രക്ഷാപ്രവർത്തനം അതിവേഗം, സാഹസികം
text_fieldsഅപകടത്തിൽപെട്ടവരെ സുരക്ഷിതരാക്കുന്ന രക്ഷാപ്രവർത്തകർ
ഫുജൈറ: ബുധനാഴ്ച രാത്രി അപ്രതീക്ഷിതമായി മഴ ശക്തിപ്പെട്ടപ്പോൾ ആരംഭിച്ചതാണ് ഫുജൈറയിലെയും മറ്റിടങ്ങളിലെയും രക്ഷാപ്രവർത്തന ദൗത്യം. ആഭ്യന്തര മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ എല്ലാവരുടെയും ജീവൻ സുരക്ഷിതമാക്കുന്നതിനാണ് മുൻഗണന നൽകിയത്. വെള്ളത്തിൽ മുങ്ങിയ റോഡുകളും വഴികളും കടന്ന് വീടുകളിൽ എത്തി വൃദ്ധരെയും കുട്ടികളെയും അടക്കം സാഹസികമായാണ് രക്ഷിച്ചത്. പൊലീസിനും സൈന്യത്തിനും പുറമെ വിവിധ എമിറേറ്റുകളിലെ രക്ഷാസേനകളും അഗ്നിശമന സേനാംഗങ്ങളും ദൗത്യത്തിന് എത്തിച്ചേർന്നിരുന്നു.
പലയിടങ്ങളിലും വീടുകളിലെത്തി ബോട്ടുകളിലാണ് കുടുംബങ്ങളെ സുരക്ഷിത സ്ഥാത്തേക്ക് മാറ്റിയത്. പ്രവാസികൾ താമസിക്കുന്ന സ്ഥലങ്ങളിലും രക്ഷാസേനയുടെ വാഹനങ്ങൾ രാത്രിയും രാവിലെയുമായി കുതിച്ചെത്തി. ഹോട്ടലുകളിലും മറ്റു താൽക്കാലിക ഷെൽട്ടറുകളിലേക്കുമാണ് ഇവരെ മാറ്റിയത്. കുടുംബങ്ങൾക്ക് ആവശ്യമായ ഭക്ഷണവും രക്ഷാപ്രവർത്തകർ ഒരുക്കിനൽകി. കനത്ത മഴയിൽ പ്രയാസത്തിലായ 3,897 പേർക്ക് അഭയം നൽകിയതായി ആഭ്യന്തര മന്ത്രാലയം ഔദ്യോഗിക വക്താവ് ബ്രിഗേഡിയർ ജനറൽ ഡോ. അലി സാലിം അൽ തുനൈജി പറഞ്ഞു. മഴപെയ്ത പ്രദേശങ്ങളിലുള്ളവർ വീടിന് പുറത്തിറങ്ങുന്നത് ഒഴിവാക്കണമെന്ന് അദ്ദേഹം നിർദേശിച്ചു.
മഴ കാരണം വാഹനങ്ങളിൽ കുടുങ്ങിയവരെ രക്ഷപ്പെടുത്താൻ നാട്ടിലെപോലെ മലയാളികൾ ഫുജൈറയിലും രംഗത്തിറങ്ങി. പലരും വെള്ളക്കെട്ട് പരിചയമില്ലാതെ എന്ത് ചെയ്യണമെന്ന് ആശങ്കിച്ചപ്പോൾ മലയാളികൾ രക്ഷാപ്രവർത്തനത്തിലെ നാട്ടിലെ പരിചയം ഉപയോഗപ്പെടുത്തി. കുട്ടികളെയും പ്രായം ചെന്നവരെയും കൈപിടിച്ചും തോളിലേറ്റിയും രക്ഷപ്പെടുത്തി. കൂടുതൽ അപകടകരമായ സാഹചര്യം വന്നതോടെ സൈന്യവും പൊലീസും മറ്റു രക്ഷാസേനയും എല്ലാം ഏറ്റെടുത്തു. സ്വദേശികളായ പലരും വീടൊഴിയേണ്ടിവന്നവർക്ക് താമസസ്ഥലവും ഭക്ഷണവും ഒരുക്കാനും രംഗത്തെത്തി. സാഹസികമായാണ് സൈന്യം ചില ഭാഗങ്ങളിൽ കുടുങ്ങിയവരെ രക്ഷിച്ചത്. ഹെലികോപ്ടറിൽ എത്തിയാണ് ചില ഭാഗങ്ങളിൽ രക്ഷാപ്രവർത്തനം നടത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

