ഷാർജയിൽ വാടക സേവനങ്ങൾ ഇനി എളുപ്പം
text_fieldsഷാർജ: എമിറേറ്റിൽ വാടകയുമായി ബന്ധപ്പെട്ട സേവനങ്ങൾ എളുപ്പത്തിൽ പൂർത്തിയാക്കുന്നതിന് ഡിജിറ്റൽ സംവിധാനം. ‘അഖാരി’ എന്ന പേരിലാണ് റിയൽ എസ്റ്റേറ്റ് സേവനങ്ങൾ എളുപ്പമാക്കാൻ സംയോജിത ഡിജിറ്റൽ പ്ലാറ്റ്ഫോം രൂപപ്പെടുത്തിയത്. നടപടിക്രമങ്ങൾ ഏഴിൽനിന്ന് മൂന്നായി കുറക്കുന്നതും ഡിപ്പാർട്മെന്റുകൾ നേരിട്ട് സന്ദർശിക്കാതെ തന്നെ നടപടികൾ പൂർത്തിയാക്കാൻ സഹായിക്കുന്നതുമാണ് പുതിയ സംവിധാനം. നേരത്തെയുള്ള രീതിയിൽ അഞ്ച് സന്ദർശനങ്ങൾ വേണ്ടിവന്നിരുന്നു. ആദ്യഘട്ടത്തിൽ 90ലധികം കമ്പനികൾ സംവിധാനത്തിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്. കൂടാതെ 4,791ലധികം പ്രോപ്പർട്ടികളും പ്ലാറ്റ്ഫോമിൽ ലിസ്റ്റ് ചെയ്തിട്ടുണ്ട്.
പ്ലാറ്റ്ഫോമിന്റെ ഫലപ്രദമായ ഉപയോഗം ഉറപ്പാക്കുന്നതിന് നൂറിനടുത്ത് പരിശീലന ശിൽപശാലകൾ സംഘടിപ്പിച്ച് 240ലധികം പേരെ പ്രവർത്തനസജ്ജമാക്കിയിട്ടുണ്ട്. ഷാർജ ഡിജിറ്റൽ പ്ലാറ്റ്ഫോമിന് കീഴിലുള്ള ഒരു ഗേറ്റ്വേ ആയിട്ടാണ് ‘അഖാരി’ രൂപപ്പെടുത്തിയത്. റിയൽ എസ്റ്റേറ്റ് സേവനങ്ങൾ ഡിജിറ്റലൈസ് ചെയ്യാനും ലളിതമാക്കാനും താമസക്കാർക്കും ബിസിനസുകൾക്കും കൂടുതൽ മികച്ച അനുഭവം നൽകാനുമാണ് പ്ലാറ്റ്ഫോം ലക്ഷ്യമിടുന്നത്. ഇതിലൂടെ ഷാർജയിലെ റിയൽ എസ്റ്റേറ്റ് രംഗം കൂടുതൽ സുതാര്യമാവുകയും എളുപ്പത്തിൽ പ്രാപ്യമാവുകയും ചെയ്യും. ‘അഖാരി’ പ്ലാറ്റ്ഫോം 20ലധികം പ്രാദേശിക, ഫെഡറൽ സ്ഥാപനങ്ങളുമായി ബന്ധിപ്പിച്ചിട്ടുണ്ട്.
റിയൽ എസ്റ്റേറ്റ് ഇടപാടുകളെക്കുറിച്ചുള്ള ഏറ്റവും പുതിയ അപ്ഡേറ്റുകളുമായി അറിയിപ്പുകളും പ്ലാറ്റ്ഫോമിൽ ലഭിക്കും. റിയൽ എസ്റ്റേറ്റ് മേഖലയുടെ ഡിജിറ്റൽ പരിവർത്തനത്തിലെ നിർണായക മുന്നേറ്റമാണ് ‘അഖാരി’ പ്ലാറ്റ്ഫോമിന്റെ തുടക്കമെന്ന് പദ്ധതിയുടെ വൈസ് പ്രസിഡന്റായ അബ്ദുല്ല അൽ നാഖി പറഞ്ഞു. താമസക്കാരുടെ ജീവിതം ലളിതമാക്കുന്നതിനും സജീവമായ ബിസിനസ്, നിക്ഷേപ അന്തരീക്ഷം സൃഷ്ടിക്കുന്നതിനും ലക്ഷ്യമിട്ട് നൂതന ഡിജിറ്റൽ സർക്കാർ സേവനങ്ങൾ രൂപപ്പെടുത്താനുള്ള ഷാർജയുടെ നയവുമായി സംരംഭം ചേർന്നുനിൽക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

