ആഘോഷിക്കപ്പെടുന്നത് മഹത്തായ ചരിത്രം -ഡോ. ആസാദ് മൂപ്പൻ
text_fieldsഡോ. ആസാദ് മൂപ്പൻ
ദുബൈ: റിപ്പബ്ലിക് ദിനത്തിന്‍റെ 74ാം വര്‍ഷം അടയാളപ്പെടുത്തപ്പെടുമ്പോൾ സ്വാതന്ത്ര്യസമര സേനാനികളുടെ ത്യാഗങ്ങള്‍ അനുസ്മരിക്കുകയും രാജ്യത്തിന്‍റെ നേട്ടങ്ങള്‍ ആഘോഷിക്കുകയും ചെയ്യുകയാണ് ലോകമെമ്പാടുമുള്ള എല്ലാ ഇന്ത്യക്കാരുമെന്ന് ആസ്റ്റര്‍ ഡി.എം ഹെല്‍ത്ത് കെയര്‍ സ്ഥാപക ചെയര്‍മാനും എം.ഡിയുമായ ഡോ. ആസാദ് മൂപ്പന്‍ സന്ദേശത്തിൽ പറഞ്ഞു. സ്വാതന്ത്ര്യത്തിനുശേഷം ഇന്ത്യ എല്ലാ മേഖലകളിലും സുപ്രധാനമായ നാഴികക്കല്ലുകള്‍ കൈവരിച്ചിട്ടുണ്ട്. ശാസ്ത്രം, സാങ്കേതികവിദ്യ, ഡേറ്റ, ഭക്ഷ്യസുരക്ഷ, സാക്ഷരത, കാലാവസ്ഥ, പരിസ്ഥിതി തുടങ്ങിയ നിരവധി മേഖലകളില്‍ രാജ്യം മാതൃകപരമായി മുന്നേറുകയാണ്.
കഴിഞ്ഞ എട്ടുപതിറ്റാണ്ടുകളിൽ വളരെയധികം പുരോഗതി കൈവരിച്ച് ലോകത്തെ ആറാമത്തെ വലിയ സമ്പദ് വ്യവസ്ഥയാകാൻ ഇന്ത്യക്ക് കഴിഞ്ഞു -അദ്ദേഹം ചൂണ്ടിക്കാട്ടി. ഈ വര്‍ഷം ജി-20 അധ്യക്ഷസ്ഥാനം കരസ്ഥമാക്കിയ ഇന്ത്യയുടെ പ്രഥമ വനിത ഗോത്രവര്‍ഗ മേഖലയില്‍ നിന്നുള്ള ദ്രൗപദി മുര്‍മുവാണെന്നതും നാരീശക്തിയാണ് ഈ വര്‍ഷത്തെ റിപ്പബ്ലിക് ദിന പരേഡില്‍ നിർദേശിക്കപ്പെട്ട പ്രമേയങ്ങളിലൊന്നെന്നതും ശ്രദ്ധേയമാണ്. സ്റ്റാര്‍ട്ട് അപ് ഇന്ത്യ, മെയ്ക് ഇന്‍ ഇന്ത്യ, സ്‌കില്‍ ഇന്ത്യ, സ്റ്റാന്‍ഡ് അപ് ഇന്ത്യ തുടങ്ങിയ സർക്കാർ ഉദ്യമങ്ങൾ സംരംഭകത്വം പ്രോത്സാഹിപ്പിക്കുന്നതിന് സഹായിച്ചിട്ടുണ്ട്.
യുവജനങ്ങള്‍ക്ക് തൊഴില്‍ ലഭിക്കുന്നതില്‍ ഒരു ഭൂമിശാസ്ത്രപരമായ മുന്നേറ്റം നമുക്കുള്ളതിനാല്‍, അടുത്ത ദശകത്തില്‍ ജി.ഡി.പി വളര്‍ച്ചയില്‍ രാജ്യം മറ്റ് രാജ്യങ്ങളെ മറികടക്കും-ഡോ. മൂപ്പൻ കൂട്ടിച്ചേർത്തു. ജനങ്ങളുടെ ആരോഗ്യം രാജ്യത്തിന്‍റെ സമ്പത്തായതിനാല്‍ ആരോഗ്യ മേഖലക്ക് കൂടുതല്‍ ശ്രദ്ധ ആവശ്യമാണ്. ആരോഗ്യ സംരക്ഷണത്തിനുള്ള സര്‍ക്കാര്‍ ബജറ്റ് ധനമന്ത്രി മൂന്നുശതമാനമായി വർധിപ്പിക്കണം. ഡോക്ടര്‍മാരുടെയും നഴ്സുമാരുടെയും ശേഷി വർധിപ്പിക്കുന്നതിനൊപ്പം പ്രാഥമിക, പ്രതിരോധ പരിചരണത്തിലും ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.