ദുബൈയിൽ മാന്യതക്ക് ലഭിക്കും പ്രത്യേക അംഗീകാരം
text_fieldsമേജർ ജനറൽ
ഉബൈദ് മുഹൈർ ബിൻ സുറൂർ
ദുബൈ: മാന്യമായ പെരുമാറ്റങ്ങളെയും മനുഷ്യത്വപരമായ ഇടപെടലുകളെയും പ്രോത്സാഹിപ്പിക്കാൻ ലക്ഷ്യമിട്ട് ദുബൈ ജനറൽ ഡയറക്ടറേറ്റ് ഓഫ് ഐഡന്റിറ്റി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് (ജി.ഡി.ആർ.എഫ്.എ) ‘ഐഡിയൽ ഫേസ്’ പദ്ധതിയുടെ രണ്ടാം ഘട്ടത്തിന് തുടക്കമിട്ടു. ദുബൈ മാതൃകാപരമായ നഗരമാണെന്ന് ഉറപ്പിക്കാനും ഓരോ വ്യക്തിയുടെയും നല്ല മനസ്സിനെ ആദരിക്കാനുമാണ് ഈ സംരംഭം.
‘ഇതാണ് നമ്മൾ ആഗ്രഹിക്കുന്ന ദുബൈ’ എന്നതാണ് ഇത്തവണത്തെ മുദ്രാവാക്യം. ‘ഐഡിയൽ ഫേസ്’ എന്നത് വെറുമൊരു പേരു മാത്രമല്ല, നമ്മൾ ജീവിതത്തിൽ ഉയർത്തിപ്പിടിക്കേണ്ട മൂല്യങ്ങളെയാണ് ഇത് പ്രതിഫലിപ്പിക്കുന്നതെന്ന് ജി.ഡി.ആർ.എഫ്.എ ഡെപ്യൂട്ടി ഡയറക്ടർ ജനറൽ മേജർ ജനറൽ ഉബൈദ് മുഹൈർ ബിൻ സുറൂർ പറഞ്ഞു. പദ്ധതിയുടെ ഭാഗമായി ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിലെ ടെർമിനൽ മൂന്നിലെ നിർഗമന വിഭാഗത്തിൽ ഒരു സംവേദക ബൂത്ത് ഒരുക്കും. ഇവിടെ ഒരു സ്മാർട്ട് സ്ക്രീനും കാമറയും ഉണ്ടാകും. നിങ്ങളുടെ നല്ല പെരുമാറ്റങ്ങളെയും മറ്റുള്ളവരുമായുള്ള സ്നേഹബന്ധങ്ങളെയും ഇവിടെ രേഖപ്പെടുത്താം.
നല്ല മനസ്സോടെ ഇടപെടുന്ന ഓരോ വ്യക്തിക്കും ‘ദി ഐഡിയൽ ഫേസ് - ഇതാണ് നമ്മൾ ആഗ്രഹിക്കുന്ന ദുബൈ’ എന്ന് രേഖപ്പെടുത്തിയ ഒരു നന്ദി കാർഡ് സമ്മാനമായി ലഭിക്കും. കൂടാതെ, പ്രചോദനം നൽകുന്ന കഥകൾ പങ്കുവെക്കാനും ഓൺലൈൻ പ്രതിജ്ഞകൾ എടുക്കാനും ഒരു ഡിജിറ്റൽ പ്ലാറ്റ്ഫോമും ഒരുക്കിയിട്ടുണ്ട്. യു.ആർ ദി ഐഡിയൽ ഫേസ് എന്ന ഹാഷ്ടാഗ് ഉപയോഗിച്ച് നിങ്ങൾക്ക് നിങ്ങളുടെ നല്ല അനുഭവങ്ങളും മറ്റുള്ളവരുടെ കഥകളും പങ്കുവെക്കാം. കഴിഞ്ഞ വർഷം നടന്ന ‘ഐഡിയൽ ഫേസ്’ പദ്ധതിയുടെ ആദ്യ പതിപ്പിൽ 10,000ൽ അധികം ആളുകൾ പ്രതിജ്ഞയെടുക്കുകയും 30,000 നല്ല പെരുമാറ്റങ്ങൾ രേഖപ്പെടുത്തുകയും ചെയ്തു. 61 ദശലക്ഷത്തിലധികം ആളുകളിലേക്ക് ഈ സന്ദേശം എത്തി. 2,43,000 ഡിജിറ്റൽ ഇടപെടലുകൾ നടക്കുകയും ചെയ്തു. ജൂലൈ മൂന്നു മുതൽ 13 വരെയാണ് രണ്ടാം ഘട്ടം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

