‘കമോൺ കേരള’യിൽ വനിത പ്രതിഭകൾക്ക് ആദരം
text_fieldsഷാർജ: ‘കമോൺ കേരള’ ഏഴാം എഡിഷന്റെ രണ്ടാം ദിനത്തിൽ അഞ്ച് അറബ്, ഇന്ത്യൻ വനിത പ്രതിഭകളെ ‘ഗൾഫ് മാധ്യമം’ ഇന്തോ-അറബ് വിമൻ എക്സലൻസ് അവാർഡ് നൽകി ആദരിച്ചു. സാംസ്കാരിക, കായിക, സാഹിത്യ, സാങ്കേതിക രംഗങ്ങളിൽ പ്രശസ്തരായ വനിതകളെയാണ് ഇത്തവണ അവാർഡിന് തിരഞ്ഞെടുത്തത്. തെന്നിന്ത്യൻ ചലച്ചിത്രതാരം പ്രിയാമണി, ഇമാറാത്തി മാധ്യമപ്രവർത്തകയും എഴുത്തുകാരിയുമായ റീം അൽ കമാലി, ഇന്ത്യൻ ദേശീയ ക്രിക്കറ്റ് താരം മിന്നുമണി, അവാർഡ് ജേതാവ് കൂടിയായ ഇമാറാത്തി ആഭരണ ഡിനൈസർ ശൈഖ ബിൻത് അബ്ദുല്ല അൽ സർകാൽ, ദുബൈ സർക്കാറിന്റെ അവാർഡ് നേടിയ യുവ ആപ് ഡെവലപ്പർ സുൽത്താന സഫീർ എന്നിവരാണ് ഇത്തവണ പുരസ്കാരം ഏറ്റുവാങ്ങിയത്.
ഷാർജ എക്സ്പോ സെന്ററിൽ നടന്ന ചടങ്ങിൽ ഷാർജ ചേംബർ ഓഫ് കോമേഴ്സ് ആൻഡ് ഇൻഡസ്ട്രി ചെയർമാൻ അബ്ദുല്ല സുൽത്താൻ അൽ ഉവൈസ് അവാർഡുകൾ വിതരണം ചെയ്തു.ഇന്തോ-അറബ് വിമൻ എക്സലൻസ് അവാർഡിന്റെ ഏഴാം എഡിഷനാണ് ഇത്തവണ അരങ്ങേറിയത്. കമോൺ കേരളയുടെ വേദിയിൽ അഭിമാനകരമായ അവാർഡ് സ്വീകരിക്കാനായതിൽ ജേതാക്കൾ സന്തോഷം പ്രകടിപ്പിച്ചു. സാങ്കേതിക കാരണങ്ങളാൽ ചടങ്ങിനെത്താതിരുന്ന ക്രിക്കറ്റ് താരം മിന്നുമണി, ഓൺലൈൻ വഴി സദസ്സിനെ അഭിസംബോധന ചെയ്തു. ഗൾഫ് മാധ്യമം ചീഫ് എഡിറ്റർ ഹംസ അബ്ബാസ്, ഓർക്ല ഇന്ത്യ ഇന്റർനാഷനൽ ബിസിനസ് സി.ഇ.ഒ അശ്വിൻ സുബ്രമണ്യം, ഓർക്ല ഇന്ത്യ ഇന്റർനാഷനൽ ബിസിനസ് അസോ. വൈസ് പ്രസിഡന്റ് കെ.എസ്. ബാബു തുടങ്ങിയവരും ചടങ്ങിൽ സന്നിഹിതരായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

