വിമാനം തിരിച്ചിറക്കൽ; 38 മണിക്കൂർ ദുരിതത്തിന് ശേഷം നാട്ടിൽ
text_fieldsമണിക്കൂറുകൾ നീണ്ട ദുരിതത്തിനൊടുവിൽ കോഴിക്കോട്ടെത്തിയ യാത്രക്കാർ
ഷാർജ: ദുരിതക്കടൽ താണ്ടി എയർ ഇന്ത്യ യാത്രക്കാർ നാട്ടിലെത്തി. വെള്ളിയാഴ്ച രാത്രി തകരാറിനെ തുടർന്ന് ഷാർജ വിമാനത്താവളത്തിൽ തിരിച്ചിറക്കിയ കോഴിക്കോട് വിമാനത്തിലെ യാത്രക്കാർ നാട്ടിലെത്തിയത് ഞായറാഴ്ച വൈകീട്ടോടെ. പല വിമാനങ്ങളിലായാണ് ഇവരെ നാട്ടിലേക്ക് അയച്ചത്.
ചില യാത്രക്കാരെ തിരുവനന്തപുരം വിമാനത്താവളം വഴി എത്തിച്ചതോടെ ഇവർക്ക് തലസ്ഥാന നഗരിയിൽനിന്ന് കോഴിക്കോട്ടേക്ക് വീണ്ടും യാത്ര ചെയ്യേണ്ടിവന്നു. വിമാനത്താവളത്തിലുണ്ടായിരുന്ന അവസാന ബാച്ച് യാത്രക്കാരെ ഞായറാഴ്ച ഉച്ചക്ക് 12.51ന്റെ കോഴിക്കോട് വിമാനത്തിൽ നാട്ടിലേക്കയച്ചു. വെള്ളിയാഴ്ച രാത്രി 11.45ന് ഷാർജയിൽനിന്ന് കോഴിക്കോട്ടേക്ക് പുറപ്പെട്ട എയർ ഇന്ത്യ വിമാനം (AI-998) ഒരു മണിക്കൂർ പറന്നതിന് ശേഷമാണ് തിരിച്ചിറക്കിയത്. 174 യാത്രക്കാർ വിമാനത്തിലുണ്ടായിരുന്നു. തിരിച്ചിറക്കുന്നതിന് മിനിറ്റുകൾക്ക് മുമ്പ് മാത്രമാണ് സാങ്കേതിക തകരാർ ഉള്ളതിനാൽ വിമാനം തിരിച്ചിറക്കുന്ന വിവരം യാത്രക്കാരെ അറിയിച്ചത്.
ടെർമിനലിലേക്ക് മാറ്റിയ യാത്രക്കാരോട് വിമാനം എപ്പോൾ പുറപ്പെടുമെന്നോ പകരം വിമാനം ഏർപ്പെടുത്തുന്ന കാര്യമോ അധികൃതർ അറിയിച്ചില്ല. യാത്രക്കാർ പ്രതിഷേധിച്ചെങ്കിലും കാര്യമുണ്ടായില്ല. ഉച്ചക്ക് ശേഷം യാത്രക്കാരെ സമീപത്തെ ഹോട്ടലിലേക്ക് മാറ്റി. തൊട്ടടുത്ത് താമസിക്കുന്നവരെ വീടുകളിലേക്ക് തിരിച്ചയച്ചു. ഗർഭിണികളും കുഞ്ഞുങ്ങളും പ്രായമായവരും ബന്ധുക്കൾ മരിച്ചതിനെ തുടർന്ന് നാട്ടിൽ പോകുന്നവരുമൊക്കെ വിമാനത്തിൽ ഉണ്ടായിരുന്നു. അടിയന്തരാവശ്യങ്ങൾക്ക് രണ്ടോ മൂന്നോ ദിവസത്തേക്ക് യാത്രതിരിച്ചവരുമുണ്ടായിരുന്നു. നാട്ടിലെത്തിക്കാനുള്ള മൃതദേഹവും അവരുടെ ബന്ധുക്കളും വിമാനത്തിലുണ്ടായിരുന്നു. യാത്രക്കാരുടെ പ്രതിഷേധത്തിനൊടുവിൽ ചില യാത്രക്കാരെ തിരുവനന്തപുരത്തേക്കുള്ള ഇൻഡിഗോ വിമാനത്തിൽ നാട്ടിലെത്തിച്ചു. അവിടെ നിന്ന് കോഴിക്കോട്ടേക്ക് യാത്രാസൗകര്യം ഒരുക്കാമെന്ന് എയർ ഇന്ത്യ അധികൃതർ ഉറപ്പ് നൽകിയിരുന്നു. കുറച്ച് പേർ ചെന്നൈ വിമാനത്തിലാണ് യാത്ര ചെയ്തത്. ബാക്കിയുള്ളവരെ ഉച്ചയോടെ കോഴിക്കോട് വിമാനത്തിൽ നാട്ടിലേക്കയച്ചു.
താമസസ്ഥലത്തേക്ക് മടങ്ങിയവർ അനിശ്ചിതത്വത്തിൽ
ഷാർജ: വിമാനം തിരിച്ചിറക്കിയപ്പോൾ യു.എ.ഇയിലെ താമസയിടങ്ങളിലേക്ക് മടങ്ങിയ റസിഡന്റ് വിസക്കാരായ യാത്രക്കാരുടെ കാര്യം അനിശ്ചിതത്വത്തിൽ. ഇവർക്ക് എന്ന് യാത്രയൊരുക്കും എന്ന് അറിയിച്ചിട്ടില്ല. വിമാനത്താവളത്തിന്റെ അടുത്ത പ്രദേശങ്ങളിലുള്ളവർക്ക് താമസസ്ഥലങ്ങളിലേക്ക് മടങ്ങാൻ അധികൃതർ അനുമതി നൽകിയിരുന്നു. ടാക്സി ചാർജ് നൽകാമെന്നും ഇവരെ അറിയിച്ചിരുന്നു. എന്നാൽ, വിമാനത്താവളത്തിലുണ്ടായിരുന്ന മറ്റ് യാത്രക്കാർക്ക് യാത്രയൊരുക്കിയിട്ടും ഇവർക്ക് തുടർനിർദേശങ്ങളൊന്നും വന്നിട്ടില്ല. തിരിച്ചിറക്കിയ വിമാനത്തിന്റെ തകരാർ പൂർണമായി പരിഹരിച്ചിട്ടില്ല എന്നാണ് വിവരം.

