റിപ്പബ്ലിക് ദിനാഘോഷവുമായി പ്രവാസി സമൂഹം
text_fieldsപ്രതീകാത്മക ചിത്രം
ഫുജൈറ: കൽബ ഇന്ത്യൻ സോഷ്യൽ ആൻഡ് കൾചറൽ ക്ലബ് ഇന്ത്യയുടെ 76ാം റിപ്പബ്ലിക് ദിനം ആഘോഷിച്ചു. അഭിഷേക് കുമാർ വർമ (കോൺസുൽ പാസ്പോർട്ട്) ഇന്ത്യൻ പതാക ഉയർത്തിയ ചടങ്ങിൽ ക്ലബ് പ്രസിഡന്റ് സൈനുദ്ദീൻ നാട്ടിക അധ്യക്ഷത വഹിച്ചു.
പരമാധികാര, ജനാധിപത്യ, മതേതര റിപ്പബ്ലിക്കിലേക്കുള്ള രാജ്യത്തിന്റെ പരിവർത്തനത്തെ അടയാളപ്പെടുത്തുന്നതാണ് ഓരോ റിപ്പബ്ലിക് ദിനവുമെന്ന് പ്രസിഡന്റ് അനുസ്മരിച്ചു. ഭരണഘടനയുടെ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കാനും ശോഭനവും ഏകീകൃതവുമായ ഇന്ത്യക്കായി പ്രവർത്തിക്കാനും നമുക്ക് കഴിയട്ടെ എന്ന് ക്ലബ് ജനറൽ സെക്രട്ടറി എൻ.എം. അബ്ദുസ്സമദ് ആശംസിച്ചു.
കൽബ ഇന്ത്യൻ സോഷ്യൽ ആൻഡ് കൾചറൽ ക്ലബ്ബിന്റെ റിപ്പബ്ലിക് ദിനാഘോഷത്തിൽനിന്ന്
ക്ലബിലെ കൾചറൽ വിങ്ങിന്റെ നേതൃത്വത്തിൽ വിദ്യാർഥികൾക്കായി ‘സാമൂഹിക ഐക്യത്തിന് റിപ്പബ്ലിക് ദിനത്തിന്റെ പ്രാധാന്യം’ എന്ന വിഷയത്തിൽ നടത്തിയ ഉപന്യാസ മത്സരത്തിൽ റജാ ഹംസ, മുഹമ്മദ് നിഹാൽ എന്നിവർ ഒന്നാം സ്ഥാനം നേടിയപ്പോൾ ആദിൽ അനീഷ് രണ്ടാം സ്ഥാനവും, നിഹാൽ അനീഷ്, റിദാ ഹംസ എന്നിവർ മൂന്നാം സ്ഥാനവും നേടി. ക്ലബ് ട്രഷറർ വി.ഡി. മുരളീധരൻ, വൈസ് പ്രസിഡന്റ് ആന്റണി എന്നിവർ റിപ്പബ്ലിക് ദിന ആശംസകൾ നേർന്നു.
ഇന്ത്യൻ അസോസിയേഷൻ ഷാർജ
ഷാർജ: ഇന്ത്യയുടെ 76ാമത് റിപ്പബ്ലിക് ദിനം ഇന്ത്യൻ അസോസിയേഷൻ ഷാർജ (ഐ.എ.എസ്) വിപുല കലാപരിപാടികളോടുകൂടി ആഘോഷിച്ചു. 26ന് രാവിലെ എട്ടിന് ദുബൈ ഇന്ത്യൻ കോൺസുലേറ്റിലെ കോൺസൽ (വിസ ആൻഡ് കമ്യൂണിറ്റി അഫയേഴ്സ്) ഉത്തം ചന്ദ് ദേശീയ പതാക ഉയർത്തി. തുടർന്ന് രാഷ്ട്രപതിയുടെ റിപ്പബ്ലിക് ദിന സന്ദേശം വായിച്ചു. ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്റ് നിസാർ തളങ്കര അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ശ്രീപ്രകാശ് സ്വാഗതവും ട്രഷറർ ഷാജി ജോൺ നന്ദിയും പറഞ്ഞു. ഇന്ത്യൻ അസോസിയേഷൻ മാനേജിങ് കമ്മിറ്റി അംഗങ്ങളും കോ ഓഡിനേഷൻ ഭാരവാഹികളും മറ്റു സംഘടന ഭാരവാഹികളും സന്നിഹിതരായിരുന്നു. വൈകുന്നേരം ഇന്ത്യൻ അസോസിയേഷൻ കമ്യൂണിറ്റി ഹാളിൽ സ്വാതന്ത്ര്യദിന സന്ദേശം ഉൾക്കൊള്ളുന്ന വിവിധ കലാപരിപാടികൾ അരങ്ങേറി.
വൈസ് പ്രസിഡന്റ് പ്രദീപ് നന്മാറ, ജോ.സെക്രട്ടറി ജിബി ബേബി, ജോ.ട്രഷറർ റെജി പാപ്പച്ചൻ, ഇന്ത്യൻ സ്കൂൾ പ്രിൻസിപ്പൽ പ്രമോദ് മഹാജൻ, സ്കൂൾ ഓപറേഷൻ മാനേജർ ബദരിയ എന്നിവർ ആഘോഷ പരിപാടിയിൽ സന്നിഹിതരായിരുന്നു.
ഐ.എ.എസ് റിപ്പബ്ലിക് ദിനാഘോഷത്തിൽ ദുബൈ ഇന്ത്യൻ കോൺസൽ ഉത്തം ചന്ദ് ദേശീയ പതാക ഉയർത്തുന്നു
റാക് ഇന്ത്യന്‍ റിലീഫ് കമ്മിറ്റി
റാസല്‍ഖൈമ: 76ാമത് ഇന്ത്യന്‍ റിപ്പബ്ലിക് ദിനം വിപുലമായി ആഘോഷിച്ച് റാക് ഇന്ത്യന്‍ റിലീഫ് കമ്മിറ്റി (ഐ.ആര്.സി).ഐ.ആര്.സി അങ്കണത്തില്‍ ഇന്ത്യന്‍ കോണ്‍സല്‍ (കോമേഴ്സ്) ബി.ജി. കൃഷ്ണന് ദേശീയപതാക ഉയര്‍ത്തി രാഷ്ട്രപതിയുടെ സന്ദേശം വായിച്ചു. ഐ.ആര്.സി പ്രസിഡന്റ് ഡോ. നിഷാം നൂറുദ്ദീന്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി സുമേഷ് മഠത്തില്‍ സ്വാഗതവും ഡോ. മാത്യു നന്ദിയും പറഞ്ഞു. സാമൂഹിക -സാംസ്കാരിക സംഘടന പ്രതിനിധികളും വിവിധ സ്കൂള്‍ പ്രിന്‍സിപ്പല്‍മാരും മാനേജ്മെന്റ് ഭാരവാഹികളും പങ്കെടുത്തു. മോഹന്‍ പങ്കത്ത്, പത്മരാജ് എന്നിവര്‍ നേതൃത്വം നല്കി.
റാക് ഇന്ത്യന്‍ റിലീഫ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്ന ഇന്ത്യന്‍ റിപ്പബ്ലിക് ദിനാഘോഷ ചടങ്ങില്‍നിന്ന്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

