‘റിപ്പോർട്ട് ഷാർജ 2018’ പ്രകാശനം ചെയ്തു
text_fieldsഷാർജ: ലോകരാഷ്ട്രങ്ങളുടെ സമ്പദ്ഘടനയെയും നിക്ഷേപമേഖലയെയും പഠനവിധേയമാക്കുന്ന ഓക്സ്ഫോർഡ് ബിസിനസ് ഗ്രൂപ്പിെൻറ ‘റിപ്പോർട്ട് ഷാർജ 2018’ പ്രസിദ്ധീകരിച്ചു. സാമൂഹിക-സാമ്പത്തിക വളർച്ചക്ക് ആക്കം കൂട്ടുന്ന വിവിധ മേഖലകളിൽ ശ്രദ്ധ കേന്ദ്രീകരിച്ചും വിദേശ നിക്ഷേപങ്ങൾ ആകർഷിച്ചും ഷാർജ നടത്തുന്ന കുതിപ്പിലേക്ക് വിരൽ ചൂണ്ടുന്നതാണ് പുതിയ പഠനം.
നിക്ഷേപകർക്കും വ്യവസായ രംഗത്തിനും ഷാർജ സമ്പദ്ഘടനയുടെ സമഗ്രചിത്രം നൽകുന്ന റിപ്പോർട്ടിൽ ഷാർജ ഭരണാധികാരിയും യുഎഇ സുപ്രീം കൗൺസിൽ അംഗവുമായ ഷെയ്ഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി തന്റെ വികസന കാഴ്ചപ്പാടുകൾ പങ്കുവെക്കുന്നുണ്ട്. ജനങ്ങൾക്ക് ഉപകാരപ്രദമാവുന്ന, സാംസ്‌കാരിക മൂല്യങ്ങളെയും കലയെയും ചേർത്ത് പിടിക്കുന്ന വികസന നയമാണ് ഷാർജ ആഗ്രഹിക്കുന്നത്. സാംസ്‌കാരിക കൈമാറ്റങ്ങൾക്കു വേദിയാവുന്ന, ശാസ്ത്രത്തിലേക്കും ചരിത്രത്തിലേക്കും അറിവിലേക്കും നയിക്കുന്ന വികസനങ്ങളാണ് ഒരു രാജ്യത്തിെൻറ യഥാർത്ഥ സമ്പത്തെന്നും അദ്ദേഹം പറയുന്നു. ഷാർജ ഇൻവെസ്റ്റ്മെൻറ് ആൻറ് ഡെവലപ്മെൻറ് അതോറിറ്റി ചെയർപേഴ്സൺ ശൈഖ ബുദൂർ ബിൻത് സുൽത്താൻ അൽ ഖാസിമി, എക്സിക്യൂട്ടീവ് ചെയർമാൻ മർവാൻ അൽ സർകാൽ, ഷാർജ ടൂറിസം അതോറിറ്റി ചെയർമാൻ ഖാലിദ് അൽ മിദ്ഫ തുടങ്ങിയവരുടെ അഭിമുഖവും വിശകലനങ്ങളും ഷാർജ റിപ്പോർട്ടിലുണ്ട്.
2016ൽ 912 ദശലക്ഷം ദിർഹം വിദേശനിക്ഷേപം ആകർഷിച്ച ഷാർജ 2017ൽ അത് 5.97 ബില്യനാക്കി വർധിപ്പിച്ചിരുന്നു. ഓയിൽ മേഖലയെ മാത്രം ആശ്രയിക്കുന്നതിൽ നിന്ന് മാറി റിയൽ എസ്റ്റേറ്റ്, റീട്ടെയിൽ, നിർമാണം, വിദ്യാഭ്യാസം, വ്യവസായം തുടങ്ങിയ മേഖലകളിൽ നൽകിയ ശ്രദ്ധയും ആ മേഖലയിലൊരുക്കിയ സൗകര്യങ്ങളുമാണ് ഈ വളർച്ചക്ക് സഹായിച്ചത്. ഇന്ത്യയിൽ നിന്നുള്ള നിക്ഷേപകരാണ് പട്ടികയിൽ ഒന്നാമതുള്ളത്. എളുപ്പത്തിൽ വ്യവസായം തുടങ്ങാനുള്ള സംവിധാനങ്ങൾ, മികച്ച അടിസ്ഥാന സൗകര്യങ്ങൾ, ലോകമാർക്കറ്റിലേക്ക് എത്തിക്കാനുമുള്ള എളുപ്പം തുടങ്ങിയ ഘടകങ്ങളാണ് ഇന്ത്യൻ സംരംഭകരെ ഷാർജയിലേക്ക് ആകർഷിക്കുന്നത്.
നിലവിൽ ഷാർജ ഫ്രീസോണിൽ ഏഴായിരത്തിലധികം ഇന്ത്യൻ കമ്പനികൾ പ്രവർത്തിക്കുന്നുണ്ട്. കഴിഞ്ഞ കുറച്ചു വർഷങ്ങളായി വലിയ മാറ്റങ്ങളിലൂടെയാണ് ഷാർജ സമ്പദ് വ്യവസ്ഥ കടന്നു പോകുന്നതെന്നും ലോകനിലവാരത്തിലുള്ള അടിസ്ഥാനസൗകര്യങ്ങൾ ഒരുക്കിയതും അതിലേക്കു വിദേശനിക്ഷേപം ആകർഷിക്കാനായതും ഇതിനു വഴിയൊരുക്കിയതായി ഷാർജ ഇൻവെസ്റ്റ്മെന്റ് ആൻഡ് ഡെവലപ്മെന്റ് അതോറിറ്റി എക്സിക്യൂട്ടീവ് ചെയർമാൻ മർവാൻ അൽ സർക്കാൽ പറഞ്ഞു. അതോടൊപ്പം പ്രാദേശിക നിക്ഷേപകരും ധാരാളമായി വർധിച്ചു. വിനോദസഞ്ചാര മേഖലയും കൂടുതൽ സജീവമായി. ഇന്ത്യ, ഇറ്റലി, നെതർലാൻഡ്സ് തുടങ്ങിയ രാജ്യങ്ങളുമായുള്ള നിക്ഷേപ-വികസന ബന്ധങ്ങൾ കൂടുതൽ ശക്തിയാർജിക്കുകയാണെന്നും മർവാൻ അൽ സർക്കാൽ അഭിപ്രായപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
