ഷാർജയിൽ തീയണക്കാൻ പണം ഇൗടാക്കും
text_fieldsഷാര്‍ജ: വ്യവസായ-, വാണിജ്യ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ ജാഗ്രത പാലിക്കുക. സുരക്ഷാമാനദണ്ഡങ്ങള്‍ പാലിക്കാതെയാണ് സ്ഥാപനത്തില്‍ തീപിടിത്തം നടന്നതെങ്കില്‍ തീ അണക്കാന്‍ വേണ്ടി വരുന്ന എല്ലാവിധ ചെലവുകളും ഉടമ വഹിക്കേണ്ടി വരുമെന്ന് ഷാര്‍ജ സിവില്‍ ഡിഫൻസ് ഡയറക്ടര്‍ കേണല്‍ സാമി ആല്‍ നഖ്്ബി പറഞ്ഞു. 2017ലെ മന്ത്രിതല പ്രമേയത്തിെൻറ 231ാം വകുപ്പനുസരിച്ചാണ് ഈ നടപടി. നിലവിലെ സാഹചര്യവും വ്യാവസായിക മേഖലകളുടെ വലുപ്പവും കണക്കിലെടുത്താണ് പ്രസ്തുത നിയമം ഷാര്‍ജയില്‍ നടപ്പാക്കാന്‍ തീരുമാനിച്ചതെന്ന് അദ്ദേഹം വ്യക്തമാക്കി.
പോയവാരം തീപിടിത്തം നടന്ന ഒരു കമ്പനിയോട് തീ അണക്കാനുള്ള പണം അടക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. വേനല്‍കാലത്ത് നിരന്തരമായി സംഭവിക്കുന്ന തീപിടിത്തങ്ങള്‍ വന്‍ തലവേദന ആയതിനെ തുടര്‍ന്നാണ് ശക്തമായ നടപടികള്‍ കൈകൊള്ളുന്നതെന്നും ഇതുമായി ബന്ധപ്പെട്ട മുന്നറിയിപ്പ് മുന്‍ വര്‍ഷങ്ങളില്‍ നല്‍കിയതാണെന്നും നടപ്പ് വര്‍ഷമാണ് അത് പ്രാബല്യത്തില്‍ വരുത്തുന്നതെന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു.
സുരക്ഷാപാളിച്ചകളാണ് തീപിടിക്കാന്‍ കാരണമായതെന്ന് തെളിഞ്ഞാല്‍ തീ അണക്കാനുള്ള ചെലവും നിയമലംഘിച്ചതിനുള്ള പിഴയും സ്ഥാപന ഉടമ വഹിക്കേണ്ടി വരും. നിയമം ലംഘിച്ചതായി തെളിഞ്ഞാല്‍ അര ലക്ഷം ദിര്‍ഹം വരെ പിഴ ചുമത്തും. തീയണക്കാനെടുത്ത സമയം, രക്ഷാപ്രവര്‍ത്തനത്തിലെ ഉദ്യോഗസ്ഥരുടെ എണ്ണം, ഉപയോഗിച്ച വസ്തുക്കള്‍, ജോലിക്കാര്‍ എന്നിവ കണക്കിലെടുത്താണ് ചെലവ് നിശ്ചയിക്കുക.
പരിശോധന
തീപിടിത്തം നടക്കുന്ന സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ച് ശാസ്ത്രീയമായ പരിശോധനകള്‍ നടക്കും. തീ അണക്കാനുള്ള ഉപകരണങ്ങള്‍, അത്യാഹിതങ്ങള്‍ നടക്കുമ്പോള്‍ രക്ഷാപ്പെടാനുള്ള വാതിലുകള്‍, വൈദ്യുത സംവിധാനം തുടങ്ങിയവ കൃത്യമാണോയെന്ന് അധികൃതര്‍ പരിശോധിച്ച് ഉറപ്പ് വരുത്തും.
പുറമെ തൊഴില്‍ ശാലകളില്‍ തൊഴിലാളികള്‍ താമസിക്കുന്നത് നിയമവിരുദ്ധമാണ്. തൊഴിലാളികള്‍ താമസിക്കുന്നത് കണ്ടത്തെിയാലും നടപടിയുണ്ടാകും.
ലൈസന്‍സ് നടപടിക്രമങ്ങള്‍
കമ്പനികള്‍ ലൈസന്‍സ് കരസ്ഥമാക്കാന്‍ സിവില്‍ഡിഫന്‍സിനെ സമീപിച്ചിരിക്കണമെന്നാണ് വ്യവസ്ഥ. സ്ഥാപനത്തിെൻറ രൂപരേഖയും ഹാജരാക്കണം. സുരക്ഷാമാനദണ്ഡങ്ങളുടെ ഘടനയും അത്യാഹിതങ്ങള്‍ നടക്കുമ്പോള്‍ രക്ഷാപ്പെടാനുള്ള മുന്‍കരുതലുകളും രേഖയില്‍ കൃത്യമായി കാണിച്ചിരിക്കണം.
അപേക്ഷ കിട്ടിയതിന് ശേഷം സിവില്‍ഡിഫന്‍സ് ഉദ്യോഗസ്ഥര്‍ സ്ഥാപനത്തില്‍ എത്തി പരിശോധന നടത്തും. ചട്ടങ്ങള്‍ കൃത്യമായി പാലിച്ചെന്ന് ഉറപ്പ് വരുത്തിയതിന് ശേഷം മാത്രമെ അനുമതി ലഭിക്കുകയുള്ളു.തീ അണക്കാന്‍ വകുപ്പുകളുടെ കൂട്ടായ്മ തീപിടിത്തം ഷാര്‍ജക്ക് നിരന്തരമായി തലവേദന സൃഷ്ടിക്കുന്നത് പരമാവധി ഒഴിവാക്കാന്‍ സിവില്‍ഡിഫന്‍സ് വിഭാഗം ഇതര സര്‍ക്കാര്‍ സ്ഥാപനങ്ങളുമായി കൈകോര്‍ക്കും. ശക്തമായ നിയമ നടപടികള്‍ കൈകൊള്ളുന്നതിെൻറ മുന്നോടിയായിട്ടാണ് ഇതിന് തുടക്കമിട്ടിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ അവലോകനം ചെയ്യാന്‍ നഗരസഭ, ജല- വൈദ്യുത വിഭാഗം, സാമ്പത്തിക കാര്യ വിഭാഗം എന്നിവയുടെ സംയുക്ത യോഗവും നടന്നു.
തീപിടിക്കുന്നത് സുരക്ഷ വീഴ്ച്ച മൂലം
നിരന്തരമായി തീ പിടിത്തങ്ങള്‍ നടക്കുന്നത് സുരക്ഷാവീഴ്ച്ച മൂലമെന്ന് അധികൃതര്‍ പറഞ്ഞു. വൈദ്യുതി കണക്ഷനുകളുടെ അപര്യാപ്തതയും കേട് വന്ന സാമഗ്രികളും തീക്ക് മൂലഹേതുവാണ്. ഒരു ഉപകരണത്തിലേക്ക് പോകുന്ന കേബിളില്‍ നിന്ന് മറ്റ് ഉപകരണങ്ങളിലേക്ക് വൈദ്യുതി എത്തിക്കുന്ന പ്രവണതയും സ്ഥാപനങ്ങളിലെ കാഴ്ച്ചകളാണ്. നിയമങ്ങളുടെ മേലുള്ള അവഗണനയാണ് ഇത്തരം കാര്യങ്ങളെല്ലാം.
ഇന്‍ഷൂറന്‍സ് സിവില്‍ ഡിഫന്‍സിെൻറ അനുമതിയില്ലാതെ ഏതെങ്കിലും ബിസിനസിനായി ഇന്‍ഷുറന്‍സ് സേവനങ്ങള്‍ പ്രോസസ് ചെയ്യാന്‍ ഇന്‍ഷുറന്‍സ് കമ്പനികളെ അനുവദിച്ചിട്ടില്ല. ഈ നിയമം ലംഘിച്ചാല്‍ അപകടങ്ങളുടെ കാര്യത്തില്‍ വരുന്ന എല്ലാ ഉത്തരവാദിത്തങ്ങളും ചുമലില്‍ വഹിക്കാന്‍ ഇന്‍ഷുറന്‍സ് കമ്പനി നിര്‍ബന്ധിതമാകും.
അവബോധം
തീ പിടിത്തം പൂര്‍ണമായും ഒഴിവാക്കുവാനുള്ള നിരവധി ഉദ്ബോധന പ്രവര്‍ത്തനങ്ങളാണ് മുന്‍ വര്‍ഷങ്ങളെ പോലെ നടപ്പ് വര്‍ഷവും സിവില്‍ഡിഫന്‍സ് നടത്തി വരുന്നത്. ഉടമകള്‍, തൊഴിലാളികള്‍ എന്നിവരെയെല്ലാം ഇതില്‍ പങ്കെടുപ്പിക്കുന്നു. വിദ്യാര്‍ഥികള്‍, മാളുകളിലെത്തുന്നവർ, പെട്രോൾ പമ്പിലെയും ഹോട്ടലുകളിലെയും ജീവനക്കാര്‍ എന്നിവരെ കേന്ദ്രീകരിച്ചുള്ള അവബോധ പരിപാടികളാണ് നടന്ന് വരുന്നതെന്ന് അധികൃതര്‍ പറഞ്ഞു.