ദുബൈയിലെ 2172 ടാക്സി ഡ്രൈവർമാർക്ക് ആദരവ്
text_fieldsടാക്സി ഡ്രൈവർമാർക്ക് ആർ.ടി.എ നൽകിയ ആദരവ്
ദുബൈ: നിയമങ്ങളും നിർദേശങ്ങളും പാലിക്കുന്നതിൽ മികവ് പുലർത്തിയ നഗരത്തിലെ 2172 ടാക്സി ഡ്രൈവർമാരെ ആദരിച്ച് റോഡ് ഗതാഗത അതോറിറ്റി (ആർ.ടി.എ). ‘റോഡ് അംബാസഡേർസ്’ സംരംഭത്തിന്റെ ഭാഗമായാണ് ആദരവ് സംഘടിപ്പിച്ചത്. നിയമങ്ങൾ പാലിക്കുന്നതിനും, വ്യക്തിപരമായും വാഹനത്തിന്റെയും മികച്ച ശുചിത്വം ഉറപ്പുവരുത്താനും, മറന്നുവെക്കുന്ന വസ്തുക്കൾ യഥാർഥ ഉടമകൾക്ക് തിരിച്ചുനൽകാനും ഡ്രൈവർമാരെ പ്രചോദിപ്പിക്കുകയാണ് സംരംഭം ലക്ഷ്യമിടുന്നത്.ഏറ്റവും മികച്ച സേവനം ഉപഭോക്താക്കൾക്ക് നൽകാൻ ഡ്രൈവർമാരെ പ്രോത്സാഹിപ്പിക്കാനുള്ള ലക്ഷ്യവുമായാണ് സംരംഭം ആർ.ടി.എ ആരംഭിച്ചത്.
കഴിഞ്ഞ ഒന്നര വർഷത്തെ പ്രവർത്തന കാലയളവിലെ വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് 2172 ടാക്സി ഡ്രൈവർമാരെ തെരഞ്ഞെടുത്തത്. സംരംഭം ഏറ്റവും മികച്ച സേവനം ലഭ്യമാക്കുന്നതിന് ഡ്രൈവർമാർക്കിടയിലും കമ്പനികൾക്കിടയിലും ആരോഗ്യകരമായ മത്സരം രൂപപ്പെടുത്തിയിട്ടുണ്ടെന്ന് ആർ.ടി.എയുടെ പൊതു ഗതാഗത ഏജൻസി സി.ഇ.ഒ അഹമ്മദ് ബഹ്റോസിയാൻ പറഞ്ഞു.
ഉപഭോക്താക്കളുടെ സംതൃപ്തി വർധിപ്പിക്കാനും യാത്രാനുഭവങ്ങൾ മെച്ചപ്പെടുത്താനും ഇതിലൂടെ എമിറേറ്റിലെ മൊത്തത്തിലുള്ള ജീവിത ഗുണനിലവാരം ഉയരാനും സഹായിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ആദരവ് ഏറ്റുവാങ്ങിയ ഡ്രൈവർമാരെ ആദരിച്ച അദ്ദേഹം എല്ലാവരുടെയും കൂട്ടായ പ്രവർത്തനം പൊതു ഗതാഗത സംവിധാനത്തിന്റെ റെക്കോഡ് വളർച്ചക്ക് സഹായിച്ചിട്ടുണ്ടെന്നും കൂട്ടിച്ചേർത്തു. ആർ.ടി.എയുടെ സംരംഭത്തിൽ ഡ്രൈവർമാർ സന്തോഷം പ്രകടിപ്പിച്ചു.
എമിറേറ്റിൽ പൊതുഗതാഗത മാർഗങ്ങൾ ഉപയോഗിക്കുന്നവരുടെ എണ്ണം കൂടിയതായി നേരത്തെ ആർ.ടി.എയുടെ ഏറ്റവും പുതിയ കണക്കുകൾ വ്യക്തമാക്കിയിരുന്നു. ഈ വർഷം ആദ്യ പകുതിയിൽ പൊതുഗതാഗതം ഉപയോഗിച്ചവരുടെ എണ്ണത്തിൽ 26 ശതമാനം പേരും ടാക്സി ഉപയോക്താക്കളാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

