മികച്ച ഡ്രൈവിങ് പരിശീലകർക്കും സ്ഥാപനങ്ങൾക്കും ആദരം
text_fieldsആർ.ടി.എ മികച്ച ഡ്രൈവിങ് പരിശീലകർക്കും സ്ഥാപനങ്ങൾക്കും ആദരവ് നൽകിയപ്പോൾ
ദുബൈ: മികച്ച പ്രകടനം കാഴ്ചവെച്ച 80 ഡ്രൈവിങ് പരിശീലകരെയും നാല് പ്രമുഖ ഡ്രൈവർ പരിശീലന കേന്ദ്രങ്ങളെയും ആദരിച്ച് റോഡ് ഗതാഗത അതോറിറ്റി(ആർ.ടി.എ). ഡ്രൈവർ പരിശീലനത്തിൽ നിശ്ചിത ലക്ഷ്യം കൈവരിക്കുകയും റോഡ് ടെസ്റ്റുകളിൽ ഉയർന്ന വിജയശതമാനം നേടുകയും ചെയ്ത സ്ഥാപനങ്ങൾക്കാണ് അംഗീകാരം ലഭിച്ചത്. ദുബൈയിലെ ആർ.ടി.എ ആസ്ഥാനത്ത് നടന്ന ചടങ്ങിൽ ദുബൈ പൊലീസ് പ്രതിനിധികളും വിവിധ പരിശീലന കേന്ദ്രങ്ങളിലെ ഉദ്യോഗസ്ഥരും പങ്കെടുത്തു.
സുരക്ഷിത ഗതാഗതവും ഉപഭോക്തൃ സന്തോഷവും ലക്ഷ്യമാക്കിയ ആർ.ടി.എയുടെ ദൗത്യത്തിന്റെ ഭാഗമായാണ് ഈ ആദരവുകൾ നൽകുന്നതെന്ന് ലൈസൻസിങ് ഏജൻസിയുടെ സി.ഇ.ഒ അഹ്മദ് മഹ്ബൂബ് പറഞ്ഞു. സ്വകാര്യ മേഖലയുമായി സഹകരണം ശക്തിപ്പെടുത്തുന്നതിലൂടെ സുരക്ഷിതമായ ഗതാഗത അന്തരീക്ഷം സൃഷ്ടിക്കുകയും ലോകോത്തര നിലവാരത്തിലുള്ള സേവനങ്ങൾ നൽകുകയും ചെയ്യുക എന്നതാണ് ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ലൈസൻസിങ് ഏജൻസിയിലെ ഡ്രൈവേഴ്സ് ലൈസൻസിങ് വകുപ്പാണ് മൂല്യനിർണയം നടത്തിക്കൊണ്ട് അംഗീകൃത മാനദണ്ഡങ്ങൾ അടിസ്ഥാനമാക്കി മികച്ച പരിശീലകരെ തിരഞ്ഞെടുത്തത്. ഡ്രൈവർ ടെസ്റ്റിങ് സേവനങ്ങളിൽ വലിയ ലക്ഷ്യം കൈവരിച്ച ഇൻസ്റ്റിറ്റ്യൂട്ടുകളെ ആർ.ടി.എയും ദുബൈ പൊലീസും ചേർന്നാണ് തിരഞ്ഞെടുത്തത്. ബിൽഹസ ഡ്രൈവിങ് സെന്റർ, എമിറേറ്റ്സ് ട്രാൻസ്പോർട്ട് ഡ്രൈവിങ് ഇൻസ്റ്റിറ്റ്യൂട്ട്, ബിൻ യാബിർ ഡ്രൈവിങ് ഇൻസ്റ്റിറ്റ്യൂട്ട്, എക്സലൻസ് ഡ്രൈവിങ് സ്കൂൾ എന്നിവയാണ് ആദരവ് ഏറ്റുവാങ്ങിയ പരിശീലന കേന്ദ്രങ്ങൾ. മികച്ച പ്രകടനം കാഴ്ചവെച്ച ഇൻസ്ട്രക്ടർമാരും പരിശീലന കേന്ദ്രങ്ങളും ആർ.ടി.എയുടെ അംഗീകാരത്തിന് നന്ദി രേഖപ്പെടുത്തി. ഭാവിയിലും ഉയർന്ന നിലവാരത്തിലുള്ള പരിശീലനം നൽകി ഗതാഗത സുരക്ഷ വർധിപ്പിക്കുമെന്നും അവർ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

