താമസവിസക്കാരുടെ സൗജന്യ കാലാവധി ഇന്ന് അവസാനിക്കും
text_fieldsദുബൈ: താമസവിസക്കാർക്ക് യു.എ.ഇ നീട്ടി നൽകിയ സൗജന്യ കാലാവധി ശനിയാഴ്ച അവസാനിക്കും. മാർച്ച് ഒന്നിനും ജൂലൈ 12നും ഇടക്ക് കാലാവധി കഴിഞ്ഞ താമസവിസക്കാർക്ക് നൽകിയ അധിക കാലാവധിയാണ് അവസാനിക്കുന്നത്.സമയപരിധി അവസാനിക്കുന്നതിന് മുമ്പ് രാജ്യം വിടുകയോ വിസ പുതുക്കുകയോ ചെയ്യണം. അല്ലാത്തപക്ഷം പിഴ അടക്കേണ്ടി വരും. എന്നാൽ, എന്ന് മുതലാണ് പിഴ അടക്കേണ്ടത് എന്ന വിവരം ലഭ്യമായിട്ടില്ല. വിസിറ്റിങ് വിസക്കാരുടെ സൗജന്യ കാലാവധി കഴിഞ്ഞ മാസം അവസാനിച്ചിരുന്നു. അതിനുശേഷവും രാജ്യത്ത് തങ്ങിയവരിൽനിന്ന് പത്ത് ദിവസത്തിനുശേഷം പിഴ ഈടാക്കിത്തുടങ്ങിയിരുന്നു.
കോവിഡ് വ്യാപനം തുടങ്ങിയതോടെയാണ് യു.എ.ഇ സൗജന്യമായി വിസ കാലാവധി നീട്ടി നൽകിയത്. വിമാന മാർഗങ്ങൾ അടഞ്ഞതോടെ എങ്ങനെ നാടണയുമെന്ന് ആശങ്കപ്പെട്ടവർക്ക് ഏറെ ആശ്വാസമായിരുന്നു ഈ തീരുമാനം. ഡിസംബർ 31 വരെയാണ് ആദ്യം വിസ കാലാവധി നീട്ടി നൽകിയിരുന്നത്.എന്നാൽ, വിമാനങ്ങൾ സർവിസ് തുടങ്ങിയതോടെ ഈ തീയതി ഒക്ടോബർ 10 ആയി ചുരുക്കുകയായിരുന്നു. കാലാവധി അവസാനിച്ച ശേഷവും യു.എ.ഇയിൽ തുടരുന്ന താമസവിസക്കാർ ദിവസവും 25 ദിർഹം വീതമാണ് പിഴ അടക്കേണ്ടിവരുക. ആറുമാസം കഴിഞ്ഞാൽ ഇത് 50 ദിർഹമായി ഉയരും.
എമിറേറ്റ്സ് ഐ.ഡിയുടെ പിഴ വേറെയും അടക്കേണ്ടിവരുമെന്നും സൂചനയുണ്ട്. ഇവർക്ക് പിഴ ഒഴിവാക്കാൻ വ്യക്തമായ കാരണമുണ്ടെങ്കിൽ ജി.ഡി.ആർ.എഫ്.എ അധികൃതരെ സമീപിക്കാം. മാനുഷിക പരിഗണന നൽകേണ്ടവരാണെന്ന് അധികൃതർക്ക് ബോധ്യപ്പെട്ടാൽ ആവശ്യമായ നടപടികൾ കൈക്കൊള്ളാൻ സാധ്യതയുണ്ട്. അതേസമയം, മാർച്ച് ഒന്നിന് മുമ്പ് വിസ കാലാവധി അവസാനിച്ചവർക്ക് നവംബർ 17 വരെ രാജ്യത്ത് തുടരാം.ഇവർക്ക് പൊതുമാപ്പിെൻറ ആനുകൂല്യമാണ് ലഭിക്കുക. കേസുകൾ ഉള്ളതിനാൽ രാജ്യം വിടാൻ കഴിയാത്തവരാണ് ഇനിയും യു.എ.ഇയിൽ തങ്ങുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

