റാസല്‍ഖൈമയില്‍ വാടകനിരക്ക് ഉയരുന്നു
text_fieldsറാസല്‍ഖൈമ: എമിറേറ്റില്‍ വിനോദ വ്യവസായ രംഗത്തെ കുതിപ്പ് താമസ കേന്ദ്രങ്ങളിലെ വാടക നിരക്കിലും പ്രതിഫലിക്കുന്നു. സാധാരണക്കാര്‍ക്ക് താങ്ങാവുന്ന നിരക്കില്‍ എളുപ്പത്തില്‍ താമസ സ്ഥലം കണ്ടെത്താന്‍ കഴിഞ്ഞിരുന്ന റാസല്‍ഖൈമയിലെ സാഹചര്യം മാറുകയാണ്.
മനസ്സിനിണങ്ങിയ താമസസ്ഥലം കൂടിയ വാടക നല്കാന് തയാറായാലും ലഭിക്കാത്ത അവസ്ഥയുമുണ്ട്. വിവിധ കേന്ദ്രങ്ങളിലെ നിര്‍മാണ പ്രവൃത്തികള്‍ക്കായി തൊഴിലാളികളും പ്രഫഷനലുകളും ധാരാളമായി റാസല്ഖൈമയിലെത്തിയതാണ് താമസ കേന്ദ്രങ്ങളുടെ ആവശ്യകത ഉയര്‍ത്തിയത്. നേരത്തേ കുടുംബങ്ങള്‍ക്ക് കുറഞ്ഞ നിരക്കില്‍ ലഭ്യമായിരുന്ന വില്ലകളും താമസ കേന്ദ്രങ്ങളും നിര്‍മാണ കമ്പനികള്‍ അവരുടെ തൊഴിലാളികള്‍ക്കും ജീവനക്കാര്‍ക്കുമായി ഏറ്റെടുത്തത് ഈ രംഗത്തെ നിക്ഷേപകര്‍ക്ക് നേട്ടമാവുകയും ചെയ്തു.
14,000-18,000 ദിര്‍ഹം മാത്രം വാര്‍ഷിക വാടകയുണ്ടായിരുന്ന പഴയ താമസ കേന്ദ്രങ്ങളുടെ നിരക്ക് നിലവില്‍ 22,000 - 25,000 ദിര്‍ഹമാണ്. പുതിയ കെട്ടിടങ്ങളില്‍ സ്റ്റുഡിയോ ഫ്ലാറ്റിന് 15,000 - 25,000 ദിര്‍ഹം, ഒരു ബെഡ് റൂം ഹാളിന് 22,000-35,000, രണ്ട് ബെഡ് റൂം 30,000 -45,000, മൂന്ന് ബെഡ്റൂം 38,000- 60,000, വില്ല 55,000-90,000, ലക്ഷ്വറി പ്രോപ്പര്‍ട്ടികള്‍ക്ക് 100,000 ദിര്‍ഹം മുതല്‍ എന്നിങ്ങനെയാണ് പ്രദേശങ്ങളുടെ പ്രാധാന്യം അനുസരിച്ച നിലവില്‍ റാസല്‍ഖൈമയിലെ വാടക നിരക്കുകള്‍.
കഴിഞ്ഞ വര്‍ഷം റാസല്‍ഖൈമ റിയല്‍ എസ്റ്റേറ്റ് വിപണി ശക്തമായ വളര്‍ച്ച രേഖപ്പെടുത്തിയതായാണ് ബയുത്ത് റിപ്പോര്‍ട്ട്. ലക്ഷ്വറി പ്രോപ്പര്‍ട്ടികള്‍, ബ്രാന്‍ഡഡ് റെസിഡന്‍സുകള്‍, വാട്ടര്‍ഫ്രണ്ട് വികസനം തുടങ്ങിയവ കേന്ദ്രീകരിച്ച് ഉയര്‍ന്ന മൂലധന വര്‍ധനയും മികച്ച വാടക വരുമാനവും ലക്ഷ്യമിട്ട് വന്ന നിക്ഷേപമാണ് റിയല്‍ എസ്റ്റേറ്റ് മേഖലക്ക് കരുത്തായത്. അപ്പാർട്മെന്റ് വാടക 14.5ഉം വില്ല വാടക 11.3 ശതമാനവും വര്‍ധിച്ചപ്പോള്‍ അപ്പാർട്മെന്റ് വില്പന 30.4ഉം വില്ല വില്പന 41.9ഉം ശതമാനം വര്‍ധിച്ചതായും ബയുത്ത് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

