റോഡിൽ മനുഷ്യജീവന് കാവൽ നിന്നു; മലയാളി ദമ്പതികൾക്ക് പൊലീസിെൻറ ആദരം
text_fieldsഅബൂദബി: അപകടത്തിൽ പെട്ട പിക്കപ് ഡ്രൈവർക്ക് ആശ്വാസം പകരുകയും കൂടുതൽ അപകടങ്ങൾ ഉണ്ടാകാതിരിക്കാൻ മുന്നറിയിപ്പ് സംവിധാനം ഒരുക്കുകയും പൊലീസിനെ വിവരമറിയിക്കുകയും ചെയ്ത മലയാളി ദമ്പതികളെ അബൂദബി പൊലീസ് ആദരിച്ചു. തിരുവനന്തപുരം പാച്ചല്ലൂർ അഞ്ചാങ്കല്ല് സ്വദേശിയും അബൂദബി മുഷ്രിഫ് മാൾ ഇത്തിസലാത്ത് ഡ്യൂട്ടി മാനേജറുമായ സൂഫിയാൻ ഷാനവാസ്, ഭാര്യ തൃശൂർ ഇരിങ്ങാലക്കുട സ്വദേശിനിയും മറീന മാൾ മാനേജ്മെൻറിൽ ഫൈനാൻസ് സെക്രട്ടറിയുമായ ആലിയ സൂഫിയാൻ എന്നിവരെയാണ് അബൂദബി മുറൂർ പൊലീസ് സ്റ്റേഷനിലേക്ക് ക്ഷണിച്ച് ആദരിക്കുകയും സർട്ടിഫിക്കറ്റും ഉപഹാരങ്ങളും നൽകുകയും ചെയ്തത്.
മേയ് മൂന്നിന് അബൂദബിയിൽനിന്ന് അൽെഎനിലേക്ക് സ്വന്തം കാറിൽ പോകുേമ്പാൾ മഫ്റഖിന് ശേഷമാണ് സുഫിയാനും ആലിയയും അപകടദൃശ്യം കണ്ടത്. ഉടൻ ഇവർ ഹാർഡ് ഷോൾഡറിൽ വാഹനം നിർത്തി അപകടത്തിൽ പെട്ട പിക്കപ്പിനെ സമീപിച്ചു. കൈയിൽനിന്ന് ചോര വാർന്നൊഴുകിയ ഇൗജിപ്തുകാരനായ പിക്കപ് ഡ്രൈവർ വെള്ളം ചോദിച്ചു. വെള്ളം നൽകി ഡ്രൈവറെ മറ്റൊരിടത്തേക്ക് മാറ്റിയിരുത്തിയ ശേഷം സൂഫിയാൻ പിക്കപിലെ അപായ സിഗ്നലുകൾ പ്രവർത്തിപ്പിച്ചു. തങ്ങൾ വന്ന കാർ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയ ആലിയ പൊലീസിനെ ഫോണിൽ വിവരമറിയിച്ചു. 140 കിലോമീറ്റർ വേഗപരിധിയുള്ള റോഡിൽ മറ്റു വാഹങ്ങൾ അപകടത്തിൽ പെട്ട വാഹനത്തിൽ വന്നിടിച്ച് വൻ ദുരന്തമുണ്ടാകുമെന്ന് മനസ്സിലാക്കി കാറിലുണ്ടായിരുന്ന ‘ട്രയാംഗിൾ’ അപായ മുന്നറിയിപ്പ് സംവിധാനം ഇരുവരും അപകട സ്ഥലത്ത് സ്ഥാപിച്ചു.
പിന്നീട് പൊലീസെത്തി ഗതാഗതം നിയന്ത്രിച്ചു. സൂഫിയാനും ആലിയക്കും നന്ദി അറിയിച്ച പൊലീസ് അവരുടെ പേരുവിവരങ്ങളും ഫോൺ നമ്പറും ചോദിച്ച് മനസ്സിലാക്കി. ഞായറാഴ്ചയാണ് പൊലീസ് അധികൃതർ മുറൂർ സ്റ്റേഷനിലെത്തി ആദരമേറ്റു വാങ്ങാൻ ഇരുവരെയും ക്ഷണിച്ചത്. ബുധനാഴ്ച ഇരുവരും സൂഫിയാെൻറ പിതാവ് ഷാനവാസ് ബദറുദ്ദീൻ ഉൾപ്പെടെയുള്ള ബന്ധുക്കളോടൊപ്പം സ്റ്റേഷനിലെത്തി ആദരമേറ്റുവാങ്ങി. ഗതാഗത-പട്രോൾ ഡയറക്ടറേറ്റ് ഡയറക്ടർ ബ്രിഗേഡിയർ ഖലീഫ മുഹമ്മദ് ആൽ ഖെയ്ലി സർട്ടിഫിക്കറ്റും ഉപഹാരങ്ങളും സമ്മാനിച്ചു.
അപകട സ്ഥലത്ത് അതിവേഗം സമയോചിതമായി പ്രവർത്തിച്ചതിനും ജീവകാരുണ്യ പ്രവർത്തനം നടത്തിയതിനും ഖലീഫ മുഹമ്മദ് ഇരുവരെയും നന്ദി അറിയിച്ചു. ഗതാഗത സുരക്ഷ ശക്തമാക്കാനും എല്ലാ ജനങ്ങളുടെയും സുരക്ഷിതത്വത്തിനും വേണ്ടി നടത്തുന്ന പ്രവർത്തനങ്ങളിൽ അബൂദബി പൊലീസിനെ സൂഫിയാനും ആലിയയും അഭിനന്ദിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
