ഗസ്സയിൽ സമാധാനം പുനഃസ്ഥാപിക്കൽ; സംയുക്ത സുരക്ഷ സേനയിൽ യു.എ.ഇ ഭാഗമായേക്കില്ല
text_fieldsഡോ. അൻവർ ഗർഗാശ്
ദുബൈ: ഗസ്സയിൽ സമാധാനം പുനഃസ്ഥാപിക്കുന്നതിനായി രൂപംനൽകുന്ന അന്താരാഷ്ട്ര സംയുക്ത സുരക്ഷ സേനയിൽ യു.എ.ഇ അംഗമായേക്കില്ല. യു.എ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാന്റെ നയതന്ത്ര ഉപദേഷ്ടാവ് ഡോ. അൻവർ ഗർഗാശ് ആണ് ഇതുസംബന്ധിച്ച സൂചന നൽകിയത്.
തിങ്കളാഴ്ച അബൂദബി സ്ട്രാറ്റജിക് ഡിബേറ്റിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗസ്സയിലേക്ക് നിയോഗിക്കുന്ന സംയുക്ത സമാധാന സേനയുടെ പ്രവർത്തനം സംബന്ധിച്ച് കൃത്യമായ ചട്ടക്കൂട് ഇതുവരെ കാണാൻ കഴിഞ്ഞിട്ടില്ല. ഈ സാഹചര്യത്തിൽ സംയുക്ത സുരക്ഷ സേനക്കൊപ്പം യു.എ.ഇ പങ്കാളികളായേക്കില്ലെന്ന് അൻവർ ഗർഗാശ് പറഞ്ഞു. ഗസ്സയിൽ സ്ഥിരതയും സമാധാനവും സ്ഥാപിക്കുന്നതിനായി സൈനിക നീക്കമുണ്ടാവില്ല.
എന്നാൽ, ഗസ്സ സമാധാന പദ്ധതികൾക്കായി അന്താരാഷ്ട്ര പ്രതികരണം രൂപപ്പെടുത്തുന്നതിൽ യു.എ.ഇക്ക് സുപ്രധാനമായ പങ്കുണ്ട്. സായുധ ഇടപെടലിനു പകരം രാഷ്ട്രീയ, മാനുഷിക ഇടപെടലുകളെയാണ് രാജ്യം ആശ്രയിക്കുന്നതെന്നും അൻവർ ഗർഗാശ് പറഞ്ഞു.
തീവ്രവാദികൾ പതിറ്റാണ്ടുകളായി ചൂഷണം ചെയ്തുവരുന്ന, ദീർഘകാലമായുള്ള പരാതികൾ പരിഹരിക്കുന്നതിനുള്ള ചരിത്രപരമായ അവസരമാണ് യു.എസിന്റെ നേതൃത്വത്തിലുള്ള ഗസ്സ സമാധാന സംരംഭത്തിന് പിന്നിലെ അറബ്, അന്താരാഷ്ട്ര സമവായമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. മേഖലയിൽ രാഷ്ട്രീയ തെരഞ്ഞെടുപ്പുകളുടെ മാനുഷിക വില വർധിച്ചിരിക്കുകയാണെന്നും വിഭജനത്തിനും ശത്രുതക്കും പലപ്പോഴും സാധാരണക്കാരുടെ ജീവൻകൊണ്ട് വില നൽകേണ്ടിവരുമെന്നും നേരത്തേ മുന്നറിയിപ്പു നൽകിയിരുന്നു.
അതേസമയം, നിലവിലെ റിപ്പോർട്ട് പ്രകാരം ഗസ്സയിലെ തീവ്രവാദ ഗ്രൂപ്പുകളുടെ നിരായുധീകരണം, സൈനിക കേന്ദ്രങ്ങൾ നശിപ്പിക്കൽ, ക്രമസമാധാനം നടപ്പിലാക്കൽ, ഈജിപ്തുമായുള്ള അതിർത്തി സംരക്ഷണം, മാനുഷിക ഇടനാഴികളും പൗരൻമാരുടെ സംരക്ഷണവും ഉറപ്പുവരുത്തൽ തുടങ്ങിയവയാണ് വിവിധ രാജ്യങ്ങൾ പങ്കാളികളായ ദൗത്യസേനയുടെ ലക്ഷ്യം.ഇത് എത്രത്തോളം കൃത്യമായി പാലിക്കപ്പെടുമെന്നതിൽ ഇപ്പോഴും ആശങ്ക നിലനിൽക്കുന്ന സാഹചര്യത്തിൽ യു.എ.ഇയുടെ നിലപാട് ശ്രദ്ധേയമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

