ശൈഖ് സായിദ് റോഡിൽ ട്രക്കും ലോറിയും കൂട്ടിയിടിച്ച് രണ്ട് മരണം
text_fieldsശൈഖ് മുഹമ്മദ് ബിൻ സായിദ് റോഡിൽ വെള്ളിയാഴ്ച പുലർച്ചെയുണ്ടായ അപകടത്തിൽ തകർന്ന ട്രക്ക്
ദുബൈ: ശൈഖ് മുഹമ്മദ് ബിൻ സായിദ് റോഡിൽ വെള്ളിയാഴ്ച പുലർച്ചെ ട്രക്കും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ടുപേർ മരിച്ചു. രണ്ടു പേർക്ക് ഗുരുതര പരിക്ക്. വെള്ളിയാഴ്ച പുലർച്ചെ 5.35ന് അബൂദബിയിലേക്ക് പോകുന്ന റോഡിലായിരുന്നു അപകടം.
മുന്നിൽ സഞ്ചരിച്ച ലോറിയുടെ പിന്നിൽ പിക്കപ് ട്രക്ക് ഇടിച്ചു കയറുകയായിരുന്നു. മുന്നിലുണ്ടായിരുന്ന ലോറിയുമായി ട്രക്ക് കൃത്യമായ അകലം പാലിക്കാതിരുന്നതാണ് അപകടത്തിന് കാരണമെന്ന് ദുബൈ പൊലീസ് അറിയിച്ചു.
ട്രക്ക് ഡ്രൈവർ ഉറങ്ങിപ്പോയതാകാം അപകടത്തിനിടയാക്കിയതെന്നും സംശയിക്കുന്നുണ്ട്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ രണ്ടുപേരെ ദുബൈ പൊലീസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. കൊല്ലപ്പെട്ടവരുടെയും പരിക്കേറ്റവരുടെയും വിവരങ്ങൾ പൊലീസ് പുറത്തുവിട്ടിട്ടില്ല. കൊല്ലപ്പെട്ടത് യാത്രക്കാരാണോ അതോ ഡ്രൈവർമാരാണോ എന്ന കാര്യവും വ്യക്തമായിട്ടില്ല.
അപകടവിവരം അറിഞ്ഞ ഉടനെ ദുബൈ പൊലീസിന്റെ ട്രാഫിക് ദ്രുതകർമ ടീം സംഭവസ്ഥലത്ത് എത്തുകയും രക്ഷാപ്രവർത്തനം നടത്തുകയും ചെയ്തതായി ദുബൈ പൊലീസ് ജനറൽ ട്രാഫിക് വിഭാഗം ഡെപ്യൂട്ടി ഡയറക്ടർ ബ്രിഗേഡിയർ ജുമ സലിം ബിൻ സുവൈദാൻ പറഞ്ഞു.
റോഡ് സുരക്ഷ നിയമങ്ങൾ കർശനമായി പാലിക്കേണ്ടതിന്റെ പ്രാധാന്യമാണ് ഇത്തരം അപകടങ്ങൾ അടിവരയിടുന്നത്. ഡ്രൈവർമാർ എപ്പോഴും വാഹനങ്ങൾ തമ്മിൽ കൃത്യമായ അകലം പാലിക്കാൻ ശ്രദ്ധിക്കണം. അപകടകരമായ രീതിയിൽ വാഹനങ്ങളെ മറികടക്കുന്നത് ഗുരുതരമായ പ്രത്യാഘാതങ്ങൾക്ക് ഇടയാക്കുമെന്നും അദ്ദേഹം മുന്നറിയിപ്പു നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

