Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_right1,350 കോടി ദിർഹമിന്റെ...

1,350 കോടി ദിർഹമിന്റെ ബാങ്ക് വായ്പകൾക്ക് തിരിച്ചടവ് ഇളവ്

text_fields
bookmark_border
1,350 കോടി ദിർഹമിന്റെ ബാങ്ക് വായ്പകൾക്ക് തിരിച്ചടവ് ഇളവ്
cancel

അബൂദബി: യു.എ.ഇയിൽ സാമ്പത്തിക പ്രത്യാഘാതങ്ങൾ നേരിട്ട ബാങ്ക് ഉപഭോക്താക്കൾക്കായി 1,350 കോടി ദിർഹമിന്റെ വായ്പാ തിരിച്ചടവുകൾ സെൻട്രൽ ബാങ്ക് (സി.ബി.യു.എ.ഇ) നീട്ടിനൽകി. ബാങ്കിങ് മേഖലയുടെ ആസ്തി ഗുണനിലവാരം ഉറപ്പുവരുത്തുന്നതിനും സാമ്പത്തിക അടിത്തറ ശക്തമാക്കുന്നതിനുമായി 2026 മാർച്ചിൽ പ്രഖ്യാപിച്ച മുൻകരുതൽ ആശ്വാസ പാക്കേജിന്റെ ഭാഗമായാണ് നടപടി.

രാജ്യത്തുടനീളം ആകെ 135,031 ഉപഭോക്താക്കൾക്കാണ് ഈ സാമ്പത്തിക ഇളവിന്റെ പ്രയോജനം ലഭിക്കുക. ജൂലൈ 30 വരെയുള്ള ഔദ്യോഗിക കണക്കുകൾ പ്രകാരം വൻകിട കമ്പനികൾക്ക് 910 കോടി ദിർഹമിന്റെയും ചെറുകിട ഇടത്തരം സംരംഭങ്ങൾക്ക് 240 കോടി ദിർഹമിന്റെയും വ്യക്തിഗത വായ്പക്കാർക്ക് 200 കോടി ദിർഹമിന്റെയും തിരിച്ചടവുകളാണ് നീട്ടി നൽകിയത്. 127,753 വ്യക്തികൾ, 6,198 ചെറുകിട ഇടത്തരം സ്ഥാപനങ്ങൾ, 1,080 വൻകിട കോർപറേറ്റുകൾ എന്നിവരാണ് ഇളവ് ലഭിച്ച ഗുണഭോക്താക്കൾ.

സെൻട്രൽ ബാങ്കിന്റെ കൃത്യമായ മേൽനോട്ടവും മുൻകരുതൽ നടപടികളും ബാങ്കിങ് മേഖലയുടെ വളർച്ചക്ക്​ വൻ വേഗം പകർന്നു. 2025ലെ ഇതേ കാലയളവിനെ അപേക്ഷിച്ച് 2026 ജൂൺ 30 വരെയുള്ള കണക്കനുസരിച്ച് ബാങ്ക് ആസ്തിയിൽ 12.5 ശതമാനവും വായ്പകളിൽ 18.1 ശതമാനവും മൊത്തം നിക്ഷേപങ്ങളിൽ 14 ശതമാനവും വർധന രേഖപ്പെടുത്തി.

രാജ്യത്തെ ബാങ്കിങ് മേഖല ചരിത്രത്തിലെ ഏറ്റവും ഉയർന്ന ആസ്തി ഗുണനിലവാരമാണ് 2026 രണ്ടാം പാദത്തിന്റെ അവസാനത്തോടെ കൈവരിച്ചിരിക്കുന്നത്. കിട്ടാക്കടങ്ങളുടെ തോതിൽ ഉണ്ടായ വൻ കുറവാണ് ഇതിന് പ്രധാന കാരണം. 2020ൽ മൊത്തം കിട്ടാക്കട നിരക്ക് 8.2 ശതമാനമായിരുന്നത് 2026 രണ്ടാം പാദത്തിൽ ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ നിരക്കായ 2.8 ശതമാനത്തിലേക്ക് താഴ്ന്നു. ചെലവുകൾ കിഴിച്ചുള്ള കിട്ടാക്കട നിരക്ക് 3.6 ശതമാനത്തിൽ നിന്ന് 1.3 ശതമാനമായും കുറഞ്ഞു.

2020ൽ 14200 കോടി ദിർഹമായിരുന്ന കിട്ടാക്കടത്തിന്റെ അളവ് ഈ വർഷം ആദ്യപാദത്തിൽ 8400 കോടി ദിർഹമായും , രണ്ടാം പാദം അവസാനിച്ചതോടെ 7600 കോടി ദിർഹമായും കുറക്കാൻ സാധിച്ചിട്ടുണ്ട്. കേന്ദ്ര ബാങ്ക് നടപ്പിലാക്കിയ കർശനമായ പരിശോധനകൾ, ആസ്തി വിലയിരുത്തലുകൾ, ക്രെഡിറ്റ് റിസ്ക് മാനേജ്മെന്റ് ചട്ടങ്ങൾ, കിട്ടാക്കടങ്ങൾ എഴുതിത്തള്ളുന്നതിനും വീണ്ടെടുക്കുന്നതിനുമായി അന്താരാഷ്ട്ര മാനദണ്ഡങ്ങൾക്കനുസരിച്ച് രൂപീകരിച്ച മാർഗനിർദേശങ്ങൾ എന്നിവയാണ് ബാങ്കിങ് മേഖലയെ ഈ സാമ്പത്തിക നേട്ടത്തിലേക്ക് നയിച്ചതെന്ന് കേന്ദ്ര ബാങ്ക് വ്യക്തമാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:bank loanLoansUAE Central Bank
News Summary - Repayment relief for bank loans
Next Story