കമാൻഡർ ഇൻ ചീഫ് മേജർ ജനറൽ പൈലറ്റ് ഫാരിസ് ഖലഫ് അൽ മസ്റൂഇയിയുടെ നിർദേശാനുസരണമാണ് ബോധവത്കരണ പ്രചാരണം ആരംഭിച്ചതെന്ന് അബൂദബി പൊലീസ് സെൻട്രൽ ഓപറേഷൻസ് വിഭാഗം ഡയറക്ടർ ബ്രിഗേഡിയർ സുഹൈൽ സയീദ് അൽ ഖെയ്ലി വാർത്തസമ്മേളനത്തിൽ അറിയിച്ചു.
‘റോഡ് എപ്പോഴും സുരക്ഷിതം’ എന്ന ലക്ഷ്യത്തിെൻറ സന്ദേശം വിവിധ മാധ്യമങ്ങൾ, സമൂഹ മാധ്യമങ്ങൾ, പൊതുജന കൂട്ടായ്മകൾ, സമ്മേളനം എന്നിവയിലൂടെ ഒട്ടേറെ ഡ്രൈവർമാരിൽ എത്തിക്കാനാണ് പദ്ധതി. ഇതിനായി വൈവിധ്യമാർന്ന ബോധവത്കരണ പരിപാടികൾ അബൂദബി, അൽഐൻ, അൽ ഗർബിയ മേഖലകളിൽ നടപ്പാക്കും.
കാമ്പയിനിൽ പ്രാധാന്യം നൽകുന്ന വിഷയങ്ങൾ
1. സ്കൂൾ ബസിെൻറ വാതിൽ ഭാഗത്തെ ‘സ്റ്റോപ്’ ചിഹ്നം സജീവമാകുമ്പോൾ പിറകിലെ വാഹനം നിർബന്ധമായും നിർത്തുന്ന സംസ്കാരം പ്രചരിപ്പിക്കുക.
2. അടിയന്തര സേവനത്തിനുള്ള ആംബുലൻസ്, പൊലീസ്, അഗ്നിശമന വാഹനങ്ങൾ, ഔദ്യോഗിക സന്ദർഭങ്ങളിൽ ഒരുമിച്ചു സഞ്ചരിക്കുന്ന വാഹനങ്ങൾ എന്നിവക്ക് മാർഗതടസ്സമുണ്ടാക്കാതെ വഴി നൽകൽ.
3. റോഡിൽ നിശ്ചയിച്ചിട്ടുള്ള വേഗപരിധി മറികടക്കാതിരിക്കൽ.
4. വളരെ മന്ദഗതിയിൽ വാഹനം ഓടിക്കുന്നതും ഗതാഗത തടസ്സമുണ്ടാക്കുമെന്ന തിരിച്ചറിവ്.
5. പ്രധാന ജങ്ഷനുകളിലെത്തുമ്പോൾ (കവലകളിലെ) സ്റ്റോപ് ചിഹ്നങ്ങൾ ശ്രദ്ധിച്ച് വേഗംകുറക്കുകയും പൂർണമായും സ്റ്റോപ് ചെയ്യേണ്ടിടത്ത് നിർത്തി വാഹനം ഡ്രൈവ് ചെയ്യുന്ന സംസ്കാരം പ്രോത്സാഹിപ്പിക്കൽ.
6. ചുവപ്പ് സിഗ്നൽ മറികടക്കുന്ന കുറ്റകൃത്യങ്ങൾ തടയൽ.
7. കാറുകളുടെ സ്വാഭാവിക നിലകളിൽ വരുത്തുന്ന മാറ്റത്തിെൻറ ദൂഷ്യഫലവും അതുമൂലമുണുണ്ടാകുന്ന ശബ്ദ മലിനീകരണത്തിെൻറ വിപരീത ഫലങ്ങളെക്കുറിച്ചും പൊതുജനങ്ങളിൽ അവബോധം വളർത്തൽ.
8. റോഡിൽ സഞ്ചരിക്കുന്ന കാൽനടയാത്രക്കാരുടെയും സൈക്കിൾ യാത്രക്കാരുടെയും കാര്യത്തിൽ വാഹന ഡ്രൈവർമാർ എപ്പോഴും ശ്രദ്ധിക്കുകയും അപകട സാധ്യത പരമാവധി ഒഴിവാക്കുകയും ചെയ്യൽ.
മാളുകളിലും തിയറ്ററിലും ബോധവത്കരണം
തലസ്ഥാന എമിറേറ്റിലെ എല്ലാ മാളുകളിലെയും മോണിറ്ററുകളിലും സിനിമാശാലകളിലും റോഡ് സുരക്ഷാ ബോധവത്കരണം വിളംബരം ചെയ്യുന്ന സന്ദേശങ്ങളും വിഡിയോകളും പ്രദർശിപ്പിക്കും. അബൂദബി, അൽഐൻ, ദഫ്റ എന്നിവിടങ്ങളിലെ സ്കൂൾ ബസ്, ടാക്സി ഡ്രൈവർമാരെ ലക്ഷ്യംെവച്ചുള്ള സമഗ്ര ബോധവത്കരണ പരിപാടിയും ഉടനെ നടപ്പാക്കും.
കാൽനട യാത്രക്കാരെ ഗൗനിക്കണം
റോഡിലെ ഷോൾഡറുകളിലൂടെ വാഹനം ഡ്രൈവ് ചെയ്യുന്നതിെൻറ അപകടങ്ങളെക്കുറിച്ചും അധികൃതർ മുന്നറിയിപ്പ് നൽകി. നിശ്ചിത സ്ഥലത്തുകൂടി കാൽനടയാത്രക്കാർ ഏതു സമയത്തും കടന്നുപോകാം. റോഡ് ഷോൾഡർ ഒരു കാരണവശാലും തടയരുത്. വാഹനമോടിക്കുമ്പോൾ മൊബൈൽ ഫോൺ ഉപയോഗിക്കരുതെന്നും മുന്നിലുള്ള വാഹനങ്ങൾക്ക് പിന്നിൽ സുരക്ഷിതമായ അകലം എപ്പോഴും പാലിക്കണമെന്നും അധികൃതർ മുന്നറിയിപ്പു നൽകി.
പൊലീസ് വാഹനങ്ങളിൽ ‘ബീ റോഡ് സേഫ്’ സ്റ്റിക്കർ
‘ബീ റോഡ് സേഫ്’ മുദ്രാവാക്യം വിളംബരം ചെയ്യുന്ന സ്റ്റിക്കർ അബൂദബി പൊലീസ് വാഹനങ്ങളിൽ പതിച്ചാണ് ട്രാഫിക് പട്രോളിങ് നടത്തുന്നതെന്നും ജനങ്ങളിൽ അവബോധം സൃഷ്ടിക്കാൻ ഇതു സഹായിക്കുമെന്നും അബൂദബി പൊലീസ് സാമൂഹിക ബോധവത്കരണ വിഭാഗം തലവൻ ലെഫ്റ്റനൻറ് കേണൽ സെയ്ഫ് അൽ ജാബിരി അറിയിച്ചു. അബൂദബി പൊലീസിെൻറ ഈ ഗതാഗത സുരക്ഷ യത്നങ്ങളുടെ ഭാഗമാകാൻ എല്ലാ മാധ്യമ സ്ഥാപനങ്ങളും സമൂഹ മാധ്യമങ്ങളിൽ സ്വാധീനം ചെലുത്തുന്ന വ്യക്തികളോടും അദ്ദേഹം ആവശ്യപ്പെട്ടു.
പ്രചാരണം മലയാളത്തിലും
പൊതുജനങ്ങൾ സമ്മേളിക്കുന്ന എല്ലാ മജ്ലിസുകളിലും വെള്ളിയാഴ്ച ജുമുഅ പ്രഭാഷണങ്ങളിലും, സർക്കാർ സ്ഥാപനങ്ങളുടെ ബോധവത്കരണ പരിപാടികളിലും സാമൂഹിക സാംസ്കാരിക സംഘടനകളുടെ മീറ്റിങ്ങുകളിലും റോഡ് സുരക്ഷിതമാക്കുന്നതിെൻറ പ്രചാരണമെത്തിച്ച് സാമൂഹിക പങ്കാളിത്തം ഉറപ്പാക്കുന്നതിലൂടെ ക്രിയാത്മകമായ മാറ്റമുണ്ടാക്കാനാവുമെന്ന് സാമൂഹിക ബോധവത്കരണ വിഭാഗം മേധാവി ലഫ്റ്റനൻറ് കേണൽ സെയ്ഫ് അൽ ജാബിരി ആവർത്തിച്ചു.
മലയാളം, ഇംഗ്ലീഷ്, ഉർദു, അറബിക്, ചൈനീസ് ഭാഷകൾ പ്രചാരണത്തിനായി ഉപയോഗിക്കും. സെൻട്രൽ ഓപറേഷൻസ് സെക്ടർ ഡെപ്യൂട്ടി ഡയറക്ടർ ബ്രിഗേഡിയർ അഹമ്മദ് അൽ ഷെഹി, ട്രാഫിക് ആൻഡ് പട്രോൾസ് വിഭാഗം ഡെപ്യൂട്ടി ഡയറക്ടർ ബ്രിഗേഡിയർ സലീം ബറാക് എന്നിവരും മുതിർന്ന പൊലീസ് ഉദ്യോഗസ്ഥരും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
