റിസ്വാൻ റഊഫ് മലയാളത്തിന്റെ നായകൻ
text_fieldsറിസ്വാൻ റഊഫ്
ദുബൈ: ക്രിക്കറ്റിന്റെ മണ്ണായ തലശ്ശേരിയിൽനിന്ന് ഉദിച്ചുയർന്ന നായകനാണ് റിസ്വാൻ റഊഫ്. ജഴ്സി ഇന്ത്യയുടേതല്ലെങ്കിലും രാജ്യാന്തര ക്രിക്കറ്റിൽ മലയാളത്തിന് അഭിമാനിക്കാൻ നിരവധി മുഹൂർത്തങ്ങൾ സമ്മാനിച്ചിട്ടുണ്ട് ഈ നായകൻ. ഒടുവിൽ, യു.എ.ഇ ദേശീയ ടീമിന്റെ ക്യാപ്റ്റനായി അവരോധിക്കപ്പെടുമ്പോൾ പ്രവാസലോകത്തിന്റെ ഒന്നടങ്കം അഭിമാനമായി മാറുകയാണ് ഈ വലംകൈയൻ ബാറ്റർ.
കണ്ണൂർ തലശ്ശേരി സൈദാർ പള്ളി സ്വദേശിയായ റിസ്വാൻ മൂന്ന് വർഷം മുമ്പാണ് യു.എ.ഇ ദേശീയ ടീമിലിടം നേടുന്നത്. യു.എ.ഇയുടെ കുപ്പായത്തിൽ നേപ്പാളിനെതിരെയാണ് ആദ്യമായി പാഡണിഞ്ഞത്. എട്ടാം ക്ലാസിൽ പഠിക്കുമ്പോൾ കണ്ണൂർ ജില്ല ടീമിൽ ഇടം നേടിയാണ് തലശ്ശേരിയിലെ ക്രിക്കറ്റ് മൈതാനത്ത് ചുവടുറപ്പിക്കുന്നത്. ലെഗ് സ്പിന്നറായി ബൗളിങ് നിരിയിലായിരുന്നു അന്ന് സ്ഥാനം. പതിയെ ബാറ്റിങ്ങിലേക്ക് ചുവടുമാറി. പിന്നീട് സെൻറ് ജോസഫ് സ്കൂളിലെ പ്ലസ്ടു പഠനകാലത്ത് എല്ലാ കാറ്റഗറികളിലും കേരള ടീമിലെ സ്ഥിരം സാന്നിധ്യമായി. പിന്നാലെ കേരള രഞ്ജി ടീമിൽ ലെഗ് സ്പിന്നറും ഓപണിങ് ബാറ്റ്സ്മാനുമായി. എൻജിനീയറിങ് പഠനത്തിന് ശേഷമാണ് റിസ്വാൻ യു.എ.ഇയിലെത്തുന്നത്. സജീവമായ ആഭ്യന്തര ക്രിക്കറ്റുകളിലെ മിന്നും പ്രകടനം തന്നെയാണ് ദേശീയ ടീമിൽ ഇടം നേടാൻ സഹായകമായത്.
കഴിഞ്ഞവർഷം അബൂദബിയിൽ അയർലൻഡിനെതിരെ നടന്ന മത്സരത്തിലെ സെഞ്ച്വറി മലയാളികൾക്കും അഭിമാന നിമിഷമായി. സഞ്ജു സാംസൺ ഇന്ത്യൻ ടീമിന്റെ ജഴ്സി അണിഞ്ഞെങ്കിലും അന്താരാഷ്ട്ര ക്രിക്കറ്റിൽ സെഞ്ച്വറി നേടാൻ കഴിഞ്ഞിട്ടില്ല. ഈ ഇടവേളയിലാണ് രാജ്യാന്തര ക്രിക്കറ്റിൽ സെഞ്ച്വറി നേടുന്ന ആദ്യ മലയാളി താരമെന്ന പകിട്ട് റിസ്വാൻ സ്വന്തമാക്കിയത്.
മുൻ ഇന്ത്യൻ താരം റോബിൻ സിങ് പരിശീലനം നൽകുന്ന യു.എ.ഇ ടീം റിസ്വാന്റെ നേതൃത്വത്തിൽ ഏഷ്യ കപ്പ് യോഗ്യതക്കായുള്ള കഠിന പരിശ്രമത്തിലാണ്. ഒമാനിൽ നടക്കുന്ന മത്സരത്തിൽ കുവൈത്തിനെയും ഹോങ്കോങ്ങിനെയും സിംഗപ്പൂരിനെയും മറികടന്ന് യോഗ്യത നേടിയാൽ റിസ്വാനെ കാത്തിരിക്കുന്നത് മറ്റൊരു ചരിത്ര നിമിഷമാണ്. ഹോം ഗ്രൗണ്ടായ ദുബൈയിൽ ഇന്ത്യൻ ടീമിനെ നേരിടുന്ന യു.എ.ഇയെ നയിക്കാനുള്ള ഭാഗ്യം റിസ്വാന് കൈവന്നേക്കും. അതിനുള്ള കഠിനപരിശ്രമത്തിൽ തന്നെയാണ് റിസ്വാന്റെ സംഘം.
'സന്തോഷം, അഭിമാനം...'
ദുബൈ: യു.എ.ഇ ടീമിന്റെ നായകനായി തിരഞ്ഞെടുക്കപ്പെട്ടതിൽ സന്തോഷവും അഭിമാനവുമുണ്ടെന്ന് റിസ്വാൻ റഊഫ്. ഒമാനിൽ ടീമിനൊപ്പമുള്ള റിസ്വാൻ ഫോണിൽ 'ഗൾഫ് മാധ്യമ'ത്തോട് സംസാരിക്കുകയായിരുന്നു. ദൈവത്തിന് നന്ദി പറയുന്നു. ഈ പദവി കൂടുതൽ ഉത്തരവാദിത്തം നൽകുന്നതാണ്. യു.എ.ഇ പോലൊരു രാജ്യത്തിനുവേണ്ടി കളിക്കാൻ കഴിയുന്നതുതന്നെ സന്തോഷകരമാണ്. ഏഷ്യ കപ്പ് യോഗ്യത നേടുക എന്നതാണ് പ്രഥമ ലക്ഷ്യം. ഇതിനായി താനും ടീമും പൂർണമായും അർപ്പിച്ചിരിക്കുകയാണെന്നും യോഗ്യത നേടുമെന്നാണ് പ്രതീക്ഷയെന്നും റിസ്വാൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

