റെസിഡന്റ്സ് വിസയില്ലാതെ ജീവനക്കാരെ ജോലിക്കു നിർത്തരുതെന്ന് മന്ത്രാലയം
text_fieldsദുബൈ: ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സിൽ (ജി.ഡി.ആർ.എഫ്.എ) നിന്ന് റെസിഡൻസ് വിസ ലഭിച്ചിട്ടില്ലെങ്കിൽ പുതിയ ജീവനക്കാരെ ജോലിക്ക് അനുവദിക്കരുതെന്ന് സ്വകാര്യ സ്ഥാപനങ്ങൾക്ക് നിർദേശം. യു.എ.ഇ മാനവവിഭവശേഷി, ഇമാറാത്തിവത്കരണ വകുപ്പ് മന്ത്രാലയം വെബ്സൈറ്റിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്.
ഇനീഷ്യൽ വർക്ക് പെർമിറ്റ് ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ മാത്രം സ്ഥാപനങ്ങൾ പുതിയ ജീവനക്കാരെ ജോലി ആരംഭിക്കാൻ അനുവദിക്കരുതെന്നാണ് അറിയിപ്പിൽ പറയുന്നത്. വർക് പെർമിറ്റ് പുതിയ ജീവനക്കാരന് റെസിഡൻസി നടപടിക്രമങ്ങൾ പൂർത്തിയാക്കുന്നതിന് താൽക്കാലികമായി മാത്രം നൽകുന്നതാണെന്നും വ്യക്തമാക്കിയിട്ടുണ്ട്.
തുടർച്ചയായി വരുന്ന ചോദ്യങ്ങൾക്ക് മറുപടി നൽകുന്നതിന്റെ ഭാഗമായാണ് മന്ത്രാലയം വ്യക്തത വരുത്തിയത്. വർക്ക് പെർമിറ്റിന് നൽകുന്ന അപേക്ഷകൾ അംഗീകരിക്കുന്നതിന് തൊഴിലുടമകൾ പാലിക്കേണ്ട അഞ്ചു പ്രധാന വ്യവസ്ഥകളുണ്ടെന്ന് മന്ത്രാലയം വെബ്സൈറ്റിൽ വ്യക്തമാക്കിയിട്ടുണ്ട്. ഉടമയും തൊഴിലാളിയും തമ്മിലുള്ള തൊഴിൽബന്ധത്തെ സൂചിപ്പിക്കുന്ന രണ്ടു കക്ഷികളും ഒപ്പിട്ട വർക്ക് ഓഫർ സമർപ്പിക്കണം, ജീവനക്കാരന് മറ്റൊരു കമ്പനിയിൽ നിലവിലുള്ള വർക്ക് പെർമിറ്റോ കാർഡോ ഇല്ലെന്ന് പരിശോധിക്കണം, ജീവനക്കാരന് 18 വയസ്സും അതിനുമുകളിലും പ്രായമുണ്ടെന്ന് ഉറപ്പുവരുത്തണം, സ്ഥാപനത്തിന്റെ പ്രവർത്തനത്തിന് ആനുപാതികമായ ജോലിയാണ് ജീവനക്കാരന് നൽകുന്നതെന്ന് ഉറപ്പുവരുത്തണം, രാജ്യത്തെ അംഗീകൃത ബാങ്കുകളിലൊന്ന് മുഖേന മന്ത്രാലയത്തിന്റെ ബാങ്ക് അക്കൗണ്ടിൽ ഓരോ ജീവനക്കാരനും 3000 ദിർഹം ബാങ്ക് ഗാരന്റി നൽകണം എന്നിവയാണ് ഇതിൽ പറയുന്നത്. ജോലി പെർമിറ്റിന് അപേക്ഷിക്കുമ്പോൾ ആവശ്യമായ പ്രഫഷനൽ യോഗ്യതയോ വിദ്യാഭ്യാസയോഗ്യതയോ ഉണ്ടായിരിക്കണമെന്നും അധികൃതർ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

