അടിയന്തര കോളുകൾക്ക് 10 സെക്കൻഡിനുള്ളിൽ പ്രതികരണം; മിന്നുന്ന നേട്ടവുമായി ദുബൈപൊലീസ്
text_fieldsദുബൈ പൊലീസ് ജനറൽ ഡിപ്പാർട്മെന്റ് ഓഫ് ഓപറേഷൻസിന്റെ പ്രവർത്തന അവലോകനയോഗം
ദുബൈ: 2026ന്റെ രണ്ടാം പാദത്തിൽ ദുബൈ പൊലീസിന്റെ കമാൻഡ് ആൻഡ് കൺട്രോൾ സെന്റർ വഴി 13 ലക്ഷത്തിലധികം കോളുകൾ കൈകാര്യം ചെയ്തതായി അധികൃതർ അറിയിച്ചു. അടിയന്തര കോളുകൾ ലഭിച്ച് 10 സെക്കൻഡിനുള്ളിൽ മറുപടി നൽകുന്നതിൽ 99.8 ശതമാനം മികവ് പുലർത്താൻ പൊലീസിന് സാധിച്ചു. 97 ശതമാനമായിരുന്നു ലക്ഷ്യമിട്ടിരുന്നത്. വിവിധ പൊലീസ് സ്റ്റേഷൻ അതിർത്തികളിൽ 98.8 ശതമാനം പട്രോളിങ് കവറേജ് ഉറപ്പാക്കാനും സാധിച്ചു.
ജനറൽ ഡിപാർട്മെന്റ് ഓഫ് ഓപറേഷൻസിന്റെ പ്രവർത്തന അവലോകന യോഗത്തിലാണ് ഈ വിവരങ്ങൾ പുറത്തുവിട്ടത്. സേവനങ്ങളുടെ ഗുണനിലവാരം ഉയർത്തുന്നതിൽ ഉപഭോക്താക്കളുടെ അഭിപ്രായങ്ങൾക്കും പരാതികൾക്കും വലിയ പങ്കുണ്ടെന്ന് ക്രിമിനൽ അഫയേഴ്‌സ് ഡെപ്യൂട്ടി കമാൻഡർ ഇൻ ചീഫ് മേജർ ജനറൽ ഹാരിബ് അൽ ശംസി പറഞ്ഞു.
സേവനം ലഭിച്ച ശേഷം ഉപഭോക്താക്കളെ നേരിട്ട് ബന്ധപ്പെട്ട് അവരുടെ തൃപ്തി രേഖപ്പെടുത്തുന്ന ‘മിസ്റ്ററി ഷോപ്പർ’ സംവിധാനത്തിലൂടെ ലഭിക്കുന്ന നിർദേശങ്ങൾ അടിസ്ഥാനമാക്കി പൊലീസ് സേവനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കിവരികയാണ്.
സർക്കാർ പ്രവർത്തനങ്ങളുടെ 50 ശതമാനവും എ.ഐ പിന്തുണയോടെയാക്കുക എന്ന ദുബൈ സർക്കാർ ലക്ഷ്യത്തിന് അനുസൃതമായി, പോലീസിന്റെ പ്രവർത്തനങ്ങളിലും എ.ഐ സാങ്കേതികവിദ്യയുടെ ഉപയോഗം വേഗത്തിലാക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. മികച്ച ഫീൽഡ് പ്രവർത്തനം കാഴ്ചവെച്ച പെട്രോൾ സൂപ്പർവൈസർമാരെ യോഗത്തിൽ ആദരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

