ഭക്ഷ്യ സുരക്ഷ മാനദണ്ഡങ്ങള്‍ ലംഘിച്ചു; അബൂദബിയിലെ റസ്റ്റോറന്‍റ് അടപ്പിച്ചു
text_fieldsഅബൂദബി: പൊതുജനാരോഗ്യത്തിന് ഭീഷണിയാകുംവിധം ഭക്ഷണ സുരക്ഷാ മാനദണ്ഡങ്ങള്‍ നിരന്തരമായി ലംഘിച്ചതിനെ തുടര്‍ന്ന് അബൂദബിയിലെ റസ്റ്റോറന്‍റ് അധികൃതര്‍ താല്‍ക്കാലികമായി അടപ്പിച്ചു. അബൂദബി സിറ്റിയിലെ അല്‍ മുറൂര്‍ റോഡില്‍ പ്രവര്‍ത്തിക്കുന്ന 'സഫാരി പ്ലാസ റസ്റ്റോറന്‍റ്' ആണ് അബൂദബി അഗ്രികള്‍ച്ചര്‍ ആന്‍ഡ് ഫുഡ് സേഫ്റ്റി അതോറിറ്റി (അഡാഫ്‌സ) പൂട്ടിയത്. വാണിജ്യ ലൈസന്‍സ് നമ്പര്‍ സി.എന്‍-1010084 സ്ഥാപനത്തിനെതിരെയാണ് നടപടി.
പോരായ്മകള്‍ പരിഹരിക്കാന്‍ മുന്‍പ് നിര്‍ദേശങ്ങള്‍ നല്‍കിയെങ്കിലും ആവശ്യമായ നടപടി സ്വീകരിക്കാന്‍ റസ്റ്റോറന്‍റ് അധികൃതര്‍ തയാറായില്ലെന്ന് ഫുഡ് കണ്‍ട്രോള്‍ വിഭാഗത്തിന്‍റെ പരിശോധനാ റിപോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ഉത്തരവിന് കാരണമായ നിയമലംഘനങ്ങള്‍ പൂര്‍ണമായും പരിഹരിക്കുകയും അഡാഫ്‌സയുടെ എല്ലാ നിബന്ധനകളും വ്യവസ്ഥകളും പാലിച്ചാല്‍ മാത്രമേ റസ്റ്റോറന്‍റിന് ഇനി പ്രവര്‍ത്തനം പുനരാരംഭിക്കാന്‍ അനുമതി നല്‍കുകയുള്ളൂവെന്ന് അധികൃതര്‍ വ്യക്തമാക്കി.
എമിറേറ്റിലെ ഭക്ഷണ സുരക്ഷാ സംവിധാനം കൂടുതല്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി നടത്തുന്ന കര്‍ശനമായ പരിശോധനകളുടെ തുടര്‍ച്ചയാണ് നടപടി. പൊതുജനങ്ങള്‍ക്ക് വിതരണം ചെയ്യുന്ന ഭക്ഷണത്തിന്റെ ഗുണനിലവാരവും സുരക്ഷിതത്വവും ഉറപ്പാക്കാന്‍ എല്ലാത്തരം ഭക്ഷ്യ സ്ഥാപനങ്ങളിലും ഉൽപന്നങ്ങളിലും പരിശോധനകള്‍ വരും ദിവസങ്ങളിലും കര്‍ശനമായി തുടരുമെന്നും അതോറിറ്റി മുന്നറിയിപ്പ് നല്‍കി.
ഭക്ഷ്യസുരക്ഷാ നിയമങ്ങള്‍ ലംഘിച്ചതിനെ തുടര്‍ന്ന് അബൂദബി വ്യാവസായിക മേഖല ഐകാഡിലെ 'ജബല്‍ സിയാല്‍കോട്ട്' റസ്റ്റോറന്‍റ് കഴിഞ്ഞ ദിവസം പൂട്ടിയിരുന്നു. തുടര്‍ച്ചയായ നിയമലംഘനങ്ങള്‍ നടത്തുകയും പോരായ്മകള്‍ പരിഹരിക്കാന്‍ തയാറാവാതിരിക്കുകയും ചെയ്ത പശ്ചാത്തലത്തിലാണ് സ്ഥാപനത്തിനെതിരെ നടപടിയെടുത്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

