അപകടം കുറക്കാൻ നിര്‍ദേശം സമര്‍പ്പിക്കുന്നവര്‍ക്ക് സമ്മാനം
text_fieldsഅജ്മാന്: റോഡപകടങ്ങള്‍ കുറക്കുന്നതിനുള്ള മികച്ച നിര്‍ദേശങ്ങള്‍ നല്‍കുന്നവര്‍ക്ക് സമ്മാനവുമായി അജ്മാന് പൊലീസ്. താമസ കേന്ദ്രങ്ങളില്‍ റോഡ് മുറിച്ച് കടക്കുമ്പോഴുണ്ടാകുന്ന അപകടങ്ങളും ഡെലിവറി നടത്തുന്ന മോട്ടോര്‍ സൈക്കിളുകള്‍ക്ക് സംഭവിക്കുന്ന അപകടങ്ങളും ഒഴിവാക്കുന്നതിനുള്ള നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കുന്നവര്‍ക്കാണ് അജ്മാന് പൊലീസ് പാരിതോഷികം നല്‍കുന്നത്. പാർപ്പിട പ്രദേശങ്ങളില്‍ നിരവധി കുട്ടികളാണ് അപകടങ്ങൾക്ക് വിധേയരാകുന്നത്.
ഹോം ഡെലിവറി വര്‍ദ്ധിച്ചതോടെ ബൈക്ക് യാത്രികരില്‍ അപകടത്തിന്റെ തോതും വര്‍ധിച്ചിട്ടുണ്ട്. ഇവ ഒഴിവാക്കുന്നതിന് പുതിയ നടപടികള്‍ സ്വീകരിക്കുന്നതിന്റെ ഭാഗമായാണ് പൊലീസ് പൊതുജനങ്ങളില്‍ നിന്ന് നിര്‍ദേശങ്ങള്‍ മത്സരാടിസ്ഥാനത്തില്‍ സ്വീകരിക്കുന്നത്. മികച്ച നിര്‍ദേശങ്ങള്‍ക്ക് പാരിതോഷികം നല്‍കുന്നതോടൊപ്പം അപകടം കുറക്കുന്നതിന് അവ നടപ്പിലാക്കുകയും ചെയ്യും.
ഏറ്റവും മികച്ച നിര്‍ദേശത്തിന് 5000 ദിര്‍ഹം പാരിതോഷികവും രണ്ട്, മൂന്ന് സ്ഥാനക്കാര്‍ക്ക് യഥാക്രമം 2000, 1000 ദിര്‍ഹം വീതം സമ്മാനമായി ലഭിക്കും. ഇതോടൊപ്പം മികച്ച നിര്‍ദേശങ്ങള്‍ പങ്കുവെക്കുന്നവര്‍ക്ക് നിരവധി പ്രോത്സാഹന സമ്മാനങ്ങളും നല്‍കുന്നുണ്ട്. നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാനുള്ള അവസാന തിയതി ഈ മാസം 20. അജ്മാന് പൊലീസിന്റെ ഔദ്യോഗിക വെബ്സൈറ്റായ (https://www.ajmanpolice.gov.ae/MoB/eparticipation.php) വഴി പൊതുജനങ്ങള്‍ക്ക് നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാം.

