ആവേശമായി റിയാദ് മാരത്തൺ; 100 രാജ്യങ്ങളിൽനിന്ന് 40,000 പേർ പങ്കെടുത്തു
text_fieldsറിയാദ്: സൗദിയിലെ ഏറ്റവും വലിയ കായികമത്സരമായ ‘റിയാദ് മാരത്തൺ’ കൂട്ടയോട്ടമത്സരം ശനിയാഴ്ച റിയാദിൽ നടന്നു. 100 രാജ്യങ്ങളിൽനിന്ന് 40000ത്തിലധികം പേർ പങ്കെടുത്തു. രാവിലെ സുര്യോദയത്തോടെ ആരംഭിച്ച ‘റിയാദ് മാരത്തൺ 2025ന്റെ നാലാം പതിപ്പ് ചരിത്രത്തിലെ ഏറ്റവും വലിയ ജനപങ്കാളിത്തത്തിന് സാക്ഷ്യം വഹിച്ചു. ബോളിവാഡ് സിറ്റിയിലെ കിങ്ഡം അരീനയിൽ ആവേശവും വെല്ലുവിളിയും നിറഞ്ഞ ഒരു കായിക അന്തരീക്ഷത്തിലാണ് ആളുകൾ ഒത്തുകൂടിയത്. കഴിഞ്ഞ ബുധനാഴ്ച ആരംഭിച്ച ‘സ്‌പോർട്‌സ് ഫോർ ഓൾ എക്‌സ്‌പോ’യുടെ ഭാഗമായിട്ടായിരുന്നു മാരത്തൺ.
ഫുൾ മാരത്തൺ വിഭാഗത്തിൽ (42 കി.മീ) പുലർച്ചെ 6.25നാണ് മത്സരം ആരംഭിച്ചത്. ശക്തമായ മത്സരാന്തരീക്ഷമാണ് സംജാതമായത്. റിയാദിലെ പ്രശസ്ത കെട്ടിടങ്ങൾക്ക് സമീപങ്ങളിലൂടെ നീളുന്ന പാതയിൽ ആളുകൾ കൂട്ടമായി ഓടി. ഹാഫ് മാരത്തൺ (21 കി.മീ) 7.45 നാണ് ആരംഭിച്ചത്. പങ്കെടുക്കുന്നവർക്കിടയിൽ ഏറ്റവും പ്രചാരമുള്ള വിഭാഗങ്ങളിലൊന്നാണിത്. തുടക്കക്കാർക്കും കുട്ടികൾക്കുമായി നിശ്ചയിച്ചിട്ടുള്ള നാല് കിലോമീറ്റർ ഓട്ടമത്സരം രാവിലെ 11.20 ആണ് ആരംഭിച്ചത്. പങ്കെടുക്കുന്നവരുടെ സുരക്ഷയും സുഗമമായ ഒഴുക്കും ഉറപ്പാക്കുന്നതിനായി നിരവധി റോഡുകൾ പലതും അടച്ചിട്ട് ഗതാഗതം നിയന്ത്രിച്ചു.
സുഗമമായ ഗതാഗതം ഉറപ്പാക്കാൻ ബദൽ ഗതാഗത മാർഗങ്ങൾ ഒരുക്കി. മാരത്തണിന്റെ ഭാഗമായി വിവിധ വിനോദ പരിപാടികളും നടന്നു. പങ്കെടുത്തവരും സന്ദർശകരും തത്സമയ സംഗീതവും വിവിധ ഭക്ഷണാനുഭവങ്ങളും സംവേദനാത്മക പ്രവർത്തനങ്ങളും ആസ്വദിച്ചു, ഇത് പരിപാടിക്ക് ആഗോള ഉത്സവാന്തരീക്ഷം പകർന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

