അകറ്റിനിർത്തലല്ല, ചേർത്തുനിർത്തലാണ് ജീവിതം; അതിജീവനത്തിന്റെ പ്രതീകമായി രേണുക
text_fieldsആർ.ജെ ഫസ്ലു
ജീവിതം അവസാനിപ്പിക്കാൻ കാരണങ്ങൾ പലതുമായി വിധി കൺമുന്നിൽ വിളയാടിയിട്ടും പ്രതീക്ഷയുടെയും ആത്മവിശ്വാസത്തിന്റെയും പ്രതീകമായി മാറുകയാണ് രേണുകയെന്ന പ്രവാസി വീട്ടമ്മ. ദുബൈയിലെ ആർ.ജെ എന്ന നിലയിൽ പലപ്പോഴായി പലരുടെയും ജീവിതത്തിലൂടെ കടന്നുപോകേണ്ടി വന്നിട്ടുണ്ടെങ്കിലും മനസ്സിനെ ഏറെ ചിന്തിപ്പിക്കുകയും സന്തോഷിപ്പിക്കുകയും ചെയ്ത ഒന്നാണ് മലയാളിയല്ലാത്ത രേണുകയുടെ അതിജീവന കഥ. പലവിധ കാരണങ്ങൾ കൊണ്ട് ആത്മഹത്യയിലേക്ക് വഴുതിവീഴുന്ന പ്രവാസികൾക്കിടയിൽ വേറിട്ട ജീവിതം അടയാളപ്പെടുത്തുകയാണിവർ. വർഷങ്ങൾക്കു മുമ്പ് ഒരു വിഷുദിനത്തിലാണ് ആ ഫോൺ കോൾ വരുന്നത്. സുഹൃത്തായിരുന്നു അങ്ങേതലക്കൽ. തനിക്ക് അറിയാവുന്ന ഒരു കുടുംബത്തിന് ഒരു നേരത്തെ ഭക്ഷണം വാങ്ങിനൽകാമോ എന്നായിരുന്നു അഭ്യർഥന.
ബർദുബൈയിലെ ക്ഷേത്ര സന്ദർശനത്തിനിടെ ശ്രദ്ധയിൽപ്പെട്ടതാണ്. അമ്മയും രണ്ട് കുട്ടികളും സ്ഥിരമായി ഭക്ഷണം വാങ്ങിപ്പോകുന്നത് കണ്ടപ്പോൾ കൗതുകം തോന്നി. വിവരങ്ങൾ ചോദിച്ചറിഞ്ഞപ്പോഴാണ് ഏറെ സങ്കടകരമായ അവസ്ഥയിലാണ് കുടുംബമെന്ന് ബോധ്യമായത്. സന്തോഷത്തോടെ ജീവിച്ച കൊച്ചു കുടുംബമായിരുന്നു. പക്ഷെ, വിധി പരീക്ഷണവുമായി മുന്നിൽ നിന്നതോടെ ഭർത്താവ് ഗുരുതരമായ അസുഖം ബാധിച്ച് കിടപ്പിലായി. വൈകാതെ ജോലി നഷ്ടപ്പെട്ടു. അതോടെ എല്ലാവരുടെയും വിസ കാലാവധിയും തീർന്നു. താമസ്ഥലത്തുനിന്ന് ഇറക്കിവിടേണ്ട അതിദയനീയമായ അവസ്ഥയിലാണ് കുടുംബം. ഫ്ലാറ്റിലെ വൈദ്യുതി ബന്ധം ഇതിനകം വിച്ഛേദിച്ചുകഴിഞ്ഞു. വിശപ്പടക്കുന്നത് ക്ഷേത്രത്തിൽനിന്ന് കിട്ടുന്ന അന്നം കൊണ്ടാണ്. വിഷുദിനത്തിൽ ആ കുടുംബത്തിന് ഒരു നേരത്തെ ആഹാരം നൽകിയാൽ അത്രയും ആശ്വാസമാകും. സുഹൃത്ത് ഇത്രയും പറഞ്ഞവസാനിപ്പിച്ചതോടെ മനസ്സിൽ വല്ലാത്ത വിഷമം തോന്നി.
ആ സംസാരം മുറിഞ്ഞ ഉടനെ അപ്രതീക്ഷിതമായി അടുത്ത കോൾ വന്നത് ദുബൈയിലെ പ്രമുഖ റസ്റ്റാറന്റിൽ നിന്നായിരുന്നു. വിഷു സദ്യയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് വീട്ടിലേക്ക് സദ്യ അയക്കാമെന്നായിരുന്നു വാഗ്ദാനം. ഞാൻ പറഞ്ഞു വേണ്ട. പകരം ഞാൻ തരുന്ന മേൽവിലാസത്തിൽ നൽകിയാൽ മതി. അങ്ങനെ റസ്റ്റാറന്റുകാർ ആ കുടുംബത്തിന് സദ്യ എത്തിച്ചു. ഒപ്പം ഒരു പൊതി ചോറ് എനിക്കും കിട്ടി. വേനൽ കടുത്ത സമയമായിരുന്നു. ഡെലിവറി ബോയ് ആ ഫ്ലാറ്റിൽ എത്തുമ്പോൾ അവിടെ വൈദ്യുതിയുണ്ടായിരുന്നില്ല. അയാൾ വിവരം റസ്റ്റാറന്റ് ഉടമയെ അറിയിച്ചു. അദ്ദേഹം ഉടൻ എന്നെ വിളിച്ച് ആ കുടുംബത്തിനുള്ള ഒരു മാസത്തെ വാടകയും ഒരു മാസത്തേക്കുള്ള ഭക്ഷണവും നൽകാമെന്നേറ്റു. വിവരം അറിയിക്കാനായി ഞാൻ ആ വീട്ടമ്മയെ വിളിച്ച് ഇക്കാര്യം അറിയിക്കുന്നതിനൊപ്പം ഒരു കാര്യം കൂടി പറഞ്ഞു. ഇനിയും ഈ രീതിയിൽ ഇവിടെ തുടരുന്നത് സുരക്ഷിതമല്ല. നാട്ടിലേക്ക് പോകണം. പൊതുമാപ്പ് നേടിയാൽ നാട്ടിലെത്താൻ വലിയ പ്രയാസമുണ്ടാകില്ല. പക്ഷെ, അവർ അതിന് തയാറായിരുന്നില്ല.
കർണാടകയിലാണ് സ്വദേശം. നാട്ടിൽ കാര്യമായി ബന്ധുക്കളെന്ന് പറയാൻ ആരുമില്ല. എങ്കിൽ കേരളത്തിലേക്ക് പോകാൻ ആവശ്യപ്പെട്ടു. വിദ്യാഭ്യാസമുള്ളതിനാൽ എന്തെങ്കിലും ജോലി തരപ്പെടാൻ കേരളത്തിൽ വലിയ പ്രയാസമുണ്ടാകില്ലെന്ന് പറഞ്ഞു. എന്നാൽ, അവർ പ്രവാസം അവസാനിപ്പിക്കാൻ തയാറായിരുന്നില്ല.പിന്നീട് പലപ്പോഴായി ഫോണിൽ മെസേജുകൾ അയച്ചിരുന്നെങ്കിലും മറുപടി നൽകാൻ കഴിഞ്ഞില്ല. വർഷങ്ങൾക്കു ശേഷം രേണുക വീണ്ടും വിളിച്ചു. അന്ന് അവരുടെ ശബ്ദത്തിൽ വലിയ ആത്മവിശ്വാസം പ്രകടമായിരുന്നു. മകളുടെ ബിരുദ പഠനം പൂർത്തിയാവുകയാണെന്നും ഒരു ജോലി തരപ്പെടുത്തി നൽകാമോ എന്നും ചോദിച്ചു. രേണുകക്കും ചെറിയ ഒരു ജോലി തരപ്പെട്ടതിനാൽ ജീവിതം വീണ്ടും പ്രതീക്ഷയുടെ ട്രാക്കിലാണെന്നും പറഞ്ഞു. എല്ലാം നഷ്ടപ്പെട്ടുവെന്ന് കരുതിയ ഇടത്തു നിന്ന് അതിജീവിക്കാൻ ആ വീട്ടമ്മ കാണിച്ച നിശ്ചയദാർഢ്യം തന്നെ അത്ഭുതപ്പെടുത്തി. ചില നേരങ്ങളിൽ ഒരു ആശ്വാസവാക്ക് മതിയാകും ചിലർക്ക് ജീവിതം തിരികെ പിടിക്കാൻ. പ്രവാസ ലോകത്ത് ചേർത്തുപിടിക്കലുകൾക്ക് അത്രമേൽ പ്രാധാന്യമുണ്ടെന്ന് തന്നെ കൂടി ഓർമപ്പെടുത്തിയ അനുഭവമായിരുന്നു അത്.
പ്രതീക്ഷകളുടെ പാരാവാരമായിരുന്ന പ്രവാസം ഇന്ന് മലയാളിക്ക് ആത്മഹത്യമുനമ്പായി മാറിയിരിക്കുകയാണ്. ജോലി ഭാരത്തേക്കാൾ ഒറ്റപ്പെടലുകളുടെ ആത്മസംഘർഷങ്ങളും ഗാർഹിക പീഡനങ്ങളുമാണ് ആത്മഹത്യകളിലേക്ക് നയിക്കപ്പെടുന്നതെന്നാണ് വിലയിരുത്തൽ. വെട്ടിപ്പിടിക്കാനുള്ള നെട്ടോട്ടത്തിൽ പരസ്പരം ചേർത്തുപിടിക്കാനും തണലാകാനും മറന്നുപോയതാണ് പ്രവാസം ദുരന്തപര്യവസാനമായി മാറാനുള്ള കാരണം. സമാധാനിപ്പിക്കുന്ന ഒരു വാക്കോ പുഞ്ചിരിയോ മതിയാകും നഷ്ടപ്പെട്ട ജീവിതം തിരികെ പിടിക്കാൻ. ചേർത്തുപിടിക്കലുകളുടെ അത്തരം കഥകൾ പറഞ്ഞ് നമുക്ക് പരസ്പരം ആശ്വാസമാകാം. അത്തരം അനുഭവ കഥകൾ ‘ഗൾഫ് മാധ്യമ’ത്തിലൂടെ പങ്കുവെക്കാനാഗ്രഹിക്കുന്നവർക്ക് 0556699188 എന്ന വാട്സ് ആപ് നമ്പറിലോ www.dubai@gulfmadhyamam.net എന്ന ഇ-മെയിൽ വിലാസത്തിലോ അയക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

