യു.എ.ഇ ദേശീയ ടീമിലേക്ക് തിരിച്ചുവരവിനൊരുങ്ങി റിസ്വാൻ
text_fieldsറിസ്വാൻ
ദുബൈ: യു.എ.ഇ ദേശീയ ടീമിലേക്കുള്ള തിരിച്ചുവരവിന് ഒരുങ്ങി മുൻ നായകനും മലയാളിയുമായ സി.പി. റിസ്വാൻ. യു.എ.ഇയിലെ ഏറ്റവും മികച്ച ആഭ്യന്തര ടൂർണമെന്റായ ഇ.സി.ബി ഡി 50 ടൂർണമെന്റിൽ കാഴ്ചവെച്ച മികച്ച പ്രകടനം അന്താരാഷ്ട്ര ക്രിക്കറ്റ് ടീമിലേക്ക് വീണ്ടും വഴി തുറക്കുമെന്ന പ്രതീക്ഷയിലാണ് ഇദ്ദേഹം.
ഇ.സി.ബി.ഡി 50 ടൂർണമെന്റിൽ അഞ്ചു ഇന്നിങ്സുകളിലായി 325 റൺസാണ് റിസ്വാൻ സ്വന്തമാക്കിയത്. യു.എ.ഇ ടീമിലേക്കുള്ള തിരിച്ചുവരവ് തന്റെ സ്വപ്നമാണെന്നും അത് യാഥാർഥ്യമാവുമെന്നാണ് പ്രതീക്ഷയെന്നും റിസ്വാൻ ‘ഗൾഫ് മാധ്യമ’ത്തോട് പറഞ്ഞു. മികച്ച പ്രകടനം കാഴ്ചവെക്കുകയെന്നതാണ് ദൗത്യം.
അത് നമ്മുടെ നിയന്ത്രണത്തിൽ വരുന്ന കാര്യമാണ്. എന്നാൽ, ദേശീയ ടീമിലേക്കുള്ള സെലക്ഷൻ നടപടികൾ അങ്ങനെയല്ല. യു.എ.ഇയിലെ ഏറ്റവും മികച്ച ആഭ്യന്തര ടൂർണമെന്റാണ് ഡി 50. അതിൽ മികച്ച പ്രകടനം കാഴ്ചവെച്ച് രാജ്യത്തിന് വേണ്ടി കളിക്കാനുള്ള ആഗ്രഹം അറിയിക്കുകയായിരുന്നു ലക്ഷ്യം. ഭാഗ്യവശാൽ ബാറ്റിങ് ചാർട്ടിൽ ടോപ്പറാവാൻ കഴിഞ്ഞതായും മുൻ ക്യാപ്റ്റൻ പറഞ്ഞു.
2022ൽ നടന്ന ക്രിക്കറ്റ് ലോക കപ്പ് ലീഗ് 2 മാച്ചിൽ കാനഡക്കെതിരെയാണ് 36കാരനായ റിസ്വാൻ അവസാനമായി യു.എ.ഇ ദേശീയ ടീമിനായി കളിച്ചത്. 2022ൽ നമീബിയക്കെതിരെ യു.എ.ഇയുടെ ആദ്യ ഐ.സി.സി ടി20 ലോകകപ്പ് വിജയം നേടിയതും റിസ്വാന്റെ നായകത്വത്തിന് കീഴിലായിരുന്നു. യു.കെയിൽ നടത്തിയ വേനൽക്കാല പരിശീലനം വെല്ലുവിളി നേരിടാൻ പ്രാപ്തമാക്കിയതായും ആത്മവിശ്വാസം വർധിച്ചതായും റിസ്വാൻ പറഞ്ഞു.
ഐ.സി.സി ടി20 ലോക കപ്പിൽ യു.എ.ഇയുടെ ആദ്യ വിജയം നേടിയ ടീമിനെ നയിക്കാനായതിൽ അതിയായ സന്തോഷമുണ്ട്. 2027ൽ നടക്കാനിരിക്കുന്ന ഏകദിന ലോകകപ്പിൽ ദേശീയ ടീമിനായി ഒരിക്കൽ കൂടി കളിക്കുകയെന്നതാണ് ഏറ്റവും വലിയ സ്വപ്നമെന്നും റിസ്വാൻ പറഞ്ഞു. അതേസമയം, 50 ഓവർ ഫോർമാറ്റിൽ വിജയം നേടുകയെന്നത് യു.എ.ഇയെ സംബന്ധിച്ച് ഇപ്പോഴും ആശങ്കയുളവാക്കുന്നതാണ്.
ടി20 ഫോർമാറ്റിൽ നിന്ന് മാറി 50 ഓവർ ഫോർമാറ്റിൽ കൂടുതൽ ശ്രദ്ധ ചെലുത്തണമെന്നതാണ് കോച്ച് ലാൽചന്ദ് രജപുതിന്റെയും അഭിപ്രായം. 50 ഓവർ ഫോർമാറ്റിൽ കളിക്കാരുടെ പരിമിതമായ പ്രകടനമാണ് ടീമിനെ അലട്ടുന്ന വിഷയം. അത് മറികടക്കാനായാൽ വിജയം വരിക്കാനാവുമെന്നാണ് വിലയിരുത്തൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

