അജ്മാനിൽ ഇ-സ്കൂട്ടറുകള്‍ക്ക് നിയന്ത്രണം
text_fieldsഅജ്മാന്‍: ട്രാഫിക് സുരക്ഷ നടപടികൾ ശക്തമാക്കുന്നതിന്റെ ഭാഗമായി അജ്മാനിൽ ഇലക്ട്രിക് സ്കൂട്ടറുകൾക്ക് നിയന്ത്രണമേർപ്പെടുത്തി. വെള്ളിയാഴ്ച അജ്മാന്‍ പൊലീസാണ് ഇത് സംബന്ധിച്ച് തീരുമാനം പ്രഖ്യാപിച്ചത്. റോഡിലും തെരുവിലും എല്ലാത്തരം ഇ-സ്കൂട്ടറുകള്‍ക്കും നിയന്ത്രണം ബാധകമാണെന്ന് പൊലീസ് അറിയിച്ചു. ഇലക്ട്രിക് സ്കൂട്ടറുകളുടെ അനിയന്ത്രിതമായ ഉപയോഗം ട്രാഫിക്ക് അപകടങ്ങള്‍ക്ക് കാരണമാകുന്നു എന്ന നിഗമനത്തിലാണ് പുതിയ നീക്കമെന്ന് കരുതുന്നു. അതേസമയം, നിയന്ത്രണം എത്ര കാലത്തേക്കാണെന്ന് അധികൃതർ വെളിപ്പെടുത്തിയിട്ടില്ല. അജ്മാനിലെ റോഡ് ഉപയോക്താക്കളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി പൊതുനിരത്തുകളിൽ എല്ലാത്തരം ഇലക്ട്രിക് സ്കൂട്ടറുകളുടെയും ഉപയോഗം നിരോധിച്ചിട്ടുണ്ടെന്ന് എമിറേറ്റ് പൊലീസ് അറിയിച്ചു. ഇ-സ്കൂട്ടറുകളും ഇരുചക്രവാഹനങ്ങളും ഓടിക്കുന്നവർ റോഡിലെ നിയമങ്ങൾ പാലിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കഴിഞ്ഞ മാസം പൊലീസ് നിര്‍ദേശം നല്‍കിയിരുന്നു. അനധികൃത ഇലക്ട്രിക് സൈക്കിളുകളും മറ്റ് ഇരചക്ര വാഹനങ്ങളും ഉപയോഗിക്കുന്നതിനെതിരെയും പൊലീസ് മുന്നറിയിപ്പ് നൽകിയിരുന്നു. സുരക്ഷാ ഉപകരണങ്ങൾ ഇല്ലാതെ വാഹനമോടിക്കുക, വൺവേ റോഡിൽ തെറ്റായ വഴിയിലൂടെ പോകുക, എക്സിറ്റിൽ നിന്ന് അനധികൃതമായി റോഡിലേക്ക് പ്രവേശിക്കുക, കാൽനട ക്രോസിങ്ങുകളിലൂടെ യാത്ര ചെയ്യുക തുടങ്ങിയ നിയമലംഘനങ്ങൾ പൊലീസ് കണ്ടെത്തിയിരുന്നു. ഇരുചക്ര വാഹനങ്ങൾ ഉപയോഗിക്കുന്നവരുടെ നിയമലംഘനങ്ങൾ നിരുത്സാഹപ്പെടുത്തുന്നതിനും റോഡിൽ സുരക്ഷിതരായിരിക്കുന്നതിനും അധികാരികൾ ആവർത്തിച്ച് നിര്‍ദേശങ്ങള്‍ നല്‍കുന്നുണ്ട്.
യു.എ.ഇയിൽ വ്യാപകമായി ഇ-സ്കൂട്ടറുകൾ ഉപയോഗിച്ചുവരുന്നുണ്ട്. മുതിർന്നവരും കുട്ടികളും സ്ത്രീകളും ഒരുപോലെ ഇ-സ്കൂട്ടറുകളുടെ ഉപഭോക്താക്കളാണ്. ചെറു യാത്രകൾക്കാണ് കൂടുതലായും ഇ-സ്കൂട്ടറുകളെ ഉപയോഗിക്കുന്നത്. കൃത്യമായ സുരക്ഷ മാനദണ്ഡങ്ങൾ പാലിച്ചുവേണം ഇ-സ്കൂട്ടറുകൾ ഉപയോഗിക്കാൻ. മാനദണ്ഡങ്ങൾ ലംഘിച്ച് ഇ-സ്കൂട്ടറുകൾ ഉപയോഗിക്കുന്നതിലൂടെ വ്യാപകമായി അപകടത്തിനും കാരണമാകുന്നുണ്ട്. ദുബൈയിൽ ഓരോ വർഷവും ഇ-സ്കൂട്ടർ അപകടത്തിൽപ്പെടുന്നവരുടെ എണ്ണം കൂടുന്നതായാണ് കണക്കുകൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

