റിംസ് റിസ്‌ക് ഫോറം മിഡിൽ ഇൗസ്റ്റ് 2017 തുടങ്ങി
text_fieldsദുബൈ: പശ്ചിമേഷ്യന്‍ രാജ്യങ്ങള്‍ അഭിമുഖീകരിക്കുന്ന വിവിധ മേഖലകളിലെ പ്രതിസന്ധികളും പരിഹാരവും ചർച്ച ചെയ്യുന്ന റിംസ് റിസ്‌ക് ഫോറം മിഡിൽ ഇൗസ്റ്റ് 2017 ദുബായിലെ ഹയാത് റീജൻസി ക്രീക്ക് ഹൈറ്റ്സിൽ തുടക്കമായി. ദുബൈ ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻറ് ഫോറിനേഴ്സ് അഫയേഴ്സാണ് (ജി.ഡി.ആർ.എഫ്.എ) ഫോറം സംഘടിപ്പിക്കുന്നത് .കര-നാവിക-വ്യേമയാന മേഖലകളെ അടിസ്ഥാനമാക്കി സഞ്ചാര -വാണിജ്യ-സുരക്ഷ മേഖലകൾ കൈകാര്യം ചെയ്യുന്ന വിവിധ സെഷനുകളാണ് ഫോറം ചര്‍ച്ച ചെയ്യുന്നത് .
ദുബൈ എമിഗ്രേഷന്‍ മേധാവി മേജര്‍ ജനറല്‍ മുഹമ്മദ് അഹമ്മദ് അല്‍ മറി ഫോറം ഉല്‍ഘാടനം ചെയ്തു. റിസ്‌ക് മാനേജ്മെൻറ് സൊസൈറ്റിയുമായി സഹകരിച്ചാണ് പരിപാടി സംഘടിപ്പിച്ചത്. പരിപാടി ഇന്ന് അവസാനിക്കും. സൈബർ റിസ്‌ക്, എൻറപ്രൈസ് റിസ്‌ക് മാനേജ്മെൻറ്, ഇൻഷുറൻസ് മേഖലകള്‍ , സ്ട്രാറ്റജിക് റിസ്‌ക് മാനേജ്മെൻറ് എന്നീ രംഗങ്ങള്‍ അഭിമുഖീകരിക്കുന്ന വിവിധ വിഷയങ്ങളും പരിഹാരവും ആദ്യ ദിവസം ചര്‍ച്ച ചെയ്യപ്പെട്ടു .
ഏവിയേഷന്‍ മേഖല രാജ്യത്തിെൻറ സമ്പദ്ഘടനക്ക് നൽകുന്ന സംഭാവന, ഈ മേഖലയില്‍ ഉണ്ടാക്കുന്ന അപകട സാധ്യതകള്‍ തരണം ചെയ്യാനുള്ള വിവിധ ഘടകങ്ങൾ തുടങ്ങിയവ വിഷയമാക്കി സിവിൽ ഏവിയേഷൻ അതോറിട്ടി സി.ഇ.ഒ ജനറൽ സൈഫ് അൽ സുവൈദി അവതരിപ്പിച്ച സെഷന്‍ ശ്രദ്ധേയമായി. വിവിധ മേഖലകളിലെ രാജ്യാന്തര വിദഗ്ധരാണ് ഫോറത്തില്‍ വിഷയങ്ങള്‍ അവതരിപ്പിക്കുന്നത്. പരിപാടിയിൽ വിവിധ ഗവര്‍മെൻറ് സ്ഥാപനമേധാവികളും ഉദ്യോഗസ്ഥരും രാജ്യാന്തര പ്രതിനിധികളും വിവിധ വകുപ്പ് ജീവനക്കാരും പങ്കെടുത്തു